‘ആളുകളുടെ മനസ്സിൽ ഉള്ള മഹദ് വ്യക്തിയെ വെറും നാലോ അഞ്ചോ ക്ലൂ കൊണ്ട് കണ്ടുപിടിക്കുന്ന അറിവിൻ്റെ ജാലവിദ്യ, പുതിയ അശ്വമേധത്തിനായി കാത്തിരിക്കുന്നു…’: അശ്വമേധത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ഡോ. ആർഷ എം ദേവ്

aswamedham

ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് അശ്വമേധവുമായി വീണ്ടുമെത്തുന്നുവെന്ന വാർത്തയാണ് കൈരളി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്‌. ഒരേസമയം കൗതുകവും, വിജ്ഞാനവും ഉണർത്തുന്ന ക്വിസ് പരിപാടിയാണ് അശ്വമേധം. ഇപ്പോഴിതാ തിരികെയെത്തുന്ന അശ്വമേധത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് പ്രേക്ഷകർ. അശ്വമേധത്തിന്റെ തിരിച്ചുവരവ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. പഴയ അശ്വമേധം ഓർമ്മകൾ തന്റെ ഫേസ്ബുക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് പത്തനംതിട്ട, കോന്നി മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് ഡോക്ടറായ ആർഷ എം ദേവ്.

Also Read; ‘വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ച് കൊടുക്കണം’: അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ വിവാദ പരാമര്‍ശവുമായി നിര്‍മല സീതാരാമന്‍

പോസ്റ്റിന്റെ പൂർണരൂപം;

അവിചാരിതമായി ഫെയ്സ്ബുക്ക് തുറന്നു നോക്കിയപ്പോൾ ആരോ ഷെയർ ചെയ്ത ഒരു പോസ്റ്റ് കണ്ടു : ഗ്രാൻഡ്‌ മാസ്റ്റർ ജി എസ് പ്രദീപിൻ്റെ അശ്വമേധം വീണ്ടും വരികയാണത്രേ !
പൊടുന്നനെ ഓർമ്മകൾ ഒരുപാട് വർഷം പിന്നിലേയ്ക്ക് പോയി. സ്കൂൾ കഴിഞ്ഞ് വരുന്ന വൈകുന്നേരങ്ങളിൽ ഒരു നോട്ട്ബുക്കും പേനയുമായി ടിവിയുടെ മുന്നിൽ ഇരുന്നിരുന്ന ആ നല്ല നാളുകൾ… ഗ്രാൻ്റ് മാസ്റ്റർക്കൊപ്പം മത്സരിയ്ക്കുന്ന ആളുകളുടെ മനസ്സിൽ ഉള്ള മഹദ്
വ്യക്തിയെ അദ്ദേഹം വെറും നാലോ അഞ്ചോ ക്ലൂ കൊണ്ട് കണ്ടുപിടിക്കുന്ന അറിവിൻ്റെ ജാലവിദ്യ കണ്ട് ശരിയ്ക്കും വിസ്മയിച്ചിരുന്നിട്ടുണ്ട്. കൈയിലെ നോട്ട് പുസ്തകത്തിൽ ‘ അശ്വമേധം ‘ എന്ന് പേരുള്ള ആ മഹത്തായ പരിപാടിയിൽ നിന്നും കിട്ടുന്ന അറിവുകൾ ആവേശത്തോടെ കുറിച്ച് വയ്ക്കുകയും, അവയെല്ലാം വിവിധ രീതിയിൽ കൂട്ടുകാർക്കിടയിൽ ഞങ്ങൾ ഒരു ക്വിസ് ഗെയിം പോലെ കളിക്കുകയും ചെയ്തിരുന്നു, എത്രയോ നാളുകളിൽ.

പണ്ട് മുതൽക്കേ ക്വിസ്സ് വലിയ ഇഷ്ടമുള്ള ഒന്നായിരുന്നു എനിക്ക്. അതുകൊണ്ട് തന്നെ മനസ്സിലെ ഗ്രാൻഡ് മാസ്റ്ററിൻ്റെ വിഗ്രഹത്തിന് ആകാശത്തോളം പൊക്കവുമുണ്ടായിരുന്നു. 90കളിൽ ജനിച്ച നല്ലൊരു വിഭാഗം കുട്ടികൾക്കും അശ്വമേധം ഒരു വികാരമായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ. എന്നെങ്കിലും ആ പരിപാടിയിൽ പങ്കെടുക്കാൻ കൊതിച്ചു പോയ കാലം.
അങ്ങനെയൊരു നാളിലാണ് ഒരു ദിവസം സ്കൂൾ നോട്ടീസ് ബോർഡിൽ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെടുന്നത് : ‘ മഞ്ചേരിയിൽ ഒരു എൻട്രൻസ് കോച്ചിംഗ് സ്ഥാപനം നടത്തുന്ന ക്വിസ് മത്സരത്തിൽ ക്വിസ്സ് മാസ്റ്റർ ആയി ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് എത്തുന്നു ! കേട്ട പാതി കേൾക്കാത്ത പാതി അന്നത്തെ സുഹൃത്ത് വിപിനും ഞാനും അതിൽ റെജിസ്റ്റർ ചെയ്തു. പ്രാഥമിക റൗണ്ട് എഴുത്തായിരുന്നു. അത് കടന്നു കിട്ടി ഗ്രാൻ്റ് മാസ്റ്റർക്ക് ഒപ്പം ഒരേ സ്റ്റേജിൽ ആദ്യമായി ഇരിക്കുമ്പോൾ വർഷങ്ങളായുള്ള ഒരു വലിയ ആഗ്രഹം സഫലീകരിച്ചതിൻ്റെ സംതൃപ്തി ആയിരുന്നു ഉള്ള് നിറയേ.

Also Read; ‘ചന്ദ്രബാബു നായിഡു സ്ഥിരം കള്ളംപറയുന്നയാള്‍’ ലഡു വിഷയത്തില്‍ മോദിക്ക് കത്തയച്ച് മുന്‍മുഖ്യമന്ത്രി

ഒടുവിൽ അതേ വേദിയിൽ വെച്ച് അദ്ദേഹത്തിൻ്റെ കൈയിൽ നിന്നും ക്വിസ് മത്സരത്തിൻ്റെ ഒന്നാം സമ്മാനം വാങ്ങുമ്പോൾ ശരിക്കും പൗലോ കൊയ്‌ലോയുടെ വാചകങ്ങളാണ് മനസ്സിൽ മുഴങ്ങിയത് :
‘ നീ ശക്തമായി എന്തിനെങ്കിലും വേണ്ടി ആഗ്രഹിച്ചാൽ, ഈ പ്രപഞ്ചം മുഴുവൻ അത് നേടാൻ വേണ്ടി നിനക്കൊപ്പം നിൽക്കും ! ‘
ആ നല്ല നാൾ കഴിഞ്ഞ് ഇപ്പോൾ പതിനഞ്ച് വർഷങ്ങളായിരിക്കുന്നു. സ്കൂൾ കാലം മാറി, കോളേജ് കാലം മാറി, കൈയിലൊരു സ്റ്റെതസ്കോപ്പും കേട്ടിരിക്കാൻ കുറേ കൊച്ചു ഡോക്ടർമാർ അണിനിരക്കുന്ന ഒരു വലിയ ലെക്ചർ ഹാളും കൈയിൽ വന്ന ഈ കാലത്ത് അതേ അശ്വമേധം തിരിച്ചു വരുന്നു എന്ന് കേൾക്കുമ്പോൾ ഉള്ളിലൊരു കുളിർമ്മ.. ഗൃഹാതുരത്വമുള്ള ഒരു സന്തോഷം.
പ്രിയപ്പെട്ട ഗ്രാൻ്റ് മാസ്റ്റർ സാർ..താങ്കളുടെ അനേകം ആരാധകരിൽ ഒരാളായി ഞാനും കാത്തിരിക്കുന്നു, പുതിയ അശ്വമേധത്തിനായി. ആശംസകൾ

News summary; Dr. Arsha M Dev shared her memories of Kairali TV Aswamedham

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News