നിര്‍മ്മലയ്ക്ക് സ്ത്രീപ്രസ്ഥാനങ്ങളും സ്ത്രീകളും മാപ്പുനല്‍കില്ല: മന്ത്രി ഡോ. ബിന്ദു

സ്ത്രീ രാഷ്ട്രീയത്തിന്റെ ലാഞ്ഛന പോലുമില്ലാത്ത കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ പിണിയാളുകളായി ഉന്നത ഭരണനേതൃത്വത്തിലുള്ള സ്ത്രീ വരെ മാറുന്നത് ഏറ്റവും ലജ്ജാകരവും ഹീനവുമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

ഐ ടി പ്രൊഫഷണല്‍ അന്ന സെബാസ്റ്റ്യന്റെ വേദനാകരമായ ജീവന്‍ വെടിയലിന്റെ ഉത്തരവാദിത്തം അവളിലും അവളുടെ കുടുംബത്തിലും ചാര്‍ത്തി കൈ കഴുകുന്ന കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ വാക്കുകള്‍ കോര്‍പ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാന്‍ ഉതകിക്കാണും, സ്ത്രീജനത പക്ഷെ അതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നത് ആവേശത്തോടെ കാണുന്നു – മന്ത്രി ഡോ. ബിന്ദു ഫേസ് ബുക്കില്‍ കുറിച്ചു.

ALSO READ: സൗദി ദേശീയ ദിനം; ആഘോഷ പരിപാടികളുമായി രാജ്യം

കുടുംബത്തിലും തൊഴിലിടങ്ങളിലും അടക്കമുള്ള ബഹുമുഖമായ ഉത്തരവാദിത്തങ്ങള്‍ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടി വരുന്നവരാണ് സ്ത്രീകള്‍ പൊതുവില്‍. അവയിലെല്ലാം ഒരിളവും കൂടാതെ മികവ് കാത്തുസൂക്ഷിക്കാനും പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനും അവ സാധിക്കാതെ വരുമ്പോള്‍ ഇപ്പറഞ്ഞ ഇടങ്ങളില്‍ നിന്നെല്ലാം തുറുകണ്ണുകള്‍ നേരിടേണ്ടി വരുന്നതും ഓരോ സ്ത്രീയ്ക്കും അനുഭവമാണ്. അവ വരുത്തി വെക്കുന്ന ഭാരവും സമ്മര്‍ദ്ദവും നേരിടുന്നതില്‍ ഒരു കൂട്ടും അവര്‍ക്ക് താങ്ങാവാന്‍ പര്യാപ്തമാകാറുമില്ല. ഈ പൊതു അവസ്ഥയ്ക്ക് കൂടുതല്‍ ക്രൂരദംഷ്ട്ര കൈവന്നിരിക്കുകയാണ് കോര്‍പ്പറേറ്റ് കാലത്ത്. അതിന്റെ രക്തസാക്ഷിയാണ് അന്ന സെബാസ്റ്റ്യന്‍. കോര്‍പ്പറേറ്റ് തൊഴില്‍ സംസ്‌കാരത്തിന്റെ സഹജമായ കുഴപ്പങ്ങള്‍ സ്ത്രീകളെ എത്ര നീതിരഹിതമായാണ് ബാധിക്കുന്നതെന്നത് കാണാന്‍ കഴിയാത്തത് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ രാഷ്ട്രീയം എത്ര മാത്രം സ്ത്രീവിരുദ്ധമാണെന്നതിന് അടിവരയിടുന്നതാണ് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

തൊഴില്‍ സമ്മര്‍ദ്ദങ്ങള്‍ സ്ത്രീകള്‍ സ്വയം നേരിടണമെന്ന നിര്‍മ്മലയുടെ വാക്കുകള്‍ ആരോഗ്യകരമായ തൊഴിലന്തരീക്ഷം അവര്‍ക്ക് സൃഷ്ടിച്ചു കൊടുക്കുന്നതില്‍ കോര്‍പ്പറേറ്റുകള്‍ക്കുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് അവരെ നൈസായി ഒഴിവാക്കിക്കൊണ്ടുള്ള കുത്സിതത്വമാണ്.
ചൂഷണലക്ഷ്യം ഒളിച്ചു വെയ്ക്കാതെയുള്ള തൊഴില്‍ദാതാക്കളുടെ ലാഭക്കൊതിയ്ക്ക് ഇരയാക്കാന്‍ തൊഴിലിടങ്ങളെ പരിപൂര്‍ണ്ണമായി സ്ത്രീവിരുദ്ധമാക്കി മാറ്റുകയെന്ന വലതുപക്ഷ രാഷ്ട്രീയ ഉദ്ദേശമാണ് അവരുടെ വാക്കില്‍ തെളിയുന്നത്.

നിര്‍മ്മല സീതാരാമനെപ്പോലെ അഭ്യസ്തവിദ്യയെന്ന് കരുതപ്പെടുന്ന ഒരാളില്‍ നിന്ന് മാപ്പോ പശ്ചാത്താപമോ അന്നയുടെ മരണത്തെച്ചൊല്ലി നടത്തിയ പരാമര്‍ശത്തില്‍ പ്രതീക്ഷിക്കുക വയ്യ. എന്നാലത് ഈ നാട്ടിലെ വകതിരിവുള്ള സ്ത്രീകളും സ്ത്രീപ്രസ്ഥാനങ്ങളും മാപ്പാക്കി തരുമെന്ന് പ്രതീക്ഷിക്കണ്ട – മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി.

ALSO READ: ‘അഴീക്കോടന്‍റേയും പിണറായിയുടേയും പാര്‍ട്ടി വളരരുതെന്നാണ് മാധ്യമങ്ങളുടെ നിലപാട്: പി കെ ശ്രീമതി ടീച്ചർ

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അധിക സമ്മര്‍ദ്ദം, പ്രത്യേകിച്ചും ഐ ടി മേഖലയിലുള്ളത്, നിസ്സാരവല്കരിച്ചു കൊണ്ട് ഇനി മുന്നോട്ടു പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന ദുര്‍നയങ്ങളാണ് അടുക്കള വിട്ട് അരങ്ങിലെത്തുന്ന സ്ത്രീജനതയെ അതിലും വലിയ തടങ്കല്‍ പാളയത്തില്‍ കുരുക്കാന്‍ ഇടവരുത്തുന്നതെന്നത് സുവ്യക്തമായി വരികയാണ്. തൊഴിലെടുക്കുന്ന ആത്മാഭിമാനമുള്ള ഓരോ സ്ത്രീയും അവരുടെ പ്രസ്ഥാനങ്ങളും അതിലെ സ്ത്രീവിരുദ്ധ രാഷ്ട്രീയത്തെ വിചാരണ ചെയ്യുകതന്നെ ചെയ്യും. അതിന്റെ തുടക്കമാണ് അന്നയ്ക്ക് നീതി കിട്ടാത്തതിനെതിരെയും നിര്‍മ്മലയുടെ ഒളിയജണ്ടക്കെതിരെയും പൊതുസമൂഹത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന പ്രതിഷേധ സ്വരങ്ങള്‍ – മന്ത്രി ഡോ. ബിന്ദു പറഞ്ഞു. അവയോട് നിരുപാധികം ഐക്യദാര്‍ഢ്യപ്പെടുകയാണെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News