മുഖത്തെ നിറം മങ്ങിയോ ? കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ കൂടിയോ? ഇതാ ബീറ്റ്‌റൂട്ട് കൊണ്ടൊരു വിദ്യ

ധാരാളം പോഷക ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് കഴിയ്ക്കുന്നതും, ജ്യൂസ് കുടിയ്ക്കുന്നതും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ നല്ലതാണ്. ബീറ്റ്‌റൂട്ട് നീര് ചര്‍മത്തില്‍ പുരട്ടുന്നത് വളരെയധികം ഗുണം ചെയ്യും. ബീറ്റ്‌റൂട്ടിന്റെ ആരോഗ്യ ഗുണങ്ങളെന്തെല്ലാമെന്ന് നോക്കിയാലോ ?

ബീറ്റ്‌റൂട്ട് നീര്

വരണ്ട ചര്‍മം അകറ്റി മൃദുലവും തിളക്കവും കൂടിയ ചര്‍മം നേടാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കും. ചര്‍മ സംരക്ഷണത്തിന് ഏറ്റവും വലിയ എതിരാളി ആയ പിഗ്മെന്റേഷന്‍ തടഞ്ഞ് സ്വാഭാവിക നിറം ലഭിക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി (Vitamin C) സഹായിക്കും.

ബീറ്റ്‌റൂട്ട് സ്‌ക്രബ്

ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് കഴുകിയെടുക്കുക. ശേഷം രണ്ടായി മുറിച്ച് അതിന്റെ ഒരു ഭാഗം നന്നായി അരച്ച് ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം കയ്യിലെടുത്ത് കവിളുകളില്‍ സ്‌ക്രബ് ചെയ്യുക. കൈ വച്ച് വൃത്താകൃതിയില്‍ സ്‌ക്രബ് ചെയ്യുന്നത് ഗുണം ചെയ്യും. സ്‌ക്രബ് ചെയ്ത് അഞ്ച് മിനിട്ടിന് ശേഷം വൃത്തിയായി കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് മുഖത്തെ ചര്‍മത്തിന്റെ ആരോഗ്യവും നിറവും വര്‍ധിപ്പിക്കുന്നു.

കണ്ണിലെ കറുത്ത പാട് മാറ്റാം

പല കാരണങ്ങള്‍ കൊണ്ടും പലരുടെയും കണ്ണിന് ചുറ്റും കറുപ്പ് നിറം കാണാറുണ്ട്. ഇത് അകറ്റാന്‍ ബീറ്റ്‌റൂട്ടിന് സാധിക്കും. ബീറ്റ്‌റൂട്ട് നീരില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും, അതേ അളവില്‍ പാലും ചേര്‍ത്ത് യോജിപ്പിക്കണം. മിശ്രിതത്തില്‍ കോട്ടണ്‍ തുണി മുക്കിയ ശേഷം കണ്ണിന് മുകളില്‍ വയ്ക്കുക. 20 മിനിട്ടിന് ശേഷം തുണി മാറ്റി തുടയ്ക്കാം.

ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍

മുഖത്തെ ചുളിവുകള്‍ മാറ്റി തിളക്കം കൂട്ടാന്‍ ബീറ്റ്‌റൂട്ട് – തൈര് മിശ്രിതം ബെസ്റ്റ് ആണ്. ബീറ്റ്‌റൂട്ട് അരച്ചെടുത്ത് അതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ തൈര്, ആല്‍മണ്ട് ഓയില്‍ എന്നിവ നന്നായി മിക്‌സ് ചെയ്യുക, ശേഷം മുഖത്ത് പുരട്ടാം. 20 മിനിട്ടിന് ശേഷം കഴുകി കളയാം.

വരണ്ട ചുണ്ടുകള്‍ക്ക് പ്രതിവിധി

ബീറ്റ്‌റൂട്ട് ജ്യൂസ് നേരിട്ട് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന്റെ സ്വാഭാവിക നിറം വര്‍ധിപ്പിക്കുകയും വരണ്ട ചുണ്ടുകളെ മൃദുവാക്കുകയും ചെയ്യുന്നു. ബീറ്റ്‌റൂട്ട് കഷണം പഞ്ചസാരയില്‍ മുക്കി ചുണ്ടില്‍ പുരട്ടുന്നതും ചുണ്ടുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News