ഐഎഫ്എഫ്‌കെ ഇവരുടെയും കൂടിയാണ്… ഓടിക്കിതച്ചത്തിയ സരോജയും, യൂബര്‍ ഓട്ടോ ഡ്രൈവര്‍ പ്രദീപും നിങ്ങളെ ഞെട്ടിക്കും! എഫ്ബി പോസ്റ്റ് വൈറലാവുന്നു!

ഐഎഫ്എഫ്‌കെയുടെ കൊടിയിറങ്ങി… ഇനി അടുത്ത വര്‍ഷത്തേക്കുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. വിദ്യാര്‍ത്ഥികളും സാംസ്‌കാരി രംഗത്തുള്ളവരും അടക്കം നിരവധി പേര്‍ സിനിമ കാണാന്‍ ഒത്തുചേരുന്ന ഐഎഫ്എഫ്‌കെ പോലുള്ള സിനിമാ മേളകളില്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന, എന്നാല്‍ ഒരു മാധ്യമത്തിനും പിടികൊടുക്കാത്ത സിനിമയെ കുറിച്ച് അഗാധമായ അറിവുള്ള, സിനിമയുടെ ഓരോ മേഖലയെ കുറിച്ചും ശ്രദ്ധയോടെ മനസിലാക്കുന്ന ചിലരുണ്ടാകും. അവരെ തിരിച്ചറിയുമ്പോഴാണ് ഇത്തരം മേളകള്‍ പലര്‍ക്കും എത്രമാത്രം വിലപ്പെട്ടതാണെന്ന് മനസിലാകുന്നത്. അങ്ങനെയുള്ള രണ്ടുപേരെ കുറിച്ച് ഡോക്യുമെന്റി ഫിലിം മേക്കറായ ബിന്ദു സാജന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.

ALSO READ: ഇനി ഫീല്‍ഡറായി ക്യാപ്റ്റന്‍സി കൈകാര്യം ചെയ്യാന്‍ സഞ്ജു; വെളിപ്പെടുത്തല്‍ ഇങ്ങനെ!

സീനിയര്‍ സിറ്റിസണ്‍ ക്യൂവിലെത്തിയ വിയര്‍ത്തുകുളിച്ചെത്തിയ സരോജ, ആറ്റിങ്ങള്‍ നിവാസിയായ സരോജയ്ക്ക് ആവേശമായിരുന്നു സിനിമ. പഠിക്കുമ്പോള്‍ തന്നെ വിവാഹിതയായതോടെ മുഴുവന്‍ സമയ വീട്ടമ്മയായി. എന്നാല്‍ സിനിമയോടുള്ള സ്‌നേഹത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. ഐഎഫ്എഫ്‌കെയില്‍ എല്ലാ ദിവസവും സിനിമ കാണാന്‍ സ്ഥിര സാന്നിധ്യം. പക്ഷേ എങ്ങും മുഖം കാണിക്കാന്‍ താല്‍പര്യവുമില്ല. മറ്റൊന്ന് യൂബര്‍ ഓട്ടോ ഡ്രൈവറായ ശ്രീകുമാര്‍ എന്ന പ്രദീപാണ്. ഒരു തിരക്കഥ തന്നെ പൂര്‍ത്തിയാക്കി സംവിധായകനാകാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് അദ്ദേഹം. പറഞ്ഞാല്‍ ഇനിയുമുണ്ട്. 29ാമത് ഐഎഫ്എഫ്‌കെ ഇവര്‍ക്ക് രണ്ടു പേര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുകയാണ് ബിന്ദു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത്തവണത്തെ IFFK കൊട്ടും മേളവുമായി ആരവത്തോടെ കൊടിയിറങ്ങി. എന്നാല്‍ നമുക്ക് ഒട്ടും പരിചിതമല്ലാത്ത രണ്ട് IFFK കാഴ്ചകളിലേക്ക്
1 . സരോജ
ഞാന്‍ ‘The Teacher ‘ എന്ന പാലസ്തീന്‍ ചിത്രം കാണാന്‍ ക്യൂ നില്‍ക്കുമ്പോഴാണ് സരോജ കയറി വരുന്നത് . വിയര്‍ത്തു കുളിച്ച് , ഒരു കൈയ്യില്‍ കായ സഞ്ചിയും മറു കൈയ്യില്‍ മൂന്ന് തട്ടുകളുള്ള സ്റ്റീല്‍ ഡബ്ബയും . തീയേറ്ററിനകം വൃത്തിയാക്കാനോ മറ്റോ വന്നതാവുമെന്നു ഒറ്റനോട്ടത്തില്‍ തോന്നും. പക്ഷെ പിന്നീട് കാണുന്നത് സീനിയര്‍ സിറ്റിസണ്‍ ക്യൂവിലാണ്. അകത്തു കയറിയപ്പോള്‍ എന്റെ തൊട്ടടുത്ത സീറ്റില്‍. ഞാന്‍ പരിചയപ്പെട്ടപ്പോള്‍ എന്നോട് പറഞ്ഞ ജീവിത കഥ അതിലും കൗതുകകരം .
ആറ്റിങ്ങല്‍ അവനവഞ്ചേരിക്കടുത്തുള്ള ഒരു സ്ഥലത്തു നിന്ന് ഈ ദൂരമത്രയും ഒരു ടൂ വീലര്‍ ഓടിച്ചാണ് സിനിമ കാണാന്‍ വരുന്നത് .ചെറുപ്പം മുതല്‍ സിനിമ വല്യ ആവേശമായിരുന്നു . പ്രീഡിഗ്രി ഒന്നാം വര്ഷം പഠിക്കുമ്പോള്‍ തന്നെ കല്യാണം കഴിഞ്ഞു മുഴുവന്‍ സമയ വീട്ടമ്മയായി .
വീട്ടില്‍ തീറ്റി പോറ്റാന്‍ കോഴികള്‍ ,പശു ,പട്ടി,ഭര്‍ത്താവ് ,കുട്ടികള്‍ പിന്നെ പേരക്കുട്ടികള്‍ എല്ലാം ഉണ്ട്. സമയാസമയം ഭക്ഷണം മുന്നിലെത്തിയാല്‍ കക്ഷി സിനിമയ്ക്ക് വരുന്നതില്‍ ആര്‍ക്കും പരാതിയില്ല.
എല്ലാ ദിവസവും നാല് സിനിമ കാണും .വൈകുന്നേരം 6 മണിക്കുള്ള ഷോ കഴിഞ്ഞാല്‍ തിരികെ വീട്ടിലേക്ക്. രാത്രി എത്തിയാല്‍ പച്ചക്കറി അരിയാനും പിറ്റേന്നുള്ള പാചകത്തിന്റെ ഒരുക്കങ്ങളും.
വെളുപ്പിനെ ഉണര്‍ന്നു പശുവിനെ കറന്ന്, ആ ദിവസത്തേക്കുള്ള എല്ലാ പാചകവും ചെയ്ത് പ്രഭാത ഭക്ഷണവും പാക്ക് ചെയ്ത് യാത്ര തിരിക്കും. കോഴിക്കും പശുവിനും തീറ്റ കൊടുക്കാന്‍ അടുത്ത വീട്ടിലെ കൂട്ടുകാരിയെ ഏല്‍പ്പിക്കും .
എല്ലാ സിനിമകളും അതീവ സൂക്ഷ്മതയോടെ ആണ് കാണുന്നത്. ക്യാമറ ,എഡിറ്റിംഗ് ,BgM എല്ലാം ശ്രദ്ധിക്കും .സബ് ടൈറ്റില്‍ ചില വാക്കുകള്‍ ചിലപ്പോള്‍ മിസ്സാകും. ലോകത്തെ പല രാജ്യങ്ങളില്‍ കൂടെയുള്ള മാനസ സഞ്ചാരം കൂടിയാണ് ഈ സിനിമ കാഴ്ചകള്‍.
QUEER എന്ന സിനിമയേക്കുറിച്ചു പറഞ്ഞത് ആണായാലും പെണ്ണായാലും അവര് പരസ്പരം സ്‌നേഹിക്കുവല്ലേ ,വഴക്കു കൂടുവല്ലല്ലൊ .ബാക്കി മനുഷ്യര്‍ക്ക് അതില്‍ എന്താ കാര്യം ? അവര് സന്തോഷായി ജീവിക്കട്ടെ എന്നാണ്. ഫോട്ടോയ്ക്ക് പോസ് ചെയ്യാനോ അത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യാനോ തീരെ താല്പര്യം ഇല്ല പത്രക്കാരൊക്കെ ചോദ്യങ്ങളുമായി ചെന്നാല്‍ മറുപടി കൊടുക്കാന്‍ തീരെ സമയമവുമില്ല .
2 . ശ്രീകുമാര്‍ അഥവാ പ്രദീപ് രാജ്
സമയം അല്പം വൈകിയത് കൊണ്ട് അല്പം വെപ്രാളത്തോടെയാണ് പേരൂര്‍ക്കടയില്‍ നിന്ന് UBER AUTO യില്‍ കയറിയത്.
‘ The Girl With the Needle’ കാണാനല്ലേ എന്ന് ഓട്ടോ ഡ്രൈവര്‍ ചോദിച്ചപ്പോള്‍ ഞാന്‍ അന്തം വിട്ടു. പുള്ളിയും അതേ സിനിമ കാണാന്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പിന്നെയും അന്തം വിട്ടു
. കുടുംബ പ്രാരാബ്ധങ്ങള്‍ മൂലം ശ്രീകുമാര്‍ പത്താം ക്ലാസ്സില്‍ പഠനം നിര്‍ത്തി. മൂന്നു പെങ്ങന്മാര്‍, അവരുടെ കല്യാണം, എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തു നടത്തി.പതിനഞ്ചു വയസ്സ് മുതല്‍ ചെയ്യാത്ത ജോലികളില്ല. ഇതിനിടയിലും സിനിമ ഭ്രാന്തായിരുന്നു .പട്ടിണി കിടന്നാലും സിനിമ മാത്രം മുടക്കിയിട്ടില്ല
എല്ലാ IFFK ക്കും സജീവ സാന്നിധ്യം . ഇറാനിയന്‍ സിനിമകളാണ് ഏറ്റവും ഇഷ്ടം. ലോക സിനിമകളെ കുറിച്ച് അഗാധമായ അറിവുണ്ട്. The Witness എന്ന സിനിമയുടെ അവസാനത്തെ അഞ്ചു മിനിട്ടു അതിനെ ഒരു ലോക നിലവാരത്തിലേക്ക് ഉയര്‍ത്തി എന്നാണ് കക്ഷിയുടെ അഭിപ്രായം. മൂന്നാലു മലയാളം സിനിമയില്‍ ചെറുതായി തല കാണിച്ചിട്ടുണ്ട്. സ്വന്തമായി ഒരു സിനിമ സ്‌ക്രിപ്റ്റ് എഴുതി പൂര്‍ത്തിയാക്കി വച്ചിട്ടുണ്ട് . അത് സ്വന്തമായി സംവിധാനം ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ തെളിയുന്നത്
സംവിധാനം പ്രദീപ് രാജ് എന്നായിരിക്കും
ടാഗോര്‍ തീയേറ്ററില്‍ എന്നെ ഇറക്കി കാക്കി യൂണിഫോം അഴിച്ചുമാറ്റി അതിന്റെ കീഴിലുള്ള തിളങ്ങുന്ന ജുബ്ബയില്‍ ശ്രീകുമാര്‍ പ്രദീപ് രാജായി മാറി എന്നോടൊപ്പം തീയേറ്ററിലേക്ക് നടന്നു
സരോജത്തിനും ശ്രീകുമാര്‍ അഥവാ പ്രദീപ് രാജിനുമായി 29 ആമതു IFFK ഞാന്‍ സമര്‍പ്പിക്കുന്നു . . .
ബിന്ദു സാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News