ശിവകുമാറും ദില്ലിയിലേക്ക്, മുഖ്യമന്ത്രിപദത്തിൽ ക്ളൈമാക്സ് ഇന്നുണ്ടായേക്കും

കർണാടകയിൽ മുഖ്യമന്ത്രിത്തർക്കം രൂക്ഷക്കായിരിക്കെ കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും ദില്ലിയിലേക്ക് തിരിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിസന്ധി രൂക്ഷമായിത്തന്നെ തുടരുകയാണ്.

നേരത്തെ സിദ്ധരാമയ്യ ചർച്ചകൾക്കായി ദില്ലിയിലെത്തിയിരുന്നു. എന്നാൽ അസുഖമെന്ന കാരണം കൊണ്ട് ശിവകുമാറിന് ദില്ലിയിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. ഇന്ന് ദില്ലിയിലേക്ക് തിരിക്കുന്ന ശിവകുമാർ രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തും. നിയുക്ത എംഎൽഎമാരിൽ ഭൂരിഭാഗം പേരും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ നിലനിൽക്കെ ശിവകുമാറുമായി ഒത്തുതീർപ്പ് ഫോർമുലകൾ ചർച്ച ചെയ്യാനാകും ഇന്നത്തെ യോഗമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

എന്നാൽ പാർട്ടിക്കുള്ളിലെ ശിവകുമാർ പക്ഷവും മുഖ്യമന്ത്രിപദത്തിനായി ശക്തമായി രംഗത്തുണ്ട്. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ അതൃപ്തി പരസ്യമായി രേഖപ്പെടുത്തി ഡി.കെ ശിവകുമാർ രംഗത്തെത്തിയിരുന്നു. ബെംഗളുരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഡി കെ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിലെ അതൃപ്തി വ്യക്തമാക്കിയത്.

ഞാൻ ഒറ്റയാനാണെന്ന് പറഞ്ഞ ഡി കെ, തോൽക്കപ്പെടുമ്പോൾ കരുത്തനാവുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ഓ‌ർമ്മിപ്പിച്ചു. കോൺഗ്രസിനെ അധികാരത്തിലെത്തിക്കുക മാത്രമായിരുന്നു തന്‍റെ ലക്ഷ്യം. പാർട്ടിയിൽ കൊഴിഞ്ഞ് പോക്കുണ്ടായപ്പോഴും സധൈര്യം താൻ പാർട്ടിക്കൊപ്പം നിന്നു. കോൺഗ്രസിന് വലിയ വിജയം നേടാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വിവരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News