ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട തെരുവ് കച്ചവടക്കാര്‍ക്ക് പ്രധാനമന്ത്രി സ്വനിധി പദ്ധതി പ്രകാരം ലഭിച്ച ലോണുകളുടെ കണക്കുകള്‍ തികച്ചും ആശങ്കാജനകം – ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട തെരുവ് കച്ചവടക്കാര്‍ക്ക് പ്രധാനമന്ത്രി സ്വനിധി പദ്ധതി പ്രകാരം ലഭിച്ച ലോണുകളുടെ കണക്കുകള്‍ തികച്ചും ആശങ്കാജനകമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. പ്രധാനമന്ത്രി സ്വനിധി പദ്ധതി പ്രകാരം തെരുവ് കച്ചവടക്കാര്‍ക്ക് അനുവദിച്ച ലോണുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് കണക്കുകള്‍ കേന്ദ്രം പുറത്ത് വിട്ടത്.

കോവിഡിനെ തുടര്‍ന്ന് തെരുവ് കച്ചവടക്കാര്‍ക്ക് വായ്പ സഹായം നല്‍കുന്നതിനും അവരുടെ വികസനത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി തുടങ്ങിയ പദ്ധതിയാണ് പ്രധാന്‍മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മനിര്‍ഭര്‍ നിധി (പിഎം സ്വനിധി പദ്ധതി). ഇത് പ്രകാരം ജാമ്യം നല്‍കാതെ പലിശ സബ്‌സിഡിയോടുകൂടി ആദ്യഗഡുവായി 10,000 രൂപയും കൃത്യമായി തിരിച്ചടയ്ക്കുന്ന പക്ഷം രണ്ടാമത്തെ ഗഡുവായി 20,000 രൂപ വരെയും തുടര്‍ന്ന് അത് തിരിച്ചടയ്ക്കുന്ന മുറയ്ക്ക് മൂന്നാമത്തെ ഗഡുവായി 50,000 രൂപയും വരെ നല്‍കുമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് 7 ശതമാനം പലിശ സബ്‌സിഡിയും ഡിജിറ്റല്‍ തിരിച്ചടവുകള്‍ക്ക് അധികം ഇളവും ലഭിയ്ക്കുമെന്നും വിഭാവനം ചെയ്തിരുന്നു. 2020ല്‍ തുടങ്ങിയ ഈ പദ്ധതിയില്‍ 2023 മാര്‍ച്ച് 23 വരെ 34.47 ലക്ഷം തെരുവ് കച്ചവടക്കാര്‍ക്ക് 5,152.37 കോടി രൂപയുടെ 42.7 ലക്ഷം ലോണുകള്‍ വിതരണം ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഇതില്‍ വെറും 3.98 ലക്ഷം വായ്പകള്‍ മാത്രമാണ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട തെരുവ് കച്ചവടക്കാര്‍ക്ക് നല്‍കിയത്. വര്‍ഷം തിരിച്ചുള്ള കണക്കെടുക്കുകയാണെങ്കില്‍ 2020-21, 2021-22, 2022-23 വര്‍ഷങ്ങളില്‍ മൊത്തം കൊടുത്ത വായ്പകളുടെ യഥാക്രമം 10.23 ശതമാനം, 9.25 ശതമാനം, 7.76 ശതമാനം എന്നിങ്ങനെയാണ് ന്യൂനപക്ഷ തെരുവുകച്ചവടക്കാര്‍ക്ക് ഈ പദ്ധതി പ്രകാരം നല്‍കിയ വായ്പകളുടെ കണക്ക്. രാജ്യത്തെ ജനസംഖ്യയുടെ ഏതാണ്ട് 20 ശതമാനം ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്നവരാണ് എന്നാണ് കണക്ക്. എന്നാല്‍ തെരുവ് കച്ചവടക്കാരുടെ കണക്കെടുത്താല്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്നവരുടെ എണ്ണം ജനസംഖ്യാ പ്രാതിനിധ്യത്തേക്കാള്‍ കൂടുതലുമാണ്. ഈ പശ്ചാത്തലത്തില്‍ വേണം തെരുവ് കച്ചവടക്കാരുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രി സ്വനിധി പദ്ധതിയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിന്റെ ഗുരുതരാവസ്ഥ വിലയിരുത്തേണ്ടത് എന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. എന്ന് മാത്രമല്ല 2020-21ല്‍ തന്നെ വെറും 10.23 ശതമാനമായിരുന്ന വായ്പ വിതരണം ക്രമാനുഗതമായി താഴ്ന്ന് 2022-23 (23.03.2023 വരെ) ആയപ്പോഴേക്കും 7.76 ശതമാനമായി കൂപ്പുകുത്തിയിരിക്കുകയാണ്. തെരുവ് കച്ചവടക്കാരെ എല്ലാവരെയും ഒരേപോലെ കണ്ട് അവരുടെ ഉന്നമനത്തിന് വേണ്ടിയുള്ള ത്വരിത നടപടികള്‍ കേന്ദ്രം സ്വീകരിക്കണം എന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News