രണ്ട് സ്വകാര്യ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

ജനറൽ ക്ലോസസ് (ഭേദഗതി) ബിൽ, യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ (ഭേദഗതി) ബിൽ എന്നീ രണ്ട് സ്വകാര്യ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം.പി. ഗവർണർമാർ ചാൻസലർ പദവി ഉൾപ്പെടെയുള്ള ഭരണഘടനാ ബാഹ്യപദവികൾ വഹിക്കുന്നതിനെതിരെ മറ്റൊരു സ്വകാര്യ ബില്ലുകൂടി സമർപ്പിച്ചിരുന്നെങ്കിലും ഭരണപക്ഷത്തിന്റെ രൂക്ഷമായ എതിർപ്പിനെ തുടർന്ന് വോട്ടെടുപ്പ് നടത്തി പ്രസ്തുത ബില്ലിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.

ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് അനുകൂലമായി ജനറൽ ക്ലോസസ് നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ജനറൽ ക്ലോസസ് (ഭേദഗതി) ബില്ലും യുജിസി ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും മുകളിൽ സംസ്ഥാന നിയമസഭകൾ പാസാക്കുന്ന നിയമങ്ങൾക്ക് മുൻഗണന നല്കണം എന്ന് നിർദ്ദേശിക്കുന്ന യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ (ഭേദഗതി) ബില്ലുമാണ് ഡോ. ജോൺ ബ്രിട്ടാസ് എംപിക്ക് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത്.

ALSO READ: ഞങ്ങളുടെ പിന്തുണ കമലയ്ക്ക് തന്നെ; ഇത് ചരിത്രപരമാകും: ഒബാമയുടെ ട്വീറ്റ് വൈറല്‍, വീഡിയോ

യുജിസി ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും മുകളിൽ സംസ്ഥാന നിയമസഭകൾ പാസാക്കുന്ന നിയമങ്ങൾക്ക് മുൻഗണന നല്കുന്നതിനാണ് യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ (ഭേദഗതി) ബിൽ. ഏതെങ്കിലും സംസ്ഥാന നിയമ സഭ അംഗീകരിച്ച ഒരു നിയമത്തിന് യുജിസിയുടെ ഏതെങ്കിലും ചട്ടമോ വ്യവസ്ഥയോ എതിരായാൽ ആ സംസ്ഥാനത്ത് അവിടുത്തെ നിയമസഭയുടെ നിയമം നിലനില്ക്കുമെന്നും യുജിസിയുടെ പ്രസ്തുത ചട്ടവും വ്യവസ്ഥയും അസാധുവാകുമെന്നും ഭേദഗതി വ്യക്തമാക്കുന്നു. ഇതിനുള്ള വ്യവസ്ഥ യുജിസി നിയമത്തിൽ ഉൾപ്പെടുത്തണമെന്ന് ഈ ഭേദഗതി നിർദ്ദേശിക്കുന്നു. വിദ്യാഭ്യാസമേഖലയിൽ സഹകരണ ഫെഡറലിസം ഉറപ്പുവരുത്തുന്നതിനാണ് ഈ ഭേദഗതി എന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ഭരണഘടനാ ശില്പികൾ വിദ്യാഭ്യാസത്തെ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ സംസ്ഥാന വിഷയമായി നിലനിർത്തി സംസ്ഥാനങ്ങളുെട അവകാശങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. എന്നാൽ അടിയന്തരാവസ്ഥ കാലത്ത് ഭരണഘടനാ ഭേദഗതിയിലൂടെ ഇത് കൺകറന്റ് ലിസ്റ്റിലേയ്ക്കു മാറ്റി. ഇതുമൂലം സംസ്ഥാനങ്ങൾക്ക് അവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളുടേയും സർവ്വകലാശാലകളുടേയും മേൽനോട്ടം വഹിക്കാനുള്ള അധികാരം ഗണ്യമായ തോതിൽ നഷ്ടമായി. ഇപ്പോൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുമേൽ കേന്ദ്ര സർക്കാർ പിടിമുറുക്കുന്ന സാഹചര്യവും ഉണ്ടായിരിക്കുന്നു. ഇതോടനുബന്ധിച്ച് ഉടലെടുത്ത കേസുകളിലെ കോടതി വിധികളും ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്ന് ബില്ലിൽ സൂചിപ്പിക്കുന്നു. അതിനാൽ ഭരണഘടനാനിർമ്മാതാക്കൾ വിഭാവനം ചെയ്ത ലക്ഷ്യങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളും ഫെഡറലിസത്തിന്റെ മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ ഇത്തരമൊരു ഭേദഗതി അനിവാര്യമാണെന്ന് യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ (ഭേദഗതി) എന്ന സ്വകാര്യ ബിൽ അവതരിപ്പിച്ച് കൊണ്ട് ഡോ. ജോൺ ബ്രിട്ടാസ് എം. പി. ചൂണ്ടിക്കാട്ടി.

രാജ്യത്ത് പാസാക്കുന്ന ഏത് നിയമങ്ങളും വ്യാഖ്യാനിക്കുന്നതിനുള്ള മൂലഗ്രന്ഥമായി കണക്കാകുന്നത് 1897ൽ പാസാക്കിയ ജനറൽ ക്ലോസസ് നിയമം ആണ്. മറ്റു നിയമങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകളുടെ അർത്ഥവും സംജ്ഞയും ജനറൽ ക്ലോസസ് നിയമത്തിൽ അനുശാസിക്കുന്ന രീതിയിലാണ് കണക്കിലെടുക്കേണ്ടത് എന്നതിനാൽ തന്നെ ഇതിനെ നിയമങ്ങളുടെ നിയമം എന്നും പറയുന്നു. എന്നാൽ ഈ നിയമത്തിൽ ട്രാൻസ്ജെൻഡർ എന്ന വാക്കിന്റെ വ്യാഖ്യാനം നൽകിയിട്ടില്ലെന്നതിനാൽ പ്രസ്തുത വാക്ക് കൂടി ജനറൽ ക്ലോസസ് നിയമത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്, മാത്രമല്ല നിയമങ്ങളിലും ചട്ടങ്ങളിലും പുല്ലിംഗം ഉപയോഗിച്ചാൽ അത് സ്ത്രീലിംഗത്തെയും സ്ത്രീലിംഗം ഉപയോഗിച്ചാൽ അത് പുല്ലിംഗത്തെയും കൂടി ഉൾക്കൊള്ളുന്നതാണെന്ന് മാത്രമേ നിലവിൽ ജനറൽ ക്ലോസസ് നിയമത്തിൽ അനുശ്ശാസിച്ചിട്ടുള്ളൂ എന്നതിനാൽ ഇതിൽ ട്രാൻസ്ജെൻഡറും ഉൾക്കൊള്ളും എന്നുകൂടി ഭേദഗതി ചെയ്യണം. എന്നിങ്ങനെ ട്രാൻസ് ജെൻഡർ വ്യക്തികൾക്കു കൂടി നിയമങ്ങളുടെ പരിരക്ഷയും ആനുകൂല്യവും ഉറപ്പു വരുത്താൻ സഹായിക്കുന്നതിന് ഉതകുന്ന ഭേദഗതികളാണ് ജോൺ ബ്രിട്ടാസ് എംപി തന്റെ ജനറൽ ക്ലോസസ് നിയമം (ഭേദഗതി) ബിൽ എന്ന സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചതിലൂടെ ആവശ്യപ്പെട്ടത്.

ALSO READ: കാര്‍ഷിക സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിക്ക് സ്റ്റേ; ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News