നാടിനെ നടുക്കിയ ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ, മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ പ്രത്യേക സംഘവും പരിശോധന നടത്തി. കുട്ടി ക്രൂര പീഡനത്തിനിരയായതായ പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലവിൽ കേസുമായി ബന്ധപ്പെട്ടു രഹസ്യ മൊഴി ശേഖരിക്കാനുള്ള നടപടികൾ അന്വേഷണ സംഘം ആരംഭിച്ചു കഴിഞ്ഞു.
അഞ്ചു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ദൃസാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകൾ തേടിയാണ് അന്വേഷണ സംഘം. ഇതിൻ്റെ ഭാഗമായി മൃതദേഹത്തിൽ നിന്ന് ലഭിച്ച പ്രതിയുടേതെന്ന് സംശയിക്കുന്ന മുടിയിഴകൾ കേന്ദ്രീകരിച്ച് ഡിഎൻഎ പരിശോധന ഉടൻ നടത്തും. കുട്ടിയുടെ ശരീരത്തിലെ കൂടുതൽ മുറിവുകളെക്കുറിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജൻ ,പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ വിശദമാക്കുകയും ചെയ്തിരുന്നു. അതിനാലാണ് സർജ നെ കൂടി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിച്ച് പൊലീസ് പരിശോധന നടത്തിയത്.
20 മിനുറ്റോളം നീണ്ട നിന്ന പരിശോധന വിവരങ്ങൾ ഉടൻ കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഡി ഐ ജി ശ്രീനിവാസന് കൈമാറും. അതേ സമയം, തെളിവെടുപ്പ് നടപടികൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. കുട്ടിയുടെ താമസസ്ഥലം, കൃത്യത്തിനു ശേഷം പ്രതി എത്തിച്ചേർന്ന മറ്റിടങ്ങളിലുമായി വരും ദിവസങ്ങളിലും തെളിവെടുപ്പ് തുടരും. കൂടുതൽ പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നീക്കവും ആരംഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here