കോഴിക്കോട് എലത്തൂരിലുണ്ടായ ഇന്ധന ചോർച്ച ഗുരുതര പ്രശ്നമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ. വിഷയത്തിൽ ജില്ലാ കലക്ടർ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിന് കാരണം കമ്പനിയുടെ മെക്കാനിക്-ഇലക്ട്രിക് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണെന്നും ഇത് പരിഹരിക്കാൻ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനി അടിയന്തര നടപടി സ്വീകരിക്കണമെന്നും കലക്ടർ പറഞ്ഞു.
ഇന്ധന ചോർച്ചയെ തുടർന്ന് പ്രദേശത്തെ കിണറുകളിലെയടക്കം വെള്ളം മലിനമാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഇത് പരിഹരിക്കാനായി ജില്ലാ ഭരണകൂടം അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.
എച്ച്പിസിഎൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിയിരുന്നെന്നും ചോർച്ച കണ്ടെത്താൻ വൈകിയിരുന്നെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ മോശമായേനെ എന്നും പ്രദേശത്തെ ജലാശയങ്ങളും മണ്ണും കമ്പനി വൃത്തിയാക്കണമെന്നും കലക്ടർ പറഞ്ഞു. സംഭവത്തിൽ ഫാക്ടറീസ് ആക്ട് പ്രകാരം ഹിന്ദുസ്ഥാൻ പെട്രോളിയത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഇതു സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് കൈമാറുമെന്നും കലക്ടർ പറഞ്ഞു.
അറ്റകുറ്റപ്പണിക്കിടെ ആയിരുന്നു ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാൻ്റിൽ നിന്നും വൻ തോതിൽ മുൻവശത്തെ ഓടയിലേക്ക് ഡീസൽ ചോർന്നത്. പ്രദേശത്ത് ഡീസലിൻ്റെ ഗന്ധം പരക്കുന്നത് പരിശോധിച്ച് നാട്ടുകാരാണ് ഓടയിലെ ഇന്ധന ചോർച്ച കമ്പിനി അധികൃതരെ പിന്നീട് അറിയിക്കുന്നത്. ഇതിനിടെ 2000 ലീറ്റർ ഡീസൽ ചോർന്നെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here