മസൂദി മുതല്‍ രാഹുല്‍ വരെ, മലയാളിയായ ലില്ലി തോമസ് കാരണം വീണ വന്‍മരങ്ങള്‍

അര്‍.രാഹുല്‍

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8 (4) വകുപ്പ് പ്രകാരം ക്രിമിനല്‍ കേസ്സുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഉടനടി അയോഗ്യതയില്‍ നിന്നും ജനപ്രതിനിധികള്‍ക്ക് പരിരക്ഷ ലഭിച്ചിരുന്നു. ക്രിമിനല്‍ കേസില്‍ രണ്ടോ അതില്‍ അധികമോ വര്‍ഷം ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ക്ക് ശിക്ഷ വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിന് മൂന്ന് മാസത്തെ സമയം ഈ വകുപ്പ് പ്രകാരം ഇളവ് അനുവദിച്ചിരുന്നു. ഈ മൂന്ന് മാസത്തിനിടയില്‍ തങ്ങള്‍ക്കെതിരായ വിധിയില്‍ അപ്പീല്‍ നല്‍കി മേല്‍ക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചാല്‍ അയോഗ്യതയില്‍ നിന്ന് താല്‍കാലികമായി രക്ഷപെടാനുള്ള അവസരവും ജനപ്രതിനിധികള്‍ക്കുണ്ടായിരുന്നു. ഈ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8 (4) പക്ഷെ 2013ല്‍ സുപ്രീം കോടതി എടുത്ത് കളഞ്ഞു. ഇതിന് കാരണക്കാരിയായി മാറിയത് ലില്ലി തോമസ് എന്ന മലയാളി അഭിഭാഷികയായിരുന്നു. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദ് ചെയ്തതിന് കാരണമായി ലോക്‌സഭാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാണിക്കുന്ന സുപ്രീം കോടതി വിധി ഈ മലയാളി അഭിഭാഷകയുടെ നിയമ പോരാട്ടത്തിന്റെ ഫലമായിരുന്നു.

സുപ്രീംകോടതിയുടെ വിധി

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8 (4) വകുപ്പ് ചോദ്യം ചെയ്യുന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി 2005ലാണ് ലില്ലി തോമസ് സുപ്രീം കോടതിയെ സമീപിക്കുന്നത്. 2013 ജൂലായ് 10 നാണ് സുപ്രീം കോടതി ഈ കേസില്‍ കേസില്‍ വിധി പ്രസ്താവിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ 8(4)ന്റെ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റിന് അധികാരമില്ലെന്നും അതനുസരിച്ച് 8(4) ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്നും കോടതി വിധിച്ചു. പാര്‍ലമെന്റിലോ സംസ്ഥാന നിയമസഭയിലോ ഉള്ള നിലവിലെ അഗം അംഗം പ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 8, അതിന്റെ ഉപവകുപ്പുകളായ (1), (2), (3) എന്നിവ പ്രകാരം എന്തെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ അവര്‍ തല്‍സ്ഥാനത്തു നിന്നും അയോഗ്യരാക്കപ്പെടും. ശിക്ഷിക്കപ്പെട്ട ഒരു പാര്‍ലമെന്റേറിയന്റെയോ നിയമസഭാംഗത്തിന്റെയോ അംഗത്വം മുമ്പത്തെപ്പോലെ സെക്ഷന്‍ 8 (4) പ്രകാരം സംരക്ഷിക്കപ്പെടില്ലെന്നും കോടതി വിധിയില്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് ജനപ്രാതിനിധ്യ നിയമത്തിലെ 8 (4 )വകുപ്പ് റദ്ദാക്കപ്പെടുന്നത്.

2013 ജൂലൈ 10ന് സുപ്രീം കോടതി വിധി പുറത്തു വന്നതിന് പിന്നാലെ ഈ വിധിയുടെ അടിസ്ഥാനത്തില്‍ ആദ്യമായി എംപി സ്ഥാനം നഷ്ടപ്പെടുന്നത് അന്നത്തെ കോണ്‍ഗ്രസ് രാജ്യസഭാ എംപിയായിരുന്ന റഷീദ് മസൂദിനാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള റഷീദ് മസൂദ് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയിലെ പ്രത്യേക പ്രതിനിധിയായിരുന്നു. 1990കളില്‍ വിപി സിംഗ് മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രിയായിരിക്കെ യോഗ്യതയില്ലാത്ത ചിലര്‍ക്ക് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റ് തരപ്പെടുത്താന്‍ ഇടപെട്ടെന്നതായിരുന്നു റഷീദിനെതിരായ കേസ്. ഈ കേസില്‍ 2013 ഒക്ടോബര്‍ 4ന് അദ്ദേഹത്തെ സിബിഐ പ്രത്യേക കോടതി നാലു വര്‍ഷത്തെ ശിക്ഷക്ക് വിധിച്ചു. ഇതോടെയാണ് റഷീദ് 2013 ജൂലൈ 10ലെ സുപ്രീം കോടതി വിധിപ്രകാരം പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്നും അയോഗ്യനാകുന്നത്.

കോടതി വിധിക്കെതിരെ ഡോ.മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നു

ജനപ്രാതിനിധ്യ നിയമത്തിലെ 8 (4) വകുപ്പ് റദ്ദാക്കിയസുപ്രീം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ 2013 സെപ്റ്റംബര്‍ 27 ന് ഈ ഓര്‍ഡിനന്‍സിനെതിരെ ദില്ലിയില്‍ നടന്ന ഒരു പത്ര സമ്മേളനത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന രാഹുല്‍ ഗാന്ധി തന്നെ രംഗത്തുവന്നു. പത്ര സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ് യുപിഎ സര്‍ക്കാരിനെയും പാര്‍ട്ടിയേയും രാഹുല്‍ കടന്നാക്രമിച്ചു.

‘രാഷ്ട്രീയ പാര്‍ട്ടികളും ഞാനും മറ്റ് രാഷ്ട്രീയ നേതാക്കാളും ഇത്തരത്തിലുള്ള വിട്ടുവീഴ്ചകള്‍ അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് എനിക്ക് ശരിക്കും തോന്നുന്നു. കാരണം ഈ രാജ്യത്തെ അഴിമതിക്കെതിരെ പോരാടണമെങ്കില്‍, ഈ ചെറിയ വിട്ടുവീഴ്ചകള്‍ തുടരാന്‍ കഴിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്യുന്ന കാര്യങ്ങളില്‍ എനിക്ക് താല്‍പ്പര്യമുണ്ട്, ഞങ്ങളുടെ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളില്‍ എനിക്ക് താല്‍പ്പര്യമുണ്ട്. ഈ ഓര്‍ഡിനന്‍സിനെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ സര്‍ക്കാര്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു’ എന്നായിരുന്നു ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

രാഹുല്‍ ഗാന്ധി തന്നെ ഓര്‍ഡിനന്‍സുമായി രംഗത്തെത്തിയതോടെ ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ അത് നിയമമാക്കാനുളള തീരുമാനത്തില്‍ നിന്നും പിന്‍മാറി. കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുന്നുവെന്ന വാര്‍ത്തകള്‍ വരുന്നതിനിടയില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ ലില്ലി തോമസ് പുന:പരിശോധനാ ഹര്‍ജി തയാറാക്കി വെച്ചിരുന്നെങ്കിലും രാഹുല്‍ ഗാന്ധി കാരണം അത് ചെയ്യേണ്ടി വന്നില്ല. ഒരു ദശകത്തിനിപ്പുറം തന്റെ സ്ഥാനം തന്നെ തെറിപ്പിക്കുന്ന ഒരു വിധിയായി ലില്ലി തോമസ് കേസിലെ കോടതി വിധി മാറും എന്ന് അന്നൊരു പക്ഷേ രാഹുല്‍ ചിന്തിച്ചിട്ടുണ്ടാവില്ല. അന്ന് ആ ഓര്‍ഡിനന്‍സ് നിയമമായിരുന്നെങ്കില്‍ സൂറത്ത് കേസ് വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം രാഹുലിന് തന്റെ എംപി സ്ഥാനം നഷ്ടമാകില്ലായിരുന്നു എന്നതാണ് ഏറ്റവും കൗതുകം.

റഷീദ് മസൂദ്, ലാലു പ്രസാദ് യാദവ് മുതല്‍ രാഹുല്‍ ഗാന്ധി വരെ

കോടതി ശിക്ഷിക്കപ്പെട്ട ശേഷം അയോഗ്യത കല്‍പിക്കപ്പെട്ട ആദ്യത്തെ ജനപ്രതിനിധി കോണ്‍ഗ്രസ് നേതാവ് റഷ്ദ് മസൂദിയാണെങ്കിലും അയോഗ്യത കാരണം ആദ്യമായി മത്സരിക്കാന്‍ കഴിയാത്ത തരത്തില്‍ ‘വിധി’ വിനയായത് ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവിനാണ്. ബീഹാറില്‍ നിന്നും ലോക്‌സഭാംഗമായിരിക്കെയാണ് ലാലു കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെടുന്നത്. തുടര്‍ന്ന് അദ്ദേഹം എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെടുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുകയും ചെയ്തു. 2014ല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 4 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്കും ഈ കോടതി വിധി ‘തലവിധിയായി’ മാറി. വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ ജയലളിത ജയില്‍വാസവും അനുഭവിച്ചിരുന്നു. പിന്നീട് 2015 മെയ് മാസത്തില്‍ കര്‍ണ്ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതിനെ തുടര്‍ന്ന് ജയലളിത വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തുകയായിരുന്നു.

സമാജ് വാദി പാര്‍ട്ടി എംഎല്‍എ അസം ഖാന്‍, ലക്ഷദ്വീപിലെ എന്‍സിപി എംപി പി.പി മുഹമ്മദ് ഫൈസല്‍. ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രകാശ് ചൗധരി, ഉന്നാവ് പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന കോടതി വിധിച്ച യുപിയിലെ ബിജെപി എംപി കുല്‍ദീപ് സിംഗ് സെനഗര്‍, ബിഹാറിലെ ആര്‍ജെഡി എംഎല്‍എ അനന്ത് സിംഗ്, ബിഹാറിലെ ആര്‍ജെഡി എംഎല്‍എ അനില്‍ കുമാര്‍ സാഹ്നി, മുസാഫര്‍നഗര്‍ കലാപക്കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ വിക്രം സിംഗ് സാഹ്നി എന്നിവരെല്ലാം 2013 ലെ ലില്ലി തോമസ് കേസിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിക്ക് മുമ്പ് ജനപ്രതിനിധി സ്ഥാനത്ത് നിന്നും അയോഗ്യത ലഭിച്ചവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News