ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ച് ബിജെപി നുണ പ്രചരിപ്പിക്കുകയാണെന്നും അമിത്ഷായെ പ്രധാനമന്ത്രി പുറത്താക്കില്ലെന്ന് അറിയാമെങ്കിലും വസ്തുതകൾ പഠിക്കാൻ സർക്കാർ തയാറാകണമെന്നും ഖാർഗെ പറഞ്ഞു.
കേന്ദ്ര സർക്കാർ നിലപാടിൽ ദുഃഖമുണ്ടെന്നും പാർലമെൻ്റിൽ സമാധാനപരമായാണ് തങ്ങൾ പ്രതിഷേധിച്ചതെന്നും ബിജെപി നേതാക്കളുടെ ആക്രമണത്തിൽ തൻ്റെ കാൽമുട്ടിന് പരിക്കേറ്റെന്നും ഖാർഗെ പറഞ്ഞു. അംബേദ്കർ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ബിജെപി സഭയിൽ ഇന്ന് പ്രശ്നമുണ്ടാക്കിയതെന്നും ബിജെപി നേതാക്കൾ വടികളുമായാണ് പാർലമെൻ്റിൽ എത്തിയതെന്നും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആരോപിച്ചു.
അദാനിക്കെതിരെ അമേരിക്കയിൽ കേസ് വന്നത് മുതലാണ് പാർലമെൻ്റിൽ പ്രശ്നങ്ങൾ തുടങ്ങുന്നതെന്നും പാർലമെൻ്റിൽ ബിജെപി ഇക്കാര്യത്തിൽ ചർച്ച ആഗ്രഹിക്കുന്നില്ലെന്നും രാഹുൽഗാന്ധി തുടർന്ന് പറഞ്ഞു. പ്രധാനമന്ത്രി അദാനിക്ക് രാജ്യത്തെ വിൽക്കുകയാണെന്നും പാർലമെൻ്റിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here