പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മൾട്ടിപ്ലക്‌സ് തിയറ്റർ ശൃംഖല പി.വി.ആർ സിനിമാസും തമ്മിലുള്ള തർക്കം പൂർണ്ണമായും പരിഹരിച്ചു. തർക്കം നിലനിന്നിരുന്ന കൊച്ചി ഫോറം മാളിലെ സ്ക്രീനിലും, കോഴിക്കോടിലെ പിവിആർ സ്ക്രീനുകളിലും മലയാള സിനിമകൾ റിലീസ് ചെയ്യും. ഇരുകൂട്ടർക്കും അംഗീകരിക്കാൻ കഴിയുന്ന ധാരണയിലാണ് പ്രശ്നം ഒത്തുതീർപ്പായതെന്ന് ചർച്ചയ്ക്കുശേഷം നിർമ്മാതാക്കൾ പറഞ്ഞു.
ഈ മാസം 11നായിരുന്നു രാജ്യത്തെമ്പാടുമുള്ള തങ്ങളുടെ സ്‌ക്രീനുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് പി.വി.ആർ അറിയിച്ചത്. ഇതോടെ സമീപ കാലത്ത് റിലീസ് ചെയ്ത മലയാള സിനിമകളൊന്നും പ്രദർശിപ്പിച്ചിരുന്നില്ല. കഴിഞ്ഞ ആഴ്ച ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിയുടെ മധ്യസ്ഥതയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പിവിആർ സിനിമാസും നടത്തിയ ചർച്ചയ്ക്ക് ശേഷം കൊച്ചി ഫോറും മാളിലെ സ്ക്രീനിലും കോഴിക്കോടുള്ള മാളുകളിലെ സ്ക്രീകളിലും ഒഴികെ മലയാള സിനിമ പ്രദർശനം ആരംഭിച്ചിരുന്നു.
പിവിആർ സിനിമാസ് പ്രതിനിധികളും നിർമ്മാതാക്കളും ഇന്ന് നടത്തിയ ചർച്ചക്കൊടുവിലാണ് കൊച്ചി ഫോറം മാളിലും കോഴിക്കോടുള്ള പിവിആർ സ്ക്രീനുകളിലും സിനിമ പ്രദർശിപ്പിക്കാൻ ധാരണയായത്. സിനിമ പ്രദർശിപ്പിക്കാൻ നിർമ്മാതാക്കളിൽ നിന്ന് ഈടാക്കുന്ന വെർച്വൽ പ്രിൻ്റ് ഫീയെ ചൊല്ലിയായിരുന്നു തർക്കം ഉടലെടുത്തിരുന്നത്. തർക്കം ഏറെക്കുറെ പരിഹരിച്ച പശ്ചാത്തലത്തിലാണ്, പി വി ആറിന്റെ എല്ലാ സ്ക്രീനുകളിലും മലയാള സിനിമ പ്രദർശിപ്പിക്കാം എന്ന തീരുമാനത്തിലെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here