കേരളത്തോടുള്ള കടുത്ത അവഗണനയുടെ തുടര്‍ച്ചയായി രാജ്യത്ത് പുതുതായി 157 നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിന് വേണ്ടി ഒന്നുപോലും അനുവദിക്കാതിരിക്കുകയാണ് യൂണിയന്‍ സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.
ലോകത്തെ വിവിധ രാജ്യങ്ങളിലെയും ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിലെയും ഏറ്റവും പ്രധാനപ്പെട്ട ആശുപത്രികളില്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരുടെ സംഭാവന വളരെ വലുതാണ് എന്നിട്ടും 15,700 പുതിയ നഴ്‌സിംഗ് സീറ്റുകള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ ഒരൊറ്റ സീറ്റ് പോലും അനുവദിക്കാതെ ആതുരസേവന മേഖലയില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ കേരളത്തെ അവഗണിച്ച നടപടി കടുത്ത നീതി നിഷേധവും പ്രതിഷേധാര്‍ഹവും ആണെന്ന് എംപി അഭിപ്രായപ്പെട്ടു. നിലവില്‍ 24 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങാനാണ് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്. ഉത്തര്‍പ്രദേശില്‍ 27ഉം രാജസ്ഥാനില്‍ 23ഉം കര്‍ണാടകയില്‍ 4ഉം തമിഴ്‌നാട്ടില്‍ 11ഉം കോളേജുകള്‍ അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ നഴ്‌സിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഏറെയുള്ള സംസ്ഥാനമായ കേരളത്തോട് പൂര്‍ണമായ അവഗണനയാണ് യൂണിയന്‍ സര്‍ക്കാര്‍ കാണിക്കുന്നത്. ആതുര ശുശ്രൂഷാ രംഗത്ത് കേരളത്തിന് മുതല്‍ക്കൂട്ടാവുന്ന എയിംസ് ഉള്‍പ്പടെ അനുവദിക്കാതെ കേരളത്തോട് കാണിക്കുന്ന അവഗണനയുടെ തുടര്‍ച്ചയാണ് ഈ നടപടി.
ആതുരശുശ്രൂഷാ രംഗത്ത് ലോകത്തിന് തന്നെ മാതൃകയായി നില്‍ക്കുന്ന കേരളത്തോടുള്ള ഈ അവഗണനകള്‍ അവസാനിപ്പിച്ച്, കേന്ദ്ര മന്ത്രിസഭായോഗ തീരുമാനം പുന:പരിശോധിക്കണം. തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ നഴ്സിംഗ് മേഖലയില്‍ ഉള്‍പ്പെടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് യുവജനങ്ങളുടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണണമെന്ന് ഡോ. വി ശിവദാസന്‍ എം പി ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here