ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടപ്പോൾ ഉത്തരങ്ങളെക്കാളേറെ ചോദ്യങ്ങളാണ് അവശേഷിക്കുന്നത്. ബോണ്ടുകളുടെ സീരിയൽ നമ്പറുകളും മറ്റ് വിശദാംശങ്ങളും നൽകണമെന്ന് പറയാൻ സുപ്രീംകോടതിയെ പ്രേരിപ്പിച്ചതും ഇതാകാം. ബോണ്ടുകൾക്കായി യഥാർത്ഥത്തിൽ പണം മുടക്കിയ ഒട്ടേറെ കമ്പനികൾ ഇനിയും മറനീക്കി പുറത്തുവരാനുണ്ട്. 2018-19 വർഷം 2500 കോടിയോളം രൂപയുടെ ബോണ്ടുകൾ ക്രയവിക്രയം ചെയ്തു. ഇതിൻറെ കണക്ക് ഇനിയും പുറത്ത് വരാനുണ്ട്. ഭാഗികമായി പുറത്തുവന്ന വിവരങ്ങൾ തന്നെ കേവല പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് പുറത്തുകൊണ്ടുവരുന്നത്.
കേന്ദ്ര അന്വേഷണ ഏജൻസികളെ വേട്ടനായ്ക്കളെ പോലെ പറഞ്ഞയക്കുകയും അതിലൂടെ ആയിരക്കണക്കിന് കോടി രൂപ സംഭാവന ബോണ്ടായി സംഘടിപ്പിക്കുകയും ചെയ്ത ബിജെപി തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിക്കും അഴിമതിക്കുമാണ് കോപ്പുകൂട്ടിയത്. ഇലക്ടറൽ ബോണ്ടുകൾ കേന്ദ്രസർക്കാറിന്റെ നിർണായകമായ നയതീരുമാനങ്ങളെ സ്വാധീനിച്ചുവെന്നത് വ്യക്തം. കേന്ദ്രത്തിന്റെ വിവിധ അനുമതികൾക്കായി കാത്തുനിന്ന ഏതാനും കമ്പനികൾ സംഭാവന ചെയ്തത് 825 കോടി രൂപയാണ്. ഏറ്റവും കൂടുതൽ സംഭാവന ചെയ്ത അഞ്ച് കമ്പനികൾ എടുക്കുകയാണെങ്കിൽ അതിൽ മൂന്നിനെയും സംഭാവനയ്ക്ക് പരുവപ്പെടുത്തിയത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും ആദായനികുതി വകുപ്പിനെയും ഉപയോഗിച്ചാണ്. ഇലക്ട്രൽ ബോണ്ടുകൾ സമ്മാനിച്ച 30 കമ്പനികളുടെ പിന്നാലെ ആദ്യം വന്നത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണെന്നത് പ്രത്യേകം ശ്രദ്ധിക്കണം.
വാങ്ങിയവർ, ബോണ്ടിന്റെ തീയതികൾ എന്നിവ ഉൾപ്പെടെ 337 പേജാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഒന്നാം ഭാഗത്തിലുള്ളത്. 426 പേജുള്ള രണ്ടാം ഭാഗത്തിലാണ് രാഷ്ട്രീയപാർട്ടികളുടെ പേരും ബോണ്ടുകൾ പണമാക്കി മാറ്റിയതും നൽകിയിട്ടുള്ളത്. ആകെ 12156 കോടി രൂപയുടെ കണക്ക്. ഇതിൽ 6060 കോടി രൂപ പോയത് ബിജെപിക്കാണ്. കോൺഗ്രസിന് 1421 കോടിയും ത്രിണമൂൽ കോൺഗ്രസിന് 1609 കോടി രൂപയും ലഭിച്ചു.
നിലവിൽ പുറത്തുവന്നത് ഹിമകട്ടയുടെ ആഗ്രം മാത്രമാണ്. പേര് വരാത്ത അംബാനിയും അദാനിയും പോലുള്ള കമ്പനികളുണ്ട്. അവരുടെയൊക്കെ പണം ഊരും പേരുമില്ലാത്ത കമ്പനികളുടെ പേരിലായിരിക്കുമെന്ന് വ്യക്തം. ചുരുങ്ങിയത് 100 കമ്പനികളുടെ പേരുകൾ ആരും കേൾക്കാത്തവയാണ്. മറ്റ് ആരെകൊണ്ടെങ്കിലും ബോണ്ടുകൾ വാങ്ങിപ്പിച്ച് അവ ശേഖരിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് നൽകാൻ കഴിയും എന്നുള്ളത് കൊണ്ട് ഇരുമ്പ് മറയ്ക്കുള്ളിൽ ഒട്ടേറെ പേർ ഇനിയുമുണ്ട്. 2019ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച പുൽവാമ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ കമ്പനിയിൽ നിന്നും ബിജെപിയും കോൺഗ്രസും ബോണ്ട് വാങ്ങിയെന്ന നടുക്കുന്ന സൂചനകൾ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവയ്ക്കും. ഒരു ഉദാഹരണം, 140 കോടി രൂപയുടെ ബോണ്ട് കൈമാറി ഒരു മാസത്തിനുള്ളിൽ 14400 കോടി രൂപയുടെ താനെ ബോറിവല്ലി ഇരട്ട ടണൽ പദ്ധതിയാണ് മഹാരാഷ്ട്ര ഗവൺമെന്റ് ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എഞ്ചിനീയറിങ്ങിന് നൽകിയത്. L&T സുപ്രീംകോടതി വരെ ഈ കേസ് കൊണ്ടുപോയി.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വെട്ടിപ്പാണ് തെരഞ്ഞെടുപ്പ് ബോണ്ട് എന്ന് നിസ്സംശയം പറയാം. അനുകൂല തീരുമാനം വേണ്ടവർ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ നൽകിയിട്ടുണ്ട്. കോവിഡ് കാലം ആരും മറന്നിട്ടുണ്ടാവില്ല. വാക്സിന്റെ കാര്യത്തിൽ രണ്ട് കമ്പനികളുടെ കുത്തകയായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്. അതിൽ ഒരു കമ്പനി 50 കോടി ഇലക്ടറൽ ബോണ്ട് സംഭാവന ചെയ്തു. റബ്ബറിന്റെ വില ഇടിയാൻ കാരണം ഇറക്കുമതിയാണ്. അതിനുള്ള കാരണം കേന്ദ്രസർക്കാരിൽ ടയർ കമ്പനികൾക്കുള്ള പിടിപാടാണ്. എംആർഎഫിന് 622 കോടി പിഴയാണ് കോമ്പറ്റീഷൻ കമ്മീഷൻ ചുമത്തിയത് – കാർട്ടൽ ആയി പ്രവർത്തിച്ചതിന്. ഇലക്ടറൽ ബോണ്ടിന്റെ കാര്യത്തിൽ എംആർഎഫും ഉദാരത കാണിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
സാൻറ്റിയാഗോ മാർട്ടിനിൽ നിന്ന് രണ്ടു കോടി രൂപ മുമ്പ് തിരിച്ചു വാങ്ങുന്ന രൂപത്തിലുള്ള ബോണായി ദേശാഭിമാനി വാങ്ങിയത് മാധ്യമങ്ങൾ ദിവസങ്ങളോളം ചർച്ച ചെയ്തു. ഇപ്പോൾ പുറത്തുവന്ന കണക്ക് പ്രകാരം 1368 കോടി രൂപയാണ് സാൻറ്റിയാഗോ മാർട്ടിൽ ബോണ്ടായി ബിജെപിക്കും കോൺഗ്രസിനുമൊക്കെ നൽകിയിട്ടുള്ളത്, അതും തിരിച്ചു വാങ്ങാത്ത ബോണ്ട്. നമ്മുടെ മാധ്യമങ്ങൾ അതൊന്നും കണ്ടില്ലെന്ന് നടിക്കും അല്ലെങ്കിൽ ചരമകോളം പോലെ ഒതുക്കും. സുതാര്യത ഇല്ലെങ്കിൽ ജനാധിപത്യം തകരും എന്നതാണ് സിദ്ധാന്തം. അന്ധകാരത്തിന്റെ ചുഴിയിലേക്ക് ഗവൺമെൻറ് തീരുമാനങ്ങളും നയങ്ങളും കൊണ്ടെത്തിക്കുകയായിരുന്നു ഇലക്ടറൽ ബോണ്ടിന്റെ ലക്ഷ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here