യുഡിഎഫ് വയനാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനെ ചൊല്ലി കോൺഗ്രസ് നേതാക്കൾ തമ്മിൽ വാക്കുതർക്കം. കെ പി സി സി നിർവാഹക സമിതി അംഗം എൻ.കെ അബ്ദുറഹിമാനും കാരശ്ശേരി മണ്ഡലം പ്രസിഡന്റും തമ്മിലാണ് പരസ്യമായി വാക്കേറ്റവും തെറി വിളിയും നടന്നത്.
തിരുവമ്പാടി മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള പുതിയ പ്രശ്നങ്ങളും പുറത്തുവന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു കെ പി സി സി നിർവാഹക സമിതി അംഗം എൻ.കെ അബ്ദുറഹിമാനും കാരശ്ശേരി മണ്ഡലം നേതാക്കളും തമ്മിൽ തെരഞ്ഞെടുപ്പ് ഓഫീസ് സംബന്ധിച്ച് വാക്കേറ്റം ഉണ്ടായത്.
Also Read: ‘ഞാൻ നിഷ്കളങ്കനാണ്’ വി ഡി സതീശന് മറുപടിയുമായി സുധാകരൻ; കോൺഗ്രസിനുള്ളിലെ ഭിന്നത വീണ്ടും പുറത്ത്
പ്രിയദർശിനി ഓഫീസിൻ്റെ പൂട്ട് പൊളിച്ച് ഫർണീച്ചർ എടുക്കാനെത്തിയ എൻ കെ അബ്ദുറഹ്മാനെ മണ്ഡലം നേതാക്കളുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം വിവാദമായപ്പോൾ ഓഫീസ് നവീകരണത്തിന്റെ ഭാഗമായി ഫർണിച്ചറുകൾ മാറ്റുകയാണ് താൻ ചെയ്തതെന്നായിരുന്നു അബ്ദുറഹ്മാന്റെ വാദം. എന്നാൽ ആ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ഡലം നേതാക്കളും കെപിസിസി നിർവാഹക സമിതി അംഗവും തമ്മിൽ പരസ്യമായി കലഹിക്കുകയും തെറിവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഓഫീസിന്റെ അറ്റകുറ്റപ്പണികൾ നടത്തിയത് താനാണെന്നും തന്റെ അനുവാദമില്ലാതെ ഓഫീസ് പ്രവർത്തിക്കരുത് എന്നുമാണ് അബ്ദുറഹ്മാൻ വീഡിയോ ദൃശ്യങ്ങളിൽ പറയുന്നത്. ഈ വാദങ്ങളാണ് നേതാക്കളെ ചൊടിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here