തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സിഎഎ എന്ന മൂന്നക്ഷരം എഴുതി വെയ്ക്കാൻ സ്ഥലമില്ലാതിരുന്നവർ എങ്ങനെ ഇന്ത്യയെ സംരക്ഷിക്കുമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. നെഹ്റുവിൻ്റെ കസേരയിൽ ഇപ്പോൾ ഇരിക്കുന്നയാൾ പ്രധാനമന്ത്രിയാണോ പൂജാരിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. തൃശൂർ തളിക്കുളത്ത് എൽഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഎഎ ട്രെയിലർ മാത്രമാണ്, സിനിമ വരാനിരിക്കുന്നേ ഉള്ളൂ എന്നും ജോൺ ബ്രിട്ടാസ് എം പി മുന്നറിയിപ്പു നൽകി. കേക്കിനൊപ്പം വിഷത്തുള്ളികളുമായി വരുന്ന കഴുകൻമാരെ തിരിച്ചറിയാനുള്ള കഴിവ് ഇവിടത്തെ ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തരം കിട്ടിയാൽ മറുകണ്ടം ചാടാൻ നിൽക്കുന്ന കോൺഗ്രസുകാർ രാഷ്ട്രീയ സദാചാരത്തെ കുറിച്ച് ഇടതുപക്ഷത്തിന് ക്ലാസ് എടുക്കുകയാണ്. കെ സുധാകരൻ്റെ ഇടതും വലതും നിന്നിരുന്നവർ ഇന്ന് ബിജെപിയിലാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. ഇടതുപക്ഷത്തിൻ്റെ സാന്നിധ്യത്തെ ബിജെപി ഭയക്കുന്നുണ്ട്. അതു കൊണ്ടാണ് കേരളത്തെ അവർ വരിഞ്ഞു മുറുക്കുന്നത്. കേരളത്തെ നശിപ്പിക്കാനായി തൃശൂർ പൂരം വരെ അട്ടിമറിക്കാൻ അവർ ശ്രമിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശൂർ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തളിക്കുളം സെൻ്ററിൽ നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു മുന്നണി നേതാക്കളായ എംഎ ഹാരിസ് ബാബു, റഹിം പള്ളത്ത്, തുടങ്ങിയവർ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here