മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ പീഡനക്കേസിൽ വിചാരണ ആരംഭിച്ചു. എഴുത്തുകാരിയായ ഇ ജീൻ കരോളിൻ്റെ മീടൂ വെളിപ്പെടുത്തലാണ് ട്രംപിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നത്. പീഡന പരാതിക്കൊപ്പം ട്രംപിനെതിരെ അപകീർത്തി കേസും നിലവിലുണ്ട്.
1990 കളിൽ ന്യൂയോർക്കിലെ ബേഗോർഫ് ഗുഡ്മാൻ ഡിപ്പാർട്ട്മെൻറ് സ്റ്റോറിൽ വച്ച് ട്രംപ് തന്നെ പീഡിപ്പിച്ചു എന്നാണ് എഴുത്തുകാരിയായ ഇ ജീൻ കരോളിൻ്റെ വാദം. എന്നാൽ കഴിഞ്ഞവർഷം തൻറെ ട്രൂത്ത് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ആരോപണം നിഷേധിക്കുകയായിരുന്നു ട്രംപ്. തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും കരോളിൻെറ പുസ്തകം വിറ്റുപോകാൻ വേണ്ടിയാണ് വ്യാജ ആരോപണമെന്നും ട്രംപ് വാദിക്കുന്നുണ്ട്. നിലവിൽ പീഡന പരാതിയും പീഡനം നിഷേധിച്ച് തന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചുവെന്ന അപകീർത്തി പരാതിയുമാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. ട്രംപ് പീഡിപ്പിച്ചു എന്ന് ആരോപിക്കുന്ന രണ്ടു വനിതകളെ കൂടി കോടതിയിൽ വിസ്തരിക്കാൻ സാധ്യതയുണ്ട്.
അടുത്ത തവണ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാത്തിരിക്കുന്ന ഡൊണാൾഡ് ട്രംപ് കേസിനെ കോടതിയിൽ വച്ച് നേരിടും എന്നാണ് പ്രഖ്യാപിക്കുന്നത്. ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിനുള്ള മൻഹാട്ടൻ കോടതിയിൽ രാഷ്ട്രീയം പ്രയോഗിക്കപ്പെടരുത് എന്നാണ് ട്രംപിന്റെ അഭിഭാഷകൻ ജോ ടകോപിനയുടെ ആവശ്യം. ലൈംഗികബന്ധം മറച്ചുവെക്കാൻ തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് പണം എടുത്ത് കൈക്കൂലി നൽകിയെന്ന കേസിൽ വിചാരണ നേരിടുന്ന ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് സുപ്രധാന രേഖകൾ കടത്തിക്കൊണ്ടുപോയി എന്ന കേസിലും ക്യാപ്പിറ്റോൾ കലാപം ആസൂത്രണം ചെയ്തു എന്ന കേസിലുമടക്കം കുറ്റാരോപിതനാണ്. ട്രംപിന് നേരെയുള്ള മറ്റൊരു മീടൂ കേസ് വിചാരണയിലേക്ക് കടക്കുന്നതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ട്രംപിന്റെ ഭാവി എന്താകുമെന്ന കൗതുകത്തിലാണ് ലോകം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here