ഇടതുപക്ഷ നേതാക്കളല്ല, നവകേരള ബസിൽ സഞ്ചരിക്കുന്നത് നമ്മുടെ സാരഥികൾ; അവരെക്കാണാൻ കുട്ടികൾ വരുന്നതിൽ അപാകതയില്ല: ഡോ. ജോൺ ബ്രിട്ടാസ് എം പി

നവകേരള സദസിനെതിരെ പ്രതിപക്ഷവും അനുബന്ധ മാധ്യമങ്ങളും ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ജോൺ ബ്രിട്ടാസ് എം പി. നവകേരള ബസിൽ സഞ്ചരിക്കുന്നത് ഇടതുപക്ഷ നേതാക്കളല്ല നമ്മുടെ സാരഥികളായ മുഖ്യമന്ത്രിയും മന്ത്രിമാരുമാണെന്ന് അദ്ദേഹം പറഞ്ഞു. അവരെ കാണാനും കേൾക്കാനും സ്കൂൾ വിദ്യാർത്ഥികൾ വന്നാലോ, വരിനിന്നാലോ അതിൽ ഒരപാകതയുമില്ലെന്നും, നവകേരളസദസ്സ് അഭൂതപൂർവ്വമായ ജനപിന്തുണയാർജ്ജിക്കുന്നു എന്നതുമാത്രമാണ് ഇപ്പോ‍ഴത്തെ കോലാഹലങ്ങളുടെ അടിസ്ഥാനകാരണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കുന്നു.

ALSO READ: ‘എന്റെ ഭര്‍ത്താവിനെ സ്വീറ്റ് ഹാര്‍ട്ട് എന്ന് വിളിക്കരുത്’, ടിപ്പിന് പകരം റെസ്റ്റോറന്റ് ജീവനക്കാരിക്കെഴുതിയ കുറിപ്പ് വൈറല്‍

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം

ദില്ലിയിൽനിന്ന് ക‍ഴിഞ്ഞ ദിവസം ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ വിളിച്ചപ്പോൾപ്പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമായിത്തോന്നി. നവകേരളസദസ്സു മുൻനിർത്തിയുള്ള മാധ്യമഭാഷ്യവും അനുബന്ധവിവാദങ്ങളുമാണ് അദ്ദേഹം പരാമർശിച്ചത്. സാങ്കല്പികമായിട്ടാണ് പറഞ്ഞതെങ്കിലും അതു ക‍ഴമ്പുള്ളതാണെന്നു ബോധ്യമായതുകൊണ്ടാണ് ഇതെ‍ഴുതാൻ പ്രചോദനമായത്.

ലിയോണാഡോ ഡാവിഞ്ചി ഈ കാലഘട്ടത്തിൽ കേരളത്തിലാണ് ജീവിച്ചിരുന്നതെന്നു സങ്കല്പിക്കുക. അദ്ദേഹം ഇടതുപക്ഷത്തു നിലയുറപ്പിച്ച കലാകാരനാണെന്നും കരുതുക. ലോക ക്ലാസിക്കുകളിലൊന്നായ മൊണാ ലിസ പ്രദർശിപ്പിക്കുന്ന ദിവസം നമ്മുടെ മാധ്യമങ്ങൾ അതിന്റെ കുറ്റങ്ങളും കുറവുകളുംവച്ച് എത്ര ദിവസം അന്തിച്ചർച്ചകൾ സംഘടിപ്പിച്ചേനെ?! ലോകത്തിലെ ഏറ്റവും മനോഹരമായ പെയ്ന്റിംഗ് എന്ന വിശേഷണമുള്ള മൊണാ ലിസയോട് നമ്മുടെ മാധ്യമങ്ങൾ അവലംബിക്കുന്ന സമീപനം ഇതാകും എന്ന നിലയുള്ളപ്പോൾ, നവകേരളസദസ്സിനോട് അവർ കൈക്കൊള്ളുന്ന നിലപാടിൽ തെല്ലും ആശ്ചര്യമില്ലെന്നാണ് എന്റെ മാധ്യമസുഹൃത്ത് പറഞ്ഞുവച്ചത്.

ALSO READ: കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

നവകേരളസദസ്സ് കണ്ണൂരെത്തിയപ്പോൾ രണ്ടു ദിവസം ഭാഗഭാക്കാകാൻ അവസരം ലഭിച്ചിരുന്നു. ഞാൻ വിദ്യാർത്ഥയായിരുന്ന തളിപ്പറമ്പ് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ തടിച്ചുകൂടിയ ആബാലവൃദ്ധം ജനങ്ങളെക്കണ്ട് അത്ഭുതം കൂറി. സംസ്ഥാനമോ ജില്ലയോ കേന്ദ്രീകരിച്ചുള്ള പരിപാടിയല്ലാതിരുന്നിട്ടുകൂടി ജനം അക്ഷരാർത്ഥത്തിൽ ഒ‍ഴുകിയെത്തുകയാണ് ചെയ്തത്.

ഈ കുറിപ്പിന്റെ വിഷയമല്ലാത്തതുകൊണ്ട്, ജനസഞ്ചയത്തിന്റെ കാര്യം അവിടെ നില്ക്കട്ടെ. ചൂടുവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും അറയ്ക്കുമെന്ന പ‍ഴമൊ‍ഴിക്ക് ഇന്നു തീർത്തും പ്രസക്തിയില്ല. എത്രതന്നെ അപമാനിക്കപ്പെട്ടാലും തങ്ങളുടെ മലീമസമായ തിരക്കഥയിൽനിന്നു പുറത്തുകടക്കില്ലെന്ന വാശിയിലാണ് നമ്മുടെ മാധ്യമങ്ങൾ. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ബസ്സിൽ ജനങ്ങൾക്കിടയിലേയ്ക്കുപോയി നേരിട്ടു പരാതികൾ കേട്ട് അവരെ അഭിസംബോധന ചെയ്യുന്നതിന്റെ ജനാധിപത്യപ്രതലമല്ല മാധ്യമങ്ങൾ ആദ്യം കണ്ടത്. അതിന്റെ ചെലവായിരുന്നു അവർക്കു വിഷയം. പിന്നീട്, ബസ്സിന്റെ പ്രത്യേകതകളായി മസാലക്കൂട്ട്. കരീബിയൻ ക്രൂയിസിന്റെ സൗകര്യങ്ങളോടാണ് ചില മാധ്യമങ്ങൾ ബസ്സിനെ തുലനം ചെയ്യാൻ ശ്രമിച്ചത്. കേന്ദ്ര സർക്കാരിലെ ഒരു ഉദ്യോഗസ്ഥസംഘം വിദേശത്തു പോകുന്നതിന്റെയോ പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ഒരു സന്ദർശനപരിപാടിയുടെയോ ചെലവുപോലും ലോകജനാധിപത്യചരിത്രത്തിൽ രചിക്കപ്പെടാൻപോകുന്ന ഈ ഏടിനില്ലെന്നത് മാധ്യമങ്ങൾ മനഃപൂർവ്വം വിസ്മരിച്ചു. 50 കോടി രൂപ തികച്ചു ചെലവുവരില്ലാത്ത ജി 20 സമ്മേളനത്തിനാണ് മോദി സർക്കാർ 4000 കോടി രൂപ ചെലവിട്ടത്. അതിനെക്കുറിച്ച് നമ്മുടെ മാധ്യമങ്ങളിൽ ഒരു വരി വാർത്ത വന്നോ എന്നു പരിശോധിക്കുന്നത് ഉചിതമാകും. മറ്റു രാഷ്ട്രങ്ങളുമായി നിലവിലുണ്ടായിരുന്ന ബന്ധംപോലും വഷളായതാണ് ജി 20-ന്റെ ബാക്കിപത്രമെന്നും മാധ്യമങ്ങൾ പറയില്ല.

ക‍ഴിഞ്ഞ ദിവസം ചർച്ചയ്ക്കായി മാധ്യമങ്ങൾ ആലേഖനംചെയ്ത ചോദ്യസാമ്പിൾ ഇതാണ്: “നവകേരളസദസ്സ് പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതു ശരിയാണോ?” ഇംഗ്ലീഷിൽ ഇതിന് ‘ലോഡഡ് ക്വസ്റ്റ്യൻ’ എന്നു പറയും – ആദ്യംതന്നെ ഒരു നിലപാടെടുത്ത് ചർച്ചയ്ക്കുപോവുക എന്നർത്ഥം. കരിങ്കൊടി കാണിക്കുന്നത് കേരളത്തിൽ പുതുമയുള്ള കാര്യമല്ല. എത്രയോ കരിങ്കൊടിപ്രക്ഷോഭങ്ങൾ നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ട്. എന്നാൽ, ഒരു പ്രക്ഷോഭവും പ്രഖ്യാപിക്കാതെ, ഇഷ്ടംപോലെ, കരിങ്കൊടിയുമായി ഇറങ്ങുന്നതിലാണ് അശ്ലീലം. യുഡിഎഫോ കോൺഗ്രസ്സോ യൂത്ത് കോൺഗ്രസ്സോ തങ്ങൾ കരിങ്കൊടിപ്രക്ഷോഭം നടത്താൻ പോവുകയാണെന്നു പറഞ്ഞിട്ടേയില്ല. നവകേരളസഭയിൽനിന്നു വിട്ടുനില്ക്കുക എന്നതുമാത്രമായിരുന്നു അവരുടെ നിലപാട്. അത് അംഗീകരിക്കാൻ അവരുടെ കൂട്ടത്തിലുള്ള ആൾക്കാർ തയ്യാറാകുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

കണ്ണൂരിലെ പ്രഭാതയോഗത്തിൽ കത്തോലിക്കാസഭയുടെ പ്രധാനസാരഥികളിൽ ഒരാളായ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അസന്ദിഗ്ധമായിപ്പറഞ്ഞ ചിലതുണ്ട്: “നവകേരളസദസ്സിൽനിന്ന് പ്രതിപക്ഷം വിട്ടുനിന്നത് ഒരു തരത്തിലും ശരിയായില്ല… എല്ലാ വിഭാഗങ്ങളുമായും സംവദിക്കാൻ അവരിലേയ്ക്കെത്തുന്ന മന്ത്രിസഭയുടെ രീതി സ്വാഗതാർഹമാണ്… ഇതു ചരിത്രത്തിൽ ഇടംനേടും.” യുഡിഎഫിന്റെ സ്ഥാനത്ത് ഇടതുപക്ഷമാണെന്നു സങ്കല്പിക്കുക, എത്ര മണിക്കൂറായിരുന്നേനെ മാധ്യമങ്ങൾ ഇതിനുമേൽ ചർച്ചകെട്ടിപ്പൊക്കുമായിരുന്നത്?

നവകേരളസദസ്സിനെ വിവാദത്തിലാക്കാൻ ആദ്യമായി അയച്ച ‘ആഡംബര മിസൈൽ’ തകർന്നപ്പോ‍ഴാണ് കരിങ്കൊടിയും സ്കൂൾ വിദ്യാർത്ഥികളും ആയുധങ്ങളായി പരിണമിച്ചത്. രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെയും (അത് കോൺഗ്രസ് പരിപാടിയായിരുന്നിട്ടുകൂടി) പ്രധാനമന്ത്രിയുടെ ക‍ഴിഞ്ഞ കൊച്ചിസന്ദർശനത്തിന്റെയും റിപ്പോർട്ടുകൾ ഒന്നു പരിശോധിച്ചാൽ നമ്മുടെ മാധ്യമങ്ങളുടെ അളവുകോൽ വ്യക്തമാകും.

ALSO READ: നവകേരള സദസിന് പണം അനുവദിച്ച് പറവൂര്‍ നഗരസഭ

ഇടതുപക്ഷത്തെ നേതാക്കളല്ല ബസ്സിൽ സഞ്ചരിക്കുന്നത്. നമ്മുടെ സാരഥികളായ മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. അവരെ കാണാനും കേൾക്കാനും സ്കൂൾ വിദ്യാർത്ഥികൾ വന്നാലോ, വരിനിന്നാലോ അതിൽ ഒരപാകതയുമില്ല. ഒരു സ്കൂളിൽ ജനപ്രതിനിധികളോ, എന്തിനേറെ ഒരു ഉദ്യോഗസ്ഥനെങ്കിലുമോ, ഒരു പരിപാടിക്കു പോയാൽ പഠനം നിർത്തിവച്ച് അവരെ വിശിഷ്ടാതിഥികളായി സ്വീകരിക്കില്ലേ? പ്രധാനമന്ത്രിയുടെ എത്രയോ പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു? കൊച്ചിയിലെ പരിപാടിയിലും വിദ്യാർത്ഥിസാന്നിധ്യം ഉണ്ടായിരുന്നില്ലേ? പാർലമെന്റു കാണാൻ പഠിപ്പു നിർത്തിവച്ച് വിദ്യാർത്ഥികളെയുംകൊണ്ട് എത്രയോ സ്കൂളുകൾ ദില്ലിയിലെത്തുന്നു. ജനാധിപത്യപ്രക്രിയയുമായി വിദ്യാർത്ഥികൾ സംവദിക്കുക എന്നത് ആക്ഷേപിക്കേണ്ടതല്ല, ആഗ്രഹിക്കേണ്ട കാര്യമാണ്.

നവകേരളസദസ്സ് അഭൂതപൂർവ്വമായ ജനപിൻതുണയാർജ്ജിക്കുന്നു എന്നതുമാത്രമാണ് ഇപ്പോ‍ഴത്തെ കോലാഹലങ്ങളുടെ അടിസ്ഥാനകാരണം. മുഖപ്രസംഗംപോലും എ‍ഴുതാൻ പ്രധാനപത്രങ്ങളെ പ്രേരിപ്പിക്കുന്നത് ഈ ഭയവിഹ്വലതയാണ്. ദില്ലിയിലെ മാധ്യമസുഹൃത്തു പറഞ്ഞതുപോലെ, കേരളത്തിൽ ചായം ചേർക്കപ്പെടാത്തതുകൊണ്ട് മൊണാ ലിസ രക്ഷപ്പെട്ടു!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News