‘ഏതെങ്കിലും നിര്‍വചനത്തില്‍ ഒതുക്കാന്‍ കഴിയുന്ന വ്യക്തിയല്ല പവിത്രന്‍’; ഡോ ജോണ്‍ ബ്രിട്ടാസ് എം പി

ദില്ലിയിലെ കോഫി ബോര്‍ഡ് ജീവനക്കാരനായിരുന്ന പി.വി.പവിത്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഡോ ജോണ്‍ ബ്രിട്ടാസ് എം പി. എ കെജി മുതലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ഇഴകോര്‍ക്കപ്പെട്ട ബന്ധമാണ് പി വി പവിത്രന്‍റേതെന്നും ഏതെങ്കിലും നിര്‍വചനത്തില്‍ ഒതുക്കാന്‍ കഴിയുന്ന വ്യക്തിയല്ല പവിത്രനെന്നും ഡോ ജോണ്‍ ബ്രിട്ടാസ് എം പി ഫേസ്ബുക്കില്‍ കുറിച്ചു.

Also Read:  ഒ.വി. വിജയന്‍ സാഹിത്യ പുരസ്‌കാരം; പി.എഫ്. മാത്യുസിന്റെ ‘മുഴക്കം’ എന്ന കഥാസമാഹാരത്തിന്

ഫേസ്ബുക്ക് പോസ്റ്റ്

പവിത്രന്‍ വിട വാങ്ങി. ഞാന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ ആദ്യം പരിചയപ്പെട്ട വ്യക്തികളില്‍ ഒരാളാണ് അന്ന് കോഫി ബോര്‍ഡ് ജീവനക്കാരനായിരുന്ന പി.വി.പവിത്രന്‍. അന്നുമുതല്‍ അദ്ദേഹവും കുടുംബവുമായുള്ള ബന്ധം അനസ്യൂതം തുടര്‍ന്നു. കഴിഞ്ഞാഴ്ച അദ്ദേഹത്തെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. ആഘോഷത്തിന്റെയും പ്രസരിപ്പിന്റെയും പ്രതീകമായിരുന്ന പവിത്രന്റെ അവസ്ഥയില്‍ മനംനൊന്തിരുന്നു. മസ്തിഷ്‌കാഘാതത്തിനുശേഷം ഏറെ നാളായി അദ്ദേഹം കിടപ്പിലായിരുന്നു. എന്തായാലും ഇനിയും അധികം ബുദ്ധിമുട്ടാതെ പവിത്രന്‍ വിടവാങ്ങി.

ഏതെങ്കിലും നിര്‍വചനത്തില്‍ ഒതുക്കാന്‍ കഴിയുന്ന വ്യക്തിയല്ല പവിത്രന്‍. അദ്ദേഹം എല്ലായിടത്തും ഉണ്ടായിരുന്നു. എകെജി മുതലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ഇഴകോര്‍ക്കപ്പെട്ട ബന്ധമാണ്. സഖാവ് പിണറായി വിജയന്‍ ഡല്‍ഹിയില്‍ വന്നാല്‍ ആദ്യം അന്വേഷിക്കുക പവിത്രനെയായിരിക്കും. മടങ്ങുന്നത് വരെ പവിത്രന്‍ ഒരു നിഴല്‍ പോലെ കൂടെയുണ്ടാകും. കേരളത്തില്‍ നിന്ന് പ്രത്യേകിച്ച് മലബാറില്‍ നിന്ന് ആരെത്തിയാലും അവരുടെ പിടിവള്ളി പവിത്രനാണ്. ഔപചാരിക വിദ്യാഭ്യാസം കുറവാണെങ്കിലും സാമര്‍ത്ഥ്യം കൊണ്ട് പവിത്രന്‍ എന്ത് കാര്യവും നേടിക്കൊടുക്കും. സംസ്ഥാനത്തു നിന്ന് സമരത്തിന് ഒരു സംഘം ആള്‍ക്കാര്‍ വന്നാല്‍ അവരുടെ പാര്‍പ്പിടവും ഭക്ഷണവും യാത്രയും ഒക്കെ പവിത്രന്റെ ചുമലിലാണ് വന്നു വീഴുക. രാഷ്ട്രീയത്തിനപ്പുറത്ത് സാംസ്‌കാരിക മേഖലയില്‍ നിന്ന് ആള്‍ക്കാര്‍ വന്നാലും പവിത്രനാണ് അവരുടെ പ്രധാന ആശ്രയം. നരേന്ദ്രപ്രസാദും ഭരത് മുരളിയും ചിന്ത രവിയുമൊക്കെ ഇന്ദ്രപ്രസ്ഥത്തില്‍ പരിലസിച്ചത് പവിത്രന്റെ സാമിപ്യം കാരണമായിരുന്നു .

Also Read: ഹൈദരാബാദിലെ ഇഫ്ലു ക്യാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; നീതി ഉറപ്പ് വരുത്തണം: ഡോ. വി ശിവദാസൻ എംപി

എന്റെ ഡല്‍ഹി ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നായിരുന്നു പവിത്രന്‍. റാഫി മാര്‍ഗിലെ വിപി ഹൗസിലെ ഫ്‌ലാറ്റുകളിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. പുലര്‍ച്ചെ മുടങ്ങാതെയുള്ള ഷട്ടില്‍ കളിയിലെ ആഘോഷത്തിന്റെ ചേരുവയാണ് പവിത്രന്‍. വി.കെ മാധവന്‍കുട്ടി, എം.എ ബേബി തുടങ്ങി കെ.എം വാസുദേവനും ഉല്ലേഖ് എന്‍.പിയും എസ്.ആര്‍.പിയുടെയുടെ മക്കളായ ബിബിന്‍, ബിജോയ് എന്നിങ്ങനെയൊരു നീണ്ട നിരയുണ്ടാകും. സീതാറാം യെച്ചൂരിയും ടി. വി.ആര്‍ ഷേണായിയും ശശികുമാറുമൊക്കെ അതിഥി താരങ്ങളായി മിക്കവാറും എത്തും. കളി തുടങ്ങി അവസാനിക്കുന്നത് വരെ ജയം ലക്ഷ്യമാക്കിയുള്ള പവിത്രന്റെ പയറ്റുകളാണ് കളിയെ എന്നും ആഘോഷമാക്കിയിരുന്നത്.

ഞാന്‍ ഡല്‍ഹിയിലെത്തിയ കാലത്ത് ഉപയോഗിച്ചിരുന്ന ബജാജ് സൂപ്പര്‍ സ്‌കൂട്ടറിലെ പിന്‍ സീറ്റ് പലപ്പോഴും കയ്യടക്കിയിരുന്നത് പവിത്രനാണ്. ഷട്ടില്‍ കളിയില്‍ ആര്‍മാദ്ദിച്ചു മടങ്ങിയെത്തുമ്പോഴേക്കും പവിത്രന്റെ കുട്ടികളുടെ സ്‌കൂള്‍ ബസ് പോകും. വസന്തയുടെ മുഖം ചുവന്നു വരുന്നതിനുമുമ്പ് എന്നെ പിടിച്ചു നിര്‍ത്തി സ്‌കൂട്ടറില്‍ കുട്ടികളെ സ്‌കൂളില്‍ എത്തിക്കും. പവിത്രന് എല്ലാത്തിനും ക്യുക്ക് സൊല്യൂഷന്‍ ഉണ്ടായിരുന്നു.

ചുക്കില്ലാത്ത കഷായം ഇല്ല എന്ന് പറഞ്ഞപോലെ പവിത്രന്‍ ഇല്ലാത്ത ഒരു പരിപാടി അദ്ദേഹത്തിന്റെ പരിസരത്ത് നടക്കില്ല. ഇ.ബാലാനന്ദന്‍, എസ്.ആര്‍.പി, എം.എ ബേബി, പ്രകാശ് കാരാട്ട്, സീതാരാ യെച്ചൂരി തുടങ്ങി ഇടതുപക്ഷ നിരയിലെ 30-40 കുടുംബങ്ങള്‍ അന്ന് വിപി ഹൗസില്‍ ഉണ്ടായിരുന്നു. ഇടതുപക്ഷ എംപിമാരുടെ വലിയൊരു നിരയും. ഇവരുടെയൊക്കെ ദൈനംദിന ജീവിതത്തിലെ പൊതു ഘടകം ആരാണെന്ന് ചോദിച്ചാല്‍ അത് പവിത്രന്‍ ആണെന്ന് പറയേണ്ടിവരും.

രസകരമായ ഒരുപാട് വര്‍ഷങ്ങള്‍ പവിത്രനോടൊപ്പം ചെലവിടാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സംതൃപ്തിയുണ്ട്. പവിത്രനുമായി ബന്ധപ്പെട്ട പലതും പിന്നീട് ഡല്‍ഹിയില്‍ കഥകളും മിത്തുകളുമൊക്കെയായി ഇന്നും പ്രചരിക്കുന്നുണ്ട്.

പവിത്രന് പ്രണാമം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News