ശ്വാസനാളത്തിൽ നാല് വർഷമായി കുടുങ്ങിയിരുന്ന എല്ല് കഷ്ണം പുറത്തെടുത്തു; ശസ്ത്രക്രിയ വിജയകരം

രോഗിയുടെ ശ്വാസനാളത്തിൽ നാല് വർഷമായി കുടുങ്ങിയിരുന്ന എല്ല് കഷ്ണം പുറത്തെടുത്ത് ഡോക്ടർമാർ. എഴുപത്തിയൊന്നുകാരനായ ഒമാൻ സ്വദേശിയിൽ നടത്തിയ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയായത്.

ഒമാനിലെ മുസാന സ്വദേശിയായ സലീം നാസറിനെ കഴിഞ്ഞ നാല് വർഷമായി വിട്ടുമാറാത്ത ചുമയും, ശ്വാസകോശ പ്രശ്നങ്ങളും അലട്ടിയിരുന്നു. കഴുത്ത് അനക്കുമ്പോൾ വേദനയും, ശ്വാസമെടുക്കുമ്പോഴുളള ബുദ്ധിമുട്ടും മൂലം ഒമാനിലും, പുറത്തുമായി വിവിധ ആശുപത്രികളിൽ ഇയാൾ പരിശോധന നടത്തിയെങ്കിലും കാര്യമായ കുറവുണ്ടായില്ല. ശ്വാസകോശ അണുബാധയ്ക്കുളള മരുന്ന് കഴിച്ച് താത്കാലീക ആശ്വാസം നേടിയിരുന്ന സലീം മെയ് 4 നാണ് രാജഗിരി ആശുപത്രിയിൽ എത്തുന്നത്. രാജഗിരിയിൽ എത്തുമ്പോൾ ബന്ധുക്കൾക്കും, റഫർ ചെയ്ത ഡോക്ടർമാർക്കും രോഗാവസ്ഥയെ കുറിച്ച് ആശങ്കയും, അവ്യക്തതയും ആയിരുന്നു. ശ്വാസകോശ രോഗവിഭാഗത്തിലെ ഡോ.മെൽസി ക്ലീറ്റസിൻ്റെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ എക്സ്റേ , സിടി സ്കാൻ പരിശോധനയുടെ ഫലങ്ങളാണ് വഴിത്തിരിവായത്.

വലത് ശ്വാസകോശത്തിലെ പ്രധാന ശ്വാസനാളികളിലൊന്നിൽ എല്ലിന് സമാനമായ വസ്തു തടഞ്ഞിരിക്കുന്നതായി സിടി സ്കാനിൽ വ്യക്തമായി. അബദ്ധത്തിൽ പല്ല് വിഴുങ്ങി പോയതാകാം എന്ന നിഗമനത്തിലായിരുന്നു ആദ്യം ഡോക്ടർമാർ. പിന്നീട് ശ്വാസകോശ വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ ബ്രോങ്കോ സ്കോപ്പിയിലൂടെ എല്ലിൻ്റെ കഷണങ്ങൾ നീക്കം ചെയ്യുകയും, ശ്വസന പ്രക്രിയ പുനസ്ഥാപിക്കുകയും ചെയ്തു. രോഗിയുടെ പ്രായം കണക്കിലെടുത്ത് ലോക്കൽ അനസ്തേഷ്യ നൽകി അതീവ സൂക്ഷ്മതയോടെയായിരുന്നു ഡോക്ടർമാർ ബ്രോങ്കോ സ്കോപ്പി പൂർത്തിയാക്കിയത്.

രോഗിയുടെ അറിവില്ലാതെ ഭക്ഷണ പദാർത്ഥങ്ങൾ ശ്വാസനാളത്തിലെത്തി തടസ്സമുണ്ടാക്കുന്ന അവസ്ഥ കുട്ടികളിൽ പതിവാണെങ്കിലും, മുതിർന്നവരിൽ അസാധാരണമാണെന്ന് ഡോ.രാജേഷ് വി പറഞ്ഞു. കേരളത്തിലെ ആരോഗ്യ രംഗം മികച്ചതാണെന്നും രോഗിയുടെ കുടുംബം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News