അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. അവിഹിത ബന്ധം മറച്ചുവെക്കാന്‍ പോണ്‍ നടിക്ക് പണം നല്‍കിയെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രിമിനല്‍ കേസില്‍ അറസ്റ്റിലാകുന്ന ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.
കേസില്‍ ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ കോടതി ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോടതിയില്‍ ഹാജരാകാനെത്തിയത്. കോടതി നടപടികള്‍ക്കു ശേഷം ട്രംപിനെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചേക്കും എന്നാണ് സൂചനകള്‍.
ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. 36,000 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.
ചരിത്രത്തിലാദ്യമായാണ് ഒരു മുൻ അമേരിക്കൻ പ്രസിഡന്റ് ക്രിമിനൽ കേസിൽ അകപ്പെട്ട് കീഴടങ്ങേണ്ടി വരുന്നത്. 2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ട്രംപിന് ഐക്യദാർഢ്യവുമായി മൻഹാട്ടൻ കോടതി പരിസരത്ത് റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകരും തടിച്ചു കൂടിയിരുന്നു.
ട്രംപ് ടവറിൽ നിന്ന് ഇറങ്ങുമ്പോഴും കോടതിയിലേക്ക് എത്തുമ്പോഴുമെല്ലാം കാത്തുനിന്ന പ്രവർത്തകർക്ക് നേരെ മുഷ്ടി ചുരുട്ടി ഡൊണാൾഡ് ട്രംപ് അഭിവാദ്യം ചെയ്തെങ്കിലും നേരത്തെ പ്രഖ്യാപിച്ചത് പോലുള്ള അഭിസംബോധന ഉണ്ടായില്ല. തുടക്കത്തിൽ ട്രംപ് ക്യാമ്പ് പ്രകടിപ്പിച്ചിരുന്ന ആത്മവിശ്വാസം വിചാരണാ ഘട്ടത്തിൽ എത്തി നിൽക്കവേ നഷ്ടപ്പെട്ടുപോകുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here