ചൂട് കാലത്ത് വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തി പോകരുത്: ദുബായ് പൊലീസ്

ചൂട് കാലത്ത്  വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തി പോകുന്നതുമായി ബന്ധപ്പെട്ട
അപകടസാധ്യതകളെക്കുറിച്ച്  മുന്നറിയിപ്പ് നൽകി  ദുബായ് പോലീസ്. ഇത്തരം സംഭവങ്ങൾ  ദാരുണമായ അപകടങ്ങൾക്ക് വഴി വെക്കുമെന്നും ഇതിനെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും പൊലീസ്  അറിയിച്ചു.
പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിനുള്ളിലെ കുതിച്ചുയരുന്ന താപനില എങ്ങനെ അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന ബോധവൽക്കരണ  വിഡിയോയുമായാണ് ദുബായ് പോലീസ് ഇത്തരം അപകടങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയത് . പലരും കുട്ടികളെ തനിച്ചു വാഹനങ്ങളിൽ ഇരുത്തി സൂപ്പർ മാർക്കറ്റുകളിലേക്കും മറ്റു ഷോപ്പുകളിലേക്കും പോകാറുണ്ട്.  പിന്നീട് മറവി കാരണം വാഹനത്തിലേക്ക് തിരിച്ചു വരാൻ വൈകുന്നതാണ് വലിയ ദുരന്തത്തിന് കാരണമാകുന്നത്.
ഇത്തരം സംഭവങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായാണ് ദുബായ് പോലീസ് ബോധവൽക്കരണ വീഡിയോ പങ്കു വെച്ചത്.  കുട്ടിയെ വാഹനത്തിൽ ഇരുത്തി  സൂപ്പർമാർക്കറ്റിലെത്തുന്ന മാതാവ് ഏറെ നേരം ഇക്കാര്യം മറന്നു പോകുന്നു. 
പിന്നീട് ഇക്കാര്യം ഓർക്കുന്ന   മാതാവ്   കാറിനടുത്തേക്ക് ഓടിയപ്പോഴേക്കും, ചൂട് കൂടി ശ്വാസംമുട്ടി അവശനിലയിലായിരിക്കുന്ന മകനെയാണ് കണ്ടത്. ഈ വീഡിയോ ആണ് പൊലീസ് പങ്കുവച്ചത്.കുട്ടികളെയും കൂട്ടി ഷോപ്പിങ്ങിന് പോകുകയോ വീട്ടിലേക്ക് മടങ്ങുകയോ ചെയ്യുകയാണെങ്കിൽ കാർ ലോക്ക് ചെയ്യുന്നതിനുമുമ്പ് വാഹനത്തിൽ നിന്ന് അവർ പുറത്തിറങ്ങുന്നുവെന്ന് കുടുംബം ഉറപ്പാക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടു.
കുട്ടികളുടെ ജീവന് ഭീഷണിയായേക്കാവുന്ന അപകടങ്ങളിലേക്ക് നയിക്കുന്ന  കാര്യങ്ങൾക്ക്  നിയമമനുസരിച്ച് തടവും 5,000 ദിർഹം വരെ പിഴയും ശിക്ഷാർഹമാണ്. കുട്ടികളുടെ ജീവന്‍ അപകടപ്പെടുത്തുന്നതാണെങ്കിൽ തടവും അല്ലെങ്കിൽ 10,000 ദിർഹം വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം.  മുൻകരുതൽ നടപടി സ്വീകരിക്കുന്നതിലൂടെ കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും കഴിയും.യുഎഇയിലെ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. വേനൽക്കാലത്ത് വാഹനങ്ങൾക്ക് ഉണ്ടാകുന്ന അപകടസാധ്യതകളെ കുറിച്ച്  “സേഫ് സമ്മർ” എന്ന ബോധവൽക്കരണ ക്യാമ്പയിൻ  അബുദാബി പൊലീസ് ആരംഭിച്ചിട്ടുണ്ട് .
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News