വീതംവെക്കൽ വേണ്ടാ, ഒത്തുതീർപ്പ് ഫോർമുല തള്ളി ശിവകുമാർ, അനിശ്ചിതത്വം തുടരുന്നു

കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ യാതൊരു ഒത്തുതീർപ്പുമില്ലെന്ന് ഡികെ ശിവകുമാർ തറപ്പിച്ചുപറഞ്ഞതോടെ ഹൈക്കമാന്റും മുഖ്യമന്ത്രി പ്രഖ്യാപനവും അനിശ്ചിതത്വത്തിൽ. പാർട്ടി ഉചിതമായ തീരുമാനം എടുക്കുന്ന വരെ ദില്ലിയിൽ തുടരാനാണ് ശിവകുമാറിന്റെ പദ്ധതി.

നേരത്തെ മുഖ്യമന്ത്രി പാദത്തിൽ ആദ്യ ഊഴം സിദ്ധരാമയ്യക്കും രണ്ടാം ഊഴം ഡി.കെ ശിവകുമാറിനുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിൽ സിദ്ധരാമയ്യ അനുകൂലികൾ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ മറുപക്ഷത്ത് ഡി.കെ ശിവകുമാർ അനുകൂലികൾ പ്രതിഷേധവുമായി നിലകൊണ്ടു. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ മറ്റ് പദവികൾ വേണ്ടായെന്ന ശിവകുമാറിന്റെ കടുംപിടിത്തവും ഹൈക്കമാന്റിന് തലവേദനയായി. ഇതോടെ കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല മാധ്യമങ്ങളെ കാണുകയും തീരുമാനങ്ങൾ അന്തിമമാകാൻ പോകുന്നതേയുള്ളുവെന്ന് അറിയിക്കുകയും ചെയ്തു.

ഇന്നോ നാളെയോ നേതാവിനെ തിരഞ്ഞെടുക്കും എന്നും സുർജേവാല അറിയിച്ചു. ഇപ്പോൾ പുറത്തുവന്ന പ്രചാരണങ്ങൾ തെറ്റെന്നും ബിജെപി പ്ലാന്റ് ചെയ്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും സുർജേവാല അറിയിച്ചു. 72 മണിക്കൂറിനകം സത്യപ്രതിജ്ഞ ഉണ്ടാകുമെന്നും അന്തിമ തീരുമാനം മല്ലികാർജുൻ ഖാർഗെയുടേതാകുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വീണ്ടും വൈകിയതോടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങളും ബെംഗളൂരുവിൽ നിർത്തിവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News