‘ഇവയൊന്നും നിസാരമല്ല, ചികിത്സിക്കേണ്ട ഒന്നാന്തരം രോഗങ്ങളാണ്’; ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

വിഷാദ രോഗം പലരുടേയും ജീവിതത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവിതം തന്നെ കൈവിട്ട് പോകുന്ന അവസ്ഥയുണ്ടാകും. വിഷാദ രോഗം ബാധിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട ശേഷം ആത്മഹത്യ ചെയ്ത നിലമ്പൂര്‍ സ്വദേശി ജ്യോതിഷ് വനജ മുരളീധരന്റെ വിയോഗം സോഷ്യല്‍ മീഡിയ ഞെട്ടലോടെയാണ് അറിഞ്ഞത്. നീണ്ട നാളായി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്ന ജ്യോതിഷ്, രോഗത്തിന്റെ തീവ്രതയില്‍ എല്ലാം അവസാനിപ്പിക്കുകയായിരുന്നു. ജ്യോതിഷിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധനേടുന്നത്. ആത്മഹത്യയെപ്പറ്റി നിരന്തരം ചിന്തിക്കുന്നതും ജീവിതം മടുത്തുവെന്ന് ആവര്‍ത്തിക്കുന്നതുമൊന്നും നിസാര കാര്യമല്ലെന്നും കൃത്യമായ ചികിത്സ ലഭിക്കേണ്ട അസുഖമാണെന്നും പറയുകയാണ് ഡോക്ടര്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എനിക്ക് വളരെ അടുത്തറിയാവുന്ന ഒരാള്‍. വിഷാദത്തിന്റെ ഇരുട്ട് അപ്രതീക്ഷിതമായാണ് അയാളെ പിടികൂടിയത്. ഉറക്കമില്ലായ്മ, ഒന്നിനോടും താല്‍പ്പര്യമില്ലായ്മ, ഉത്കണ്ഠ തുടങ്ങി ആത്മഹത്യയെ പറ്റിയുള്ള ചിന്തകള്‍ വരെ ഘട്ടം ഘട്ടമായി അയാള്‍ക്കുണ്ടായി. ലക്ഷണങ്ങള്‍ കണ്ടപ്പൊഴേ ചികിത്സ തുടങ്ങി. കുറച്ചു നാള്‍ മരുന്ന് കഴിച്ചപ്പോള്‍ ഭേദമായതായി സ്വയം തോന്നിയപ്പോള്‍ അയാള്‍ മരുന്നിന്റെ ഡോസ് ഒക്കെ കുറച്ചു. അതുപക്ഷേ വലിയ തെറ്റായിപ്പോയി.

ദിവസങ്ങള്‍ക്കുള്ളില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ വീണ്ടും തുടങ്ങി. അവ അതി കഠിനമായപ്പോള്‍ സഹികെട്ട് അയാള്‍ വീണ്ടും ഡോക്ടറെ കണ്ടു. കൂടുതലായി കുറിച്ചു കൊടുത്ത മരുന്നുകള്‍ അന്ന് വൈകിട്ട് വീട്ടിലെത്തിയ ഉടന്‍ തന്നെ അയാള്‍ കഴിച്ചു. എന്നിട്ടും ഉറക്കം വന്നില്ല. അയാള്‍ക്ക് ആത്മഹത്യ ചെയ്യണമെന്ന ത്വര ഭീകരമായി. ചെയ്യാന്‍ തന്നെ തീരുമാനിച്ചു. പ്ലാനുണ്ടാക്കി. പക്ഷെ കൂടുതലായി കഴിച്ച മരുന്നിന്റെ എഫക്റ്റ് കാരണം ശരീരം ക്ഷീണിക്കുകയും അറിയാതെ ഉറങ്ങിപ്പോകുകയും ചെയ്തതു കൊണ്ടു മാത്രം അയാള്‍ക്കന്ന് ആത്മഹത്യ ചെയ്യാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ ആശുപത്രിയില്‍ അഡ്മിറ്റായി. മരുന്നും സൈക്കോതെറാപ്പികളുമൊക്കെയായി മാസങ്ങളുടെ ചികിത്സ പിന്നെയും തുടര്‍ന്നു. ഇന്നിപ്പോള്‍ അയാള്‍ മരുന്നുകളൊക്കെ നിര്‍ത്തി മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാതെ സന്തോഷമായിട്ടിരിക്കുന്നു.

ആത്മഹത്യയെ പറ്റി നിരന്തരം ചിന്തിക്കുന്നത്, ജീവിതം മടുത്തുവെന്ന് ആവര്‍ത്തിക്കുന്നത്, ഇങ്ങനെ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് നിരാശപ്പെടുന്നത്, പറ്റുന്നില്ല പറ്റുന്നില്ലാ എന്ന് സ്വയം തോന്നലുണ്ടാകുന്നത്. ഇവയൊന്നും നിസാരകാര്യങ്ങളേ അല്ല. ഒന്നാന്തരം രോഗമാണ്. എത്രയും വേഗം ചികിത്സിക്കപ്പെടേണ്ട രോഗം. ചിലപ്പോള്‍ ഒരുപാട് നാള്‍ ചികിത്സ വേണ്ടി വന്നേക്കാവുന്ന രോഗം. രോഗിയും ഡോക്ടറും (മാരും) മറ്റു തെറാപ്പിസ്റ്റുകളും രോഗിയുടെ സുഹൃത്തുക്കളും വീട്ടുകാരും തുടങ്ങി എല്ലാവരും നിരന്തരം ചികിത്സയുടെ ഭാഗഭാക്കാവേണ്ട രോഗം.
വിഷാദം എത്രയും വേഗം തിരിച്ചറിയുകയും ശരിയായ ചികിത്സ, വേണ്ടത്രയും നാള്‍ കൃത്യമായി സ്വീകരിക്കുകയും ചെയ്താല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണ്. തിരിച്ചറിയാന്‍ വൈകുന്നതും ചികിത്സ തേടാന്‍ വൈകുന്നതോ തുടര്‍ച്ചികിത്സയ്ക്ക് വൈമുഖ്യം കാണിക്കുന്നതോ ഒക്കെ പലപ്പോഴും ദുരന്തത്തില്‍ കലാശിക്കാറുമുണ്ട്. ഉപദേശം കൊണ്ടോ കോമഡി സിനിമകള്‍ കണ്ടതു കൊണ്ടോ ഒരാളുടെ വിഷാദം ചികിത്സിക്കാനാവുകയുമില്ല. വിഷാദത്തെ പറ്റി കാല്‍പനികമായി കവിതകള്‍ എഴുതുന്നത് അതിന്റെ ഭീകരതയെ പറ്റി യാതൊരു ധാരണയുമില്ലാത്തവരായിരിക്കും.

ജ്യോതിഷ് എന്ന സുഹൃത്ത് ഒരു കുറിപ്പെഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ട് ഇന്നിതാ ആത്മഹത്യ ചെയ്തിരിക്കുന്നു. വളരെ സങ്കടത്തോടെയാണത് വായിച്ചവസാനിപ്പിച്ചത്. അയാള്‍ ചികിത്സ തേടിയിട്ടുണ്ട്. ധാരാളം സൗഹൃദങ്ങളും കൂടെ നില്‍ക്കാന്‍ ആള്‍ക്കാരും ഉണ്ടായിരുന്നു. എന്നിട്ടും. നിര്‍ഭാഗ്യകരം എന്നേ പറയാനുളളൂ. ഇത്രയും ചികിത്സാ സൗകര്യങ്ങള്‍ ഉള്ള ഒരിടത്ത്, ഈ ഒരു കാലത്ത് ഇപ്പൊഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത് തികച്ചും ദൗര്‍ഭാഗ്യകരം തന്നെ.

സാധിക്കുമെങ്കില്‍ ആ സൂയിസൈഡ് നോട്ട് ഫേസ്ബുക്കില്‍ നിന്നും എത്രയും വേഗം റിമൂവ് ചെയ്യിക്കണമെന്നാണ് എന്റെ അഭിപ്രായം. അതു തന്നെ സമാന അവസ്ഥയിലുള്ളവര്‍ക്ക് ട്രിഗറാവാം. (അത്തരം അവസ്ഥയെ പറ്റി മുമ്പെഴുതിയതിന്റെ ലിങ്ക് കമന്റില്‍)
ജ്യോതിഷിന് ആദരാഞ്ജലി ??
മനോജ് വെള്ളനാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News