എക്‌സറെയെ പറ്റിക്കാന്‍ കഴിയില്ല. പാവം ഡെയ്‌സിക്ക് അതറിയില്ലല്ലോ! അതിനാല്‍ തന്നെ എക്‌സറെ റിസള്‍ട്ട് കിട്ടിയപ്പോള്‍ കൃഷ്ണദാസും കുടുംബവും തലയില്‍ കൈ വച്ചു, ‘എന്നാലും എന്റെ ഡെയ്‌സി നിനക്ക് മറ്റൊന്നും കിട്ടിയില്ലെ’. ഡെയ്‌സി വെറുതെ കുരച്ചു, ഞാനൊന്നും ചെയ്തില്ല എന്ന മട്ടില്‍.
ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ഡെയ്‌സിയെന്ന നായ്കുട്ടിയെക്കുറിച്ചാണ് പറയുന്നത്. നായ്ക്കുട്ടിയുടെ എക്‌സറെ എടുക്കേണ്ടി വന്ന കഥയാണ് അതിശയകരം. സ്വര്‍ണ്ണത്തിന് പൊള്ളുന്ന വില കയറുന്ന സമയത്ത് മൂന്ന് പവന്റെ മാല കാണാതെ പോയാല്‍ എന്ത് ചെയ്യും? മൂന്ന് പവനെന്ന് പറയുമ്പോള്‍ നടപ്പുവില അനുസരിച്ചാണെങ്കില്‍ ഒന്നര ലക്ഷത്തിന് അടുത്ത് വരും. ഒലവക്കോട് ആണ്ടിമഠം സ്വദേശി കെ.പി കൃഷ്ണദാസും കുടുംബവും അതിനാല്‍ തന്നെ മൂന്നുപവന്റെ സ്വര്‍ണ്ണമാല കാണാതായതോടെ പരിഭ്രാന്തിയിലായി. കൃഷ്ണദാസിന്റെ ഭാര്യ ബേബി കൃഷ്ണയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാലയാണ് കാണാതായത്. വീടും പരിസരവുമെല്ലാം അരിച്ചു പെറുക്കിയെങ്കിലും മാലമാത്രം കിട്ടിയില്ല.
മാലനഷ്ടപ്പെട്ട സങ്കടത്തില്‍ ഇരിക്കുമ്പോഴായിരുന്നു വീട്ടില്‍ വളര്‍ത്തുന്ന ഡെയ്‌സിയെ കുടുംബം ശ്രദ്ധിക്കുന്നത്. വീടിന്റെ മൂലക്കിരുന്ന പെന്‍സില്‍ കടിച്ചുപറിക്കുകയായിരുന്നു ഡെയ്‌സി. ‘ഡെയ്‌സി മാലയെങ്ങാനും വിഴുങ്ങിയിരിക്കുമോ’ വീട്ടുകാരുടെ ചിന്ത ആ വഴിക്കായി. സംശയനിവാരണത്തിനായി കൃഷ്ണദാസും കുടുംബവും ഡെയ്‌സിയുമായി എക്‌സറെ എടുക്കാന്‍ പോയി. എക്‌സറെ കളവ് പറഞ്ഞില്ല. കാണാതായ മൂന്നു പവന്‍ ഡെയ്‌സിയുടെ വയറ്റില്‍. ഇനി അതെങ്ങനെ പുറത്തെടുക്കുമെന്നായി കുടുംബം. ഡെയ്‌സിയെയും കൊണ്ട് നേരെ ജില്ലാ മൃഗാശുപത്രിയിലേക്ക് വച്ചുപിടിച്ചു. വിസര്‍ജ്ജ്യത്തിനൊപ്പം മാല പുറത്തുവന്നില്ലെങ്കില്‍ ശസ്ത്രക്രിയ ചെയ്യാമെന്നായി ഡോക്ടര്‍. ഓപ്പറേഷന് തിയതിയും കുറിച്ചു.
ഡെയ്‌സിയുടെ വയറ് കീറേണ്ടി വരുമല്ലോ എന്ന വിഷമത്തിലായ വീട്ടുകാര്‍ ഡെയ്‌സിക്ക് ധാരാളം ഭക്ഷണം നല്‍കി. പക്ഷെ മാല മാത്രം പുറത്തേക്ക് വന്നില്ല. വീട്ടുകാര്‍ ഓപ്പറേഷന്‍ ഉറപ്പിച്ചു. ഒരിക്കല്‍ കൂടി എക്‌സറേ എടുത്തു. ഇത്തവണയും എക്‌സറെ ചതിച്ചില്ല. മാല പുറത്തേക്ക് വരുന്ന നിലയിലാണെന്ന് മൃഗഡോക്ടര്‍ സാക്ഷ്യപ്പെടുത്തി. മൂന്നാം ദിനം മാല പുറത്തേക്ക് വന്നു. ഡെയ്‌സി തന്നെയാണ് പുറത്തേക്ക് വന്ന മാല കാണിച്ചുകൊടുത്തത്. കുറച്ചു ദിവസം നായ്കുട്ടിയുടെ വയറ്റില്‍ കിടന്നതിന്റെ നിറം മാറ്റം ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ മാലയ്ക്ക് മറ്റു കുഴപ്പമൊന്നുമില്ല. കാര്യങ്ങള്‍ ശുഭകരമായി പര്യവസാനിച്ചതിന്റെ സന്തോഷത്തിലാണ് കൃഷ്ണദാസും കുടുംബവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here