ഒന്നര വര്‍ഷമുണ്ട് തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍. പക്ഷേ സ്റ്റാലിനും ഡിഎംകെയും ഇപ്പോഴെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. നിയമസഭാ മണ്ഡലങ്ങളിലെ നിരീക്ഷകരുമായി ചെന്നൈയില്‍ യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. പിന്നില്‍ മറ്റൊന്നുമല്ല. അണ്ണനെ പേടിച്ചിട്ടാണ്. രണ്ടുകല്‍പിച്ച് തന്നെയാണ് നടന്‍ വിജയ് രാഷ്ട്രീയം പ്രവേശനം നടത്തിയിരിക്കുന്നതെന്ന് സ്റ്റാലിന്‍ മനസിലാക്കി കഴിഞ്ഞു.
രണ്ടാമതും ഭരണം ലക്ഷ്യമിട്ടാണ് സ്റ്റാലിന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. 2019ലെയും 2024ലെയും ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയിലെ വന്‍ വിജയങ്ങള്‍ക്ക് ശേഷം തുടരെ നാലാം വിജയം നേടുകയാണ് ഡിഎംകെയുടെ ലക്ഷ്യം.
ALSO READ: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
ഇതിനായി അസംബ്ലി ഇലക്ഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ആദ്യം രൂപീകരിച്ചത്. കഴിഞ്ഞമാസം ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ച ഉദയനിധി സ്റ്റാലിന്‍, മുതിര്‍ന്ന നേതാക്കന്മാരായ കെഎന്‍ നെഹ്‌റു, തങ്കം തെന്നാരാസു, ഇവി വേലു എന്നിവരടങ്ങിയതാണ് കമ്മിറ്റി. മാത്രമല്ല സംസ്ഥനത്തുടനീളം ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയും അവലോകനം ചെയ്യും.
സൂപ്പര്‍സ്റ്റാര്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം വലിയൊരു ഭീഷണിയാകുമെന്ന ചിന്തയില്‍ നിന്നാണ് വളരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഡിഎംകെ തീരുമാനിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ് രാഷ്ട്രീയത്തില്‍ എത്രമാത്രം സ്വാധീനം വിജയ്‌യുടെ പാര്‍ട്ടിക്കുണ്ടാക്കാന്‍ കഴിയുമെന്ന് വിലയിരുത്താന്‍ കഴിയില്ലെങ്കിലും 2026ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് ടിവികെയുടെ തീരുമാനമെന്നത് വ്യക്തമാണ്. വമ്പന്‍ താരങ്ങളായ ശിവാജി ഗണേഷന്‍, വിജയകാന്ത്, കമല്‍ഹസന്‍ എന്നിവര്‍ക്ക് തമിഴ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമൊന്നും ചെല്ലുതാന്‍ സാധിച്ചിട്ടില്ലെങ്കിലും വിജയ്‌യെ അങ്ങനെ തള്ളികളയാന്‍ ഡിഎംകെയ്ക്ക് സാധിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍.
മറ്റ് നടന്മാരെ പോലെയല്ല, മറിച്ച് തന്റെ കരിയറിന്റെ ഏറ്റവും നല്ലനിലയില്‍ നില്‍ക്കുമ്പോഴാണ് വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം. ഇത് മുന്‍കൂട്ടി മനസിലാക്കിയാണ് ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല സഖ്യകക്ഷികള്‍ വലിയ തോതില്‍ സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ അതും ഡിഎംകെയ്ക്ക് തലവേദനയാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here