കാനഡയെ യുഎസിന്റെ അൻപത്തിയൊന്നാമത്തെ സംസ്ഥാനമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ കാനഡയെ യുഎസ്സിൻ്റെ ഭാഗമാക്കിയുള്ള പുതിയ ഭൂപടം പ്രസിദ്ധീകരിച്ച് നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.” ഓഹ് കാനഡ” എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡീയ പ്ലാറ്റ്ഫോമായ ട്രൂത്തിലാണ് ട്രംപ് പുതിയ ഭൂപടം പോസ്റ്റ് ചെയ്തത്.
കാനഡയെ അമേരിക്കയിൽ കൂട്ടിച്ചേർക്കാൻ സാമ്പത്തിക സമ്മർദം ചെലുത്തുമെന്ന് ഫ്ലോറിഡയിലെ വസതിയിൽ വെച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
“നിങ്ങൾ കൃത്രിമമായി വരച്ച വരയിൽ നിന്ന് രക്ഷപ്പെടൂ, ശേഷം എങ്ങനെയുണ്ടെന്ന് നോക്കൂ…ദേശീയ സുരക്ഷയ്ക്ക് അതാണ് നല്ലത്..”- ട്രംപ് പറഞ്ഞു.
കാനഡയുടെ സൈനിക ചെലവുകളെക്കുറിച്ചും ട്രംപ് സംസാരിച്ചു. “അവർക്ക് വളരെ ചെറിയ സൈന്യമാനുള്ളത്. അവർ ഞങ്ങളുടെ സൈന്യത്തെ ആശ്രയിക്കുന്നു. എല്ലാം ശരിയാണ്, പക്ഷേ, നിങ്ങൾക്കറിയാമോ, അവർ അതിന് പണം നൽകണം. ഇത് വളരെ അന്യായമാണ്.”- എന്നായിരുന്നു ട്രംപിന്റെ പരാമർശം.അതേസമയം കാനഡയെ കരകയറ്റാൻ സൈനിക ശക്തി ഉപയോഗിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് ട്രംപ് നൽകിയത്.
അതേസമയം പുതിയ ഭൂപടം ഇറക്കിയതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. ഇരു രാജ്യങ്ങളും ഒന്നാകുന്ന പ്രശ്‌നമേയില്ലെന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയത്.
കാനഡയെ യുഎസ്സിന്റെ അൻപത്തിയൊന്നാമത്തെ സംസ്ഥാനമാക്കാമെന്നും അങ്ങനെ സംഭവിച്ചാൽ എത്ര മഹത്തായ രാഷ്ട്രമായിരിക്കും പിറവിയെടുക്കുക എന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനം ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചത്തിന് പിന്നാലെയാണ് ട്രംപിൻ്റെ ഈ വാഗ്ദാനം പുറത്ത് വന്നത്.“കാനഡയിലെ നിരവധി ആളുകൾ തങ്ങളുടെ രാജ്യം യുഎസ്സിൻ്റെ 51-ാമത്തെ സംസ്ഥാനമാകുന്നതിനോട് ഇഷ്ടപ്പെടുന്നുണ്ട്.കാനഡ യുഎസുമായി ലയിച്ചാൽ, താരിഫുകൾ ഉണ്ടാകില്ല, നികുതികൾ കുറയും.മാത്രമല്ല റഷ്യൻ, ചൈനീസ് കപ്പലുകളുടെ ഭീഷണിയിൽ നിന്ന് അവർ പൂർണ്ണമായും സുരക്ഷിതരായിരിക്കും’- സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ത്രൂത്തിൽ ട്രംപ് കുറിച്ചിരുന്നു.
ഇതാദ്യമായല്ല കാനഡയെ സ്വന്തമാക്കാനുള്ള ആഗ്രഹം ട്രംപ് തുറന്ന് പറയുന്നത്. നവംബറിൽ തെരഞ്ഞെടുപ്പ് വിജയിച്ചതുമുതൽ കാനഡയെ അമേരിക്കയുടെ അൻപത്തിയൊന്നാമത് സംസ്ഥാനം എന്നാണ് ട്രംപ് വിളിക്കുന്നത്.മയക്കുമരുന്നും യുഎസിലേക്ക് കടക്കുന്ന അനധികൃത കുടിയേറ്റക്കാരും ഗണ്യമായി കുറയ്ക്കാൻ കാനഡ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കനേഡിയൻ ഇറക്കുമതിക്ക് 25% തീരുവ ചുമത്തുമെന്ന് ട്രംപ് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു. മെക്‌സിക്കോയ്‌ക്കെതിരെയും ട്രംപ് താരിഫ് ഭീഷണി മുഴക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ യുഎസുമായി കാനഡയെ ലയിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here