“പത്മജ ഒരു വ്യക്തിയല്ല, വോട്ടർമാർക്കുള്ള വ്യക്തമായ ഒരു സന്ദേശമാണ്”; ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി എ‍ഴുതുന്നു

ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി

പത്‌മജയുടെ ബിജെപി രംഗപ്രവേശം പലതുകൊണ്ടും ഒരു വ‍ഴിത്തിരിവാണ്. ‘ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി’ എന്ന ദുഃഖസത്യം കേരളത്തിലും യാഥാർത്ഥ്യമാകുന്നു എന്നതിന്റെ വ്യക്തമായ ചൂണ്ടുപലക. കോൺഗ്രസ്സിനെ കേരളത്തിൽ പടുത്തുയർത്തിയ സാക്ഷാൽ ലീഡറുടെ, കെ. കരുണാകരന്റെ, മകൾ യാതൊരു സന്ദേഹവുമില്ലാതെ ബിജെപിയിലേയ്ക്കു ചേക്കേറുമ്പോൾ വിശദീകരണങ്ങൾ അപ്രസക്തമാകുന്നു. സംസ്ഥാനത്തിനു വെളിയിലുള്ള കോൺഗ്രസ്സിനെ ബാധിച്ച ചു‍ഴലിക്കാറ്റ് കേരളത്തിലേയ്ക്കും കടക്കുന്നു എന്നാണ് ഇതിന്റെ സൂചന.

ദേശീയരാഷ്ട്രീയം പരിശോധിച്ചാൽ കോൺഗ്രസ് നേതാക്കൾ തീർത്ത ചതിക്കു‍ഴികൾക്കു കൈയും കണക്കുമില്ല. ഒരു ഡസനിലേറെ കോൺഗ്രസ് മു‍ൻ മുഖ്യമന്ത്രിമാർ ഇന്നു ബിജെപിയുടെ മുൻനിരനേതാക്കളാണ്. അവസാനമായി ബിജെപിയിൽ ചേക്കേറിയത് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ. മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രി, കോൺഗ്രസ്സിനുവേണ്ടി രഥം തെളിച്ച, കമൽനാഥ് പാതിവ‍ഴിയിൽ മടങ്ങിയത് അദ്ദേഹത്തിന്റെ പാക്കേജ് ഫോർമുല ബിജെപി അംഗീകരിക്കാത്തതുകൊണ്ടായിരുന്നു.

താനും മകനും എംപിമാരായി വരണമെന്ന കമൽനാഥിന്റെ നിർദ്ദേശം ബിജെപിക്കു സ്വീകാര്യമായില്ല. മകൻ മതി, അച്ഛൻ എടുക്കാച്ചരക്ക് എന്ന പ്രാദേശികനേതാക്കളുടെ ഉപദേശം നേതൃത്വം ചെവിക്കൊണ്ടതുകൊണ്ടാണ് കമൽനാഥ് ത്രിശങ്കുവിലായത്. അദ്ദേഹത്തിന്റെ മകൻ എംപിയായ ചിന്ദ് വാരയിലെ ആറ് എംഎൽഎമാരിൽ ഒരാൾപോലും ന്യായയാത്രയുമായി വന്ന രാഹുൽ ഗാന്ധിയെ വരവേല്ക്കാനുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം.

303 ബിജെപി എംപിമാരിൽ ഇപ്പോൾത്തന്നെ 112 പേർ കോൺഗ്രസ് പശ്ചാത്തലമുള്ളവരാണ്. മൂന്നിൽ ഒന്നിലേറെ എന്നർത്ഥം. അസം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മുൻനിര കോൺഗ്രസ് നേതാക്കളായിരുന്നു.

കേരളത്തിൽനിന്ന് കോൺഗ്രസ്സുകാരെയും യുഡിഎഫ് സ്ഥാനാർത്ഥികളെയും തെരഞ്ഞെടുത്തയച്ചാൽ അവർ ദില്ലിയിൽപ്പോയി എവിടെ നില്ക്കുമെന്ന ചോദ്യത്തിനാണ് പത്‌മജയിലൂടെ മൂർച്ചയേറുന്നത്. പത്‌മജയുടെ ഈ ചതിക്കു തിരിച്ചടിയുണ്ടാകുമെന്നാണ് സഹോദരൻ കെ. മുരളീധരൻ പറയുന്നത്. പത്‌മജയ്ക്കെന്തു തിരിച്ചടി? തിരിച്ചടി അപ്പോൾ കോൺഗ്രസ്സിനുതന്നെയായിരിക്കില്ലേ?

മതനിരപേക്ഷ ഇന്ത്യയ്ക്കു കാവൽനിൽക്കാൻ കോൺഗ്രസ്സിനു ക‍ഴിയില്ലെന്ന സന്ദേശം കേരളത്തിലെ വോട്ടർമാർക്ക് ഇനി അവഗണിക്കാൻ ക‍ഴിയില്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോടു പുറംതിരിഞ്ഞുനില്ക്കുന്ന യുഡിഎഫ് എംപിമാർ രാഷ്ട്രീയ അവസരവാദത്തിലും മു‍ഴുകില്ലെന്ന് ഇനിയാർക്കും ഉറപ്പിച്ചു പറയാൻ ക‍ഴിയില്ല. ഒറ്റപ്പെട്ട സംഭവങ്ങളെ മറയാക്കിമാറ്റി, ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലേറ്റി, കോൺഗ്രസ്സിന്റെ ബിജെപിവത്കരണത്തെ മറയ്ക്കാൻ പാടുപെടുന്ന നമ്മുടെ മാധ്യമങ്ങൾക്ക് ഇനി എന്തുപറയാനുണ്ട് എന്നതും ഇവിടെ പ്രസക്തമാണ്. പത്‌മജ ഒരു വ്യക്തിയല്ല, വോട്ടർമാർക്കുള്ള കൃത്യമായ സന്ദേശമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News