മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹന്‍ സിങ്ങിൻ്റെ വിയോഗത്തില്‍ അനുശോചിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ഡോ. മൻമോഹന്‍ സിങ് ഏറ്റവും സുപ്രധാന ഘട്ടത്തില്‍ സമ്പദ്ഘടനയെ നയിച്ച പ്രതിഭാശാലിയായിരുന്നുവെന്നും രാജ്യത്തിൻ്റെ പ്രധാന ഘട്ടങ്ങളില്‍ രാജ്യത്തെ നയിച്ച സൗമ്യഭാവമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ജനാധിപത്യത്തിൻ്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗ് എന്നും തൻ്റെ രാഷ്ട്രീയജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു
ALSO READ; മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു
രാജ്യത്തെ സമുന്നതരായ നേതാക്കളില്‍ ഒരാള്‍ വിടവാങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞനെനയാണ് നഷ്ടമായതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.മൻമോഹൻ സിംഗിന്റെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണെന്നും റിസർവ് ബാങ്ക് ഗവർണർ രാജ്യത്തിൻറെ പ്രധാനമന്ത്രി എന്നീ പദങ്ങളിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നുവെന്നും അമിത് ഷാ പ്രതികരിച്ചു.മൻമോഹൻ സിംഗിന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമെന്ന് അരവിന്ദ് കെജ്രിവാള്‍ അനുശോചിച്ചു.
രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.തുടര്‍ന്ന് അരോഗ്യ നില അതീവ ഗുരുതരമായതോടെ പ്രിയങ്ക ഗാന്ധി അടക്കം ദില്ലി എയിംസിലെത്തിയിരുന്നു.
2004 മുതല്‍ 2014 വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.സിഖ് വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം.1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായും പ്രവര്‍ത്തിച്ചു. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ, യുജിസി ചെയർമാന്‍ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.
1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1947ലെ വിഭജനത്തിന്‍റെ സമയത്ത് കുടുംബം ഇന്ത്യയിലെ അമൃത്സറിലേക്ക് കുടിയേറി.പഞ്ചാബ് സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ 1952ൽ ബിരുദവും 1954ൽ മാസ്റ്റർ ബിരുദവും ഒന്നാം റാങ്കിൽ നേടിയ അദ്ദേഹം പഞ്ചാബ് സർവകലാശാലയിൽ അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here