തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സംശയം ദുരീകരിക്കണം; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ച് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി

john brittas

തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സംശയം ദുരീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. ജനങ്ങളുടെ വിശ്വാസവും തിരഞ്ഞെടുപ്പ്പ്രക്രിയകളുടെ പവിത്രതയും സംരക്ഷിക്കണമെന്നും ഗൗരവകരമായി വിഷയം പരിഗണിക്കണമെന്നും ബ്രിട്ടാസ് എം പി ആവശ്യപെട്ടു. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ പോളിംഗ് ശതമാനം ചൂണ്ടിക്കാട്ടിയാണ് കത്ത് വൈകിട്ട് 5 മണിക്ക് ശേഷം വലിയ തോതില്‍ പോളിംഗ് ശതമാനം കൂടിയത് സംശയാസ്പദമാണെന്നും കത്തിൽ പറയുന്നു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എല്ലാകാലത്തും പുകപടലത്തിനുള്ളിലാണ്. വോട്ടിംഗ് മെഷീനുകൾ ഒരുതരത്തിലും ദുരുപയോഗത്തിന് ഇരയാകില്ലെന്ന വാദത്തോട് യോജിക്കാൻ കഴിയില്ല ഏത് നൂതന സംവിധാനങ്ങളിലേക്കും ഏത് രൂപത്തിൽ വേണമെങ്കിലും കടന്നുചെല്ലാൻ കഴിയുന്ന ഹാക്കിംഗ് വിദ്യ ലോകത്തിൽ ലഭ്യമാണ് എന്നും അദ്ദേഹം പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രശസ്ത സാമൂഹിക സാമ്പത്തിക ശാസ്ത്രജ്ഞനും ധനമന്ത്രി നിർമ്മല സീതാരാമന്റെ ജീവിതപങ്കാളിയുമായ പരകാല പ്രഭാകർ നടത്തിയ വെളിപ്പെടുത്തലുകൾ എന്തുകൊണ്ടും ശ്രദ്ധേയവും നടുക്കമുളവാക്കുന്നതുമാണ് എന്നും ബ്രിട്ടാസ് എം പി സൂചിപ്പിച്ചു.

ഫേസ്ബുക് പോസ്റ്റ്

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എല്ലാകാലത്തും പുകപടലത്തിനുള്ളിലാണ്. വോട്ടിംഗ് മെഷീനുകൾ ഒരുതരത്തിലും ദുരുപയോഗത്തിന് ഇരയാകില്ലെന്ന വാദത്തോട് യോജിക്കാൻ കഴിയില്ല. ഏത് നൂതന സംവിധാനങ്ങളിലേക്കും ഏത് രൂപത്തിൽ വേണമെങ്കിലും കടന്നുചെല്ലാൻ കഴിയുന്ന ഹാക്കിംഗ് വിദ്യ ലോകത്തിൽ ലഭ്യമാണ്. പ്രതിരോധിക്കാൻ ക‍ണ്ടെത്തുന്ന സാങ്കേതിക കവചങ്ങളെയൊക്കെ ഭേദിക്കുന്ന പുതിയ വിദ്യ അപ്പപ്പോൾ കണ്ടെത്തപ്പെടും. അതാണ് നമ്മുടെ ലോകത്തിന്റെ ഇന്നത്തെ അവസ്ഥ.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രശസ്ത സാമൂഹിക സാമ്പത്തിക ശാസ്ത്രജ്ഞനും ധനമന്ത്രി നിർമ്മല സീതാരാമന്റെ ജീവിതപങ്കാളിയുമായ പരകാല പ്രഭാകർ നടത്തിയ വെളിപ്പെടുത്തലുകൾ എന്തുകൊണ്ടും ശ്രദ്ധേയവും നടുക്കമുളവാക്കുന്നതുമാണ്. വോട്ടിംഗ് സമാപിക്കുന്ന ഘട്ടത്തിലുള്ള പോളിംഗ് ശതമാനവും പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്ന ശതമാന കണക്കും തമ്മിലുള്ള അന്തരത്തിൽ വലിയ ദുരൂഹതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. സമാപന സമയത്തെ ശതമാനത്തിൽ 1% വരെ വർദ്ധനവുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ അത് ക്രമാതീതമായി ഉയരുമ്പോഴുള്ള സാഹചര്യത്തെയാണ് അദ്ദേഹം അപഗ്രഥിച്ചിരിക്കുന്നത്. മഹാരാഷ്ട്രക്കൊപ്പം ഹരിയാനയും ഝാർഖണ്ഡും അദ്ദേഹം പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണ്ടെത്തലുക‍ളാണ്. ക്രമാതീതമായ ശതമാന ഉയർച്ച ബിജെപിയുടെ വിജയത്തിന് വഴിവെയ്ക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ സാരം. അദ്ദേഹവും ഏതാനും പൗരന്മാരും നൽകിയ നിവേദനത്തോട് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറംതിരിഞ്ഞു നിൽക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടന സ്ഥാപനമാണ്. എന്നാൽ ഏതൊരു സ്ഥാപനത്തെ പോലെയും ഉത്തരവാദിത്വം നിർവഹിക്കേണ്ട സംവിധാനവുമാണ്. ഏതൊരു വ്യക്തിയുടെയും മനസ്സിൽ വരുന്ന സംശയം ദൂരീകരിക്കപ്പെട്ടാൽ മാത്രമേ തെരഞ്ഞെടുപ്പ് പ്രക്രിയ സംശുദ്ധമാണെന്ന് ഉറപ്പുവരുത്താൻ പറ്റൂ. കമ്മീഷൻ സ്വതന്ത്രമാണെന്ന അഭിപ്രായമൊന്നും എനിക്കില്ല. സ്വതന്ത്രമാകണമെങ്കിൽ സുപ്രീംകോടതി വിധി ഉയർത്തിപ്പിടിക്കണമായിരുന്നു. അതിനുപകരം സുപ്രീംകോടതി നിർദ്ദേശിച്ച “സ്വാതന്ത്ര്യം” അട്ടിമറിക്കാൻ കേന്ദ്രം നിയമനിർമ്മാണം നടത്തുകയാണുണ്ടായത്. വോട്ടിംഗ് യന്ത്രങ്ങളുടെ ഇറക്കുമതിയും വിന്യാസവും നടത്തുന്നത് യഥാർത്ഥത്തിൽ ഗവൺമെൻറ് ഏജൻസികളാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തിൽ വളരെ പരിമിതമായ സ്ഥാനം മാത്രമേയുള്ളൂ.

പരകാല പ്രഭാകരന്റെ ശക്തമായ കണ്ടെത്തലുകൾ ഒന്ന് പരിശോധിക്കാം:

മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടന്ന നവംബർ 20ന് വൈകിട്ട് 5 മണിക്ക് 58.22% പോളിങ് രേഖപ്പെടുത്തിയിരുന്നു. രാത്രി 11.30 ആയപ്പോഴേക്കും ഇത് 65.02% ആയി ഉയർന്നു. 23-ന് വോട്ടെണ്ണലിന് മുമ്പ്, ഇത് വീണ്ടും വർദ്ധിച്ച് 66.05% ആയി മാറി. അതായത് പോളിങ് ശതമാനം 7.83% വർദ്ധിച്ചു. വൈകിട്ട് 5 മണി വരെയുള്ള പോളിങ് 58.22% എന്നു പറഞ്ഞാൽ ഏകദേശം 5,64,88,024 വോട്ടർമാർ വോട്ട് ചെയ്തു എന്നർത്ഥം. രാത്രി 11.30 ആയപ്പോഴേക്കും 65.02% ആയി ഉയർന്ന് 6,30,85,732 വോട്ടർമാർ വോട്ട് ചെയ്തു. വൈകുന്നേരം 5നും രാത്രി 11.30 നും ഇടയിൽ, മൊത്തം വർദ്ധന 65,97,708 ആണ്. അതായത് ഏകദേശം 66 ലക്ഷം വോട്ടർമാർ വോട്ടു ചെയ്തു. എന്നാൽ വർദ്ധന അവിടെ അവസാനിക്കുന്നില്ല. വോട്ടെണ്ണലിന് ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ വീണ്ടും 66.05% അയി – അതായത് വോട്ടർമാരുടെ എണ്ണത്തിൽ 9,99,359 ന്റെ വർദ്ധന. നവംബർ 20-ന് വൈകുന്നേരം 5 മണിക്ക് ശേഷം 76 ലക്ഷം പേർ അധികമായി വോട്ട് ചെയ്തുവെന്ന് വിശ്വസിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നമ്മളോട് ആവശ്യപ്പെടുന്നത്.

ഝാർഖണ്ഡിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ഒന്നാം ഘട്ടത്തിൽ വൈകിട്ട് അഞ്ച് മണി വരെ 64.86% പോളിങ് രേഖപ്പെടുത്തി. രാത്രി 11.30 ആയപ്പോഴേക്കും ഇത് 66.48% ആയി ഉയർന്നു, 1.79% വർദ്ധനവ്. രണ്ടാം ഘട്ടത്തിൽ വൈകിട്ട് അഞ്ച് മണി വരെ 67.59% പോളിങ് രേഖപ്പെടുത്തി. രാത്രി 11.30 ഓടെ അത് 68.45% ആയി. അതായത് 0.86% മാത്രം വർദ്ധന. ഝാർഖണ്ഡിലെ ആദ്യഘട്ടത്തിൽ 1.79% വർദ്ധന ഉണ്ടായപ്പോൾ എൻഡിഎ 43ൽ 17 സീറ്റും നേടി. അതേസമയം, 0.86% വർദ്ധന മാത്രം ഉണ്ടായപ്പോൾ എൻഡിഎ 30-ൽ 7 സീറ്റ് മാത്രമാണ് നേടിയത്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹരിയാനയിലും ഇതുതന്നെയാണ് കണ്ടത്. ഹരിയാനയിൽ വോട്ടിംഗ് സമാപന ഘട്ടത്തിന് ശേഷം 6.7% വോട്ട് വിഹിതം വർദ്ധിക്കുകയും ബിജെപി വിജയിക്കുകയും ചെയ്തു. അതും അമ്പരപ്പിക്കുന്ന വിജയം.

തെരെഞ്ഞെടുപ്പ് കമ്മീഷൻ എന്ത് വിശദീകരണമാണ് ഇതിനൊക്കെ നൽകുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News