ജീവന്റെ തുടിപ്പന്വേഷിച്ച്, ദുരന്തഭൂമിയിലെ വഴികാട്ടിയായും പ്രതീക്ഷയായും ഡോഗ് സ്‌ക്വാഡുകള്‍

ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ നടത്തുന്ന തിരച്ചിലിന് കരുത്തേകുന്ന ഡോഗ് സ്‌ക്വാഡുകള്‍ ശ്രദ്ധ നേടുന്നു. വിവിധ സേനാ വിഭാഗങ്ങള്‍ നടത്തുന്ന തിരച്ചിലിനൊപ്പം ഡോഗ് സ്‌ക്വാഡുകളും നടത്തിയ തിരച്ചിലുകളാണ് പലപ്പോഴും രക്ഷാപ്രവര്‍ത്തകരെ നിര്‍ണായക കണ്ടെത്തലുകളിലേക്ക് നയിച്ചിട്ടുള്ളത്. വിവിധ സേനാവിഭാഗങ്ങളുടെ തിരച്ചിലിനൊപ്പം പങ്കെടുത്തിട്ടുള്ള ഡോഗ് സ്‌ക്വാഡുകളില്‍ പരിശീലനം സിദ്ധിച്ച 11 നായകളാണ് ഉള്ളത്. കരസേന, കേരള പൊലീസ്, തമിഴ്‌നാട് അഗ്നിരക്ഷാസേന എന്നിവയുടെ ഉടമസ്ഥതയിലുള്ള നായകള്‍ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ സജീവ സാന്നിധ്യമാണ്. പാറയും മണ്ണും അടിഞ്ഞുകൂടിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഡോഗ് സ്‌ക്വാഡുകളുടെ തിരച്ചില്‍. യന്ത്രങ്ങള്‍ എത്തിച്ചേരാന്‍ ദുഷ്‌കരമായ മലയിടുക്കുകളിലും കുന്നിന്‍ചെരിവുകളിലും അവര്‍ സസൂക്ഷ്മം പരിശോധന നടത്തുന്നു.

ALSO READ: വയനാട് ദുരന്തം: മുണ്ടക്കൈ ചൂരല്‍മല പ്രദേശവാസികള്‍ക്ക് സൗജന്യ റേഷന്‍

ദുരന്തത്തില്‍ പരുക്കേറ്റവരെ കണ്ടെത്തുക, മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുക എന്നിവയാണ് ഡോഗ് സ്‌ക്വാഡുകളുടെ ഡ്യൂട്ടി. ഇവരുടെ സഹായംകൊണ്ടു മാത്രം ഒട്ടേറെ മൃതദേഹങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ പാതകളും അതിജീവിക്കാന്‍ പ്രത്യേക ശാരീരിക ശേഷിയുള്ള ഈ നായകളുടെ സൂചനകളില്‍ നിന്നും പരിശീലകരാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുക. വയനാട് ഡോഗ് സ്‌ക്വാഡിന്റെ മാഗി, കൊച്ചി സിറ്റി പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ മായ, മര്‍ഫി എന്നീ നായകളാണ് ദൗത്യത്തിലുള്ള പ്രമുഖ ശ്വാനന്‍മാര്‍. നിലമ്പൂരില്‍ ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ എയ്ഞ്ചല്‍ എന്ന നായയും ജോലിയിലുണ്ട്. മുണ്ടക്കൈയില്‍ നിന്നു മാത്രംഇതുവരെ 15 ലധികം മൃതദേഹങ്ങളാണ് ഡോഗ് സ്‌ക്വാഡുകള്‍ കണ്ടെത്തിയിട്ടുള്ളത്. മൃതദേഹം കിടക്കുന്ന സ്ഥലങ്ങളിലെത്തി കുരച്ചും മറ്റു ചിലപ്പോള്‍ രണ്ടു കൈകള്‍ കൊണ്ട് മണ്ണിലേക്ക് മാന്തിയും വാലാട്ടിയുമൊക്കെ നായകള്‍ സൂചന നല്‍കാറുണ്ടെന്ന് പരിശീലകര്‍ പറയുന്നു. കൊക്കയാര്‍, പെട്ടിമുടി തുടങ്ങിയ ദുരന്തങ്ങളിലും കേരള പൊലീസിനു ഡോഗ് സ്‌ക്വാഡുകള്‍ സഹായമേകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here