വയനാട്ടിൽ ബത്തേരി അർബൻ ബാങ്ക് തെരെഞ്ഞെടുപ്പിൽ കെ സുധാകരന്റെ നിർദ്ദേശം തള്ളിയവർക്കെതിരെ നടപടിയെടുത്തത് ജില്ലാ കോൺഗ്രസിൽ വിവാദമാവുന്നു.വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ഔദ്യോഗിക സ്ഥാനാർത്ഥിയെ നേതാക്കളുടെ പിന്തുണയോടെ ഡയറക്ടർമ്മാർ തോൽപ്പിച്ചിരുന്നു. മത്സരിച്ച കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ ഉൾപ്പെടെ 3 പേരെ ആറ് വർഷത്തേക്കാണ് പുറത്താക്കിയത്.
ALSO READ:സംസ്ഥാനത്ത് മഴക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തെരെഞ്ഞെടുക്കപ്പെട്ട വൈസ് ചെയർമാൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് നടപടി.
കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ തീരുമാനിച്ച വൈസ് ചെയർമാൻ സ്ഥാനാർഥി ശ്രീജി ജോസഫിനെ ഐ സി ബാലകൃഷ്‌ണൻ വിഭാഗം വി ജെ തോമസിനെ സ്ഥാനാർഥിയാക്കി നാലിനെതിരെ 9 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. തന്റെ സ്ഥാനാർഥിയെ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതിൽ രോഷത്തിലായ എൻ ഡി അപ്പച്ചൻ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വി ജെ തോമസിനെയും പേര് നിർദേശിച്ച മീനങ്ങാടി പഞ്ചായത്തംഗം കൂടിയായ ബേബി വർഗീസിനെയും പിന്താങ്ങിയ സി റഷീദിനെയും പാർടിയിൽ നിന്ന് ആറുവർഷത്തേക്ക് പുറത്താക്കിയ വാർത്താക്കുറിപ്പ് പുറത്തിറക്കി.
വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ നേരത്തേ ചെയർമാനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഡി പി രാജശേഖരനും അപ്പച്ചന്റെ സ്ഥാനാർഥിക്കെതിരെയാണ് വോട്ട് ചെയ്‌തത്. ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചനെയും മുൻ ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്‌ണനെയും അനുകൂലിക്കുന്ന നേതാക്കളും പ്രവർത്തകരുമാണ് മാസങ്ങളായി ജില്ലയിലെ കോൺഗ്രസിൽ പരസ്യമായ ഗ്രൂപ്പ് പ്രവർത്തനം നടത്തുന്നത്.
അർബൻ ബാങ്ക് തെരഞ്ഞെടുപ്പിൽ നേതാക്കൾ തമ്മിലെ തർക്കം കൈയാങ്കളിയിലേക്ക് നീളുമെന്നായതോടെ കെ പി സി സി നേതൃത്വം നേരിട്ട് ഇടപെട്ടാണ് ബാങ്ക് ഭരണസമിതിയിൽ താൽക്കാലിക ഒത്തുതീർപ്പുണ്ടാക്കിയത്. തെരഞ്ഞെടുപ്പിൽ വിജയിച്ച് പുതിയ ചെയർമാനെയും വൈസ് ചെയർമാനെയും തെരഞ്ഞെടുക്കുന്ന ഘട്ടത്തിലാണ് ഗ്രൂപ്പുപോരും നേതാക്കൾ തമ്മിലെ വിദ്വേഷവും മറനീക്കി പുറത്തായത്.
ALSO READ:ഞാൻ മഹാരാജാസിൽ പഠിച്ചിട്ടില്ല, സർക്കാർ ഉദ്യോഗസ്ഥനല്ല: തെറ്റായ വാർത്തകൾ തിരുത്തി വിനായകൻ രംഗത്ത്
സംഭവം ജില്ലാ കോൺഗ്രസിൽ നിലനിൽക്കുന്ന ഭിന്നത അതി രൂക്ഷമാക്കിയിരിക്കുകയാണ്.പുൽപ്പള്ളി ബാങ്ക് അഴിമതി,പുൽപ്പള്ളി മണ്ഡലം കമ്മിറ്റി ഭൂമി വിവാദം,തുടങ്ങി ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കളടക്കം വിവാദങ്ങളിൽപ്പെട്ടിരിക്കുമ്പോഴാണ് ഗ്രൂപ്പ് തമ്മിലടിയും നടപടിയുമെല്ലാം ഡി സി സിയിൽ പുകയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here