“ഇന്ത്യയുടെ നിധി” – ഡോ. ജോൺ ബ്രിട്ടാസ് എംപി എഴുതുന്നു

SITARAM YECHURY

രാജ്യസഭാംഗമായി ആദ്യം സഭയിൽ എത്തിയപ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവും മുതിർന്ന പാർലമെന്റേറിയനുമായ ഡെറിക് ഒബ്രിയൻ ഹസ്തദാനം നൽകിക്കൊണ്ട് പറഞ്ഞ കാര്യമുണ്ട്; “നിങ്ങൾക്കെന്നോട് രാഷ്ട്രീയമായി വിയോജിക്കാം, പക്ഷേ എന്നെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല. കാരണം മറ്റൊന്നുമല്ല, സീതാറാം യെച്ചൂരി ഒഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഇരിപ്പിടമാണ് എനിക്ക് ലഭിച്ചത്”.

ഡെറിക് ഒബ്രിയന്റെ വാക്കുകളിലെ അർത്ഥതലങ്ങൾ ഏറെയാണ്. രണ്ടായിരത്തിന്റെ പാതിയിൽ പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ഒരുപോലെ കാതുകൂർപ്പിച്ചു കേട്ടിരുന്നത് യെച്ചൂരിയെ ആയിരുന്നു. ഒന്നാം യുപിഎ സർക്കാരിന്റെ കാലഘട്ടത്തിൽ യെച്ചൂരി സഭയിൽ എഴുന്നേറ്റാൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാത്തിരിക്കും. രാജ്യത്തിൻറെ ഗതിവിഗതികളെ അത്രകണ്ട് സ്വാധീനിക്കുന്ന പ്രതലങ്ങൾക്കാണ് യെച്ചൂരി പാർലമെൻറിൽ അലകും പിടിയും സമ്മാനിച്ചത്. ഇടതുപക്ഷ യുപിഎ ഏകോപനസമിതിയിലെ സിപിഐ (എം) ന്റെ പ്രതിനിധികൾ പ്രകാശ് കാരാട്ടും യെച്ചൂരിയും ആയിരുന്നു. അതുകൊണ്ടുതന്നെ യെച്ചൂരി പറയുന്ന ഓരോ വാക്കിന്റെയും വ്യാഖ്യാനങ്ങൾ ചമയ്ക്കാനുള്ള വ്യഗ്രതയിലായിരുന്നു എല്ലാ ദേശീയമാധ്യമങ്ങളും.

രാജ്യസഭയിലെ യഥാർത്ഥ പ്രതിപക്ഷ സ്വരം

ഭരണത്തിനു പിൻതുണയുണ്ടെങ്കിലും, സർക്കാരിനെ കണ്ണുമടച്ച് പിന്തുണയ്ക്കുകയല്ല യെച്ചൂരി ചെയ്തത്. മറിച്ച്, ഒന്നാം മൻമോഹൻ സിങ് സർക്കാരിന്റെ കടുത്ത വിമർശകനായി അദ്ദേഹം. വിശേഷിച്ച്, ആ സർക്കാരിന്റെ സാമ്പത്തിക വിദേശനയങ്ങളെ അദ്ദേഹം ഒരു വിട്ടുവീഴ്ചയുമില്ലാതെ കടന്നാക്രമിച്ചു. മുഖ്യപ്രതിപക്ഷമായ ബിജെപി പോലും വർഗ്ഗപരമായ കാരണങ്ങളാൽ അതിനു മടിച്ചു നിന്ന കാലം. ഫലമോ, രാജ്യസഭയിലെ യഥാർത്ഥ പ്രതിപക്ഷ സ്വരമായി അദ്ദേഹം മാറി.

ഇടതുപക്ഷം ഒന്നാം യുപിഎ സർക്കാരിനു പിൻതുണ കൊടുക്കുന്നത് എന്തിനു വേണ്ടിയാണെന്ന് അദ്ദേഹം ഓരോ പ്രസംഗത്തിലും ഊന്നിപ്പറഞ്ഞു. സങ്കുചിതമായ രാഷ്ട്രീയലാഭങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ അഭിരമിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. ഇന്ത്യയെ വിഴുങ്ങാനായി വർഗ്ഗീയതയുടെ ദുർഭൂതം പടിവാതില്ക്കൽ കാത്തു നില്ക്കുന്നുണ്ടെന്ന് എപ്പോഴും ഓർമ്മിപ്പിച്ചു. മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന രാഷ്ട്രീയനേതാക്കൾ സന്ധിചെയ്യലിന് ഒരുങ്ങുന്ന കാലത്താണ് അദ്ദേഹം ഇതു പറഞ്ഞുകൊണ്ടിരുന്നത്. ആപൽഭീതിയോടെ അദ്ദേഹം ചൂണ്ടിക്കാട്ടിയ അതേ വഴിത്താരയിലൂടെയാണ് പിന്നീട് 2014 ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയത് എന്നോർക്കുമ്പോഴാണ് ആ രാഷ്ട്രീയ ദീർഘദർശിത്വത്തിനു മുന്നിൽ നമ്മൾ വിസ്മയത്തോടെ നില്ക്കുക. പൊതുമേഖലാസ്ഥാപനങ്ങളുടെ വില്പന, വിദേശനയം, ആണവനയം എന്നിവയിലൊക്കെയുള്ള യെച്ചൂരിയുടെ ഇടപെടലുകൾ നമ്മുടെ പാർലമെന്ററി ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. വിശേഷിച്ച്, രാഷ്ട്രത്തിന്റെ ആണവനയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതിപാദനങ്ങൾ. ഇന്ത്യയുടെ സ്വാതന്ത്ര്യവും സ്വാശ്രയത്വവും അടിയറ വച്ചുള്ള ആണവനയം കൈക്കൊള്ളുന്നതിനെതിരേ അദ്ദേഹം മുന്നറിയിപ്പു നല്കി. ഇന്നു തിരിഞ്ഞു നോക്കുമ്പോൾ അതും ഒരു പ്രവാചകന്റെ താക്കീതു പോലെ അക്ഷരാർത്ഥത്തിൽ സംഭവിച്ചതായി നമുക്കു കാണാം.

നിങ്ങൾ മൗ സെദോങ്ങിനെ ഉദ്ധരിക്കുന്നു. നിങ്ങളെ എതിർക്കാൻ ഞാൻ ഉദ്ധരിക്കുന്നത് മഹാത്മാഗാന്ധിയെയാണ്

ആണവനയപ്രശ്നത്തിൽ അദ്ദേഹം പറഞ്ഞ ചിലത് ഓർമ്മയിലുണ്ട്. ആസൂത്രണ കമ്മീഷൻ രേഖകൾ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു. 30,000 മെഗാവാട്ട് ആണവോർജ്ജം ഉണ്ടാക്കാൻ 3,30,000 കോടി രൂപയുടെ ആണവ റിയാക്ടർ ഇറക്കുമതി ചെയ്യണം. അതേ ഊർജ്ജം നമ്മുടെ കൽക്കരിയും വെള്ളവുമുപയോഗിച്ച് ഉല്പാദിപ്പിച്ചാൽ 2,40,000 കോടി രൂപ ലാഭിക്കാം. ഈ പണം കൊണ്ട് രണ്ടര ലക്ഷം നവോദയ വിദ്യാലയങ്ങൾ തുറക്കാം. അവിടുത്തെ കുട്ടികൾക്ക് പന്ത്രണ്ടാം ക്ലാസ് വരെ സ്കോളർഷിപ് നല്കാം. എയിംസ് നിലവാരത്തിലുള്ള 20,000 ആശുപത്രികൾ അടക്കമുള്ള നേട്ടങ്ങളും ഉണ്ടാക്കാം. എതിരാളികളുടെ വായടപ്പിച്ച ആ പ്രതിപാദനത്തിൽ കടന്നുവന്ന എയിംസിൽ വച്ചാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത് എന്നതു കൂടി ഇപ്പോൾ ഓർത്തു പോകുന്നു.

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തും യെച്ചൂരി സഭയിലുണ്ട്. 2 ജി കുംഭകോണവും കൽക്കരി കുംഭകോണവുമൊക്കെ തുറന്നു കാട്ടുന്നതിൽ അദ്ദേഹം മുന്നിട്ടു നിന്നു. സഭാതലത്തിൽ 2008 മാർച്ച് മൂന്നിന് യെച്ചൂരി നടത്തിയ പ്രസംഗം അവിസ്മരണീയം. ഭരണപരിഷ്കാരങ്ങളെ ന്യായീകരിക്കാൻ നിങ്ങൾ മൗ സെദോങ്ങിനെ ഉദ്ധരിക്കുന്നു. നിങ്ങളെ എതിർക്കാൻ ഞാൻ ഉദ്ധരിക്കുന്നത് മഹാത്മാഗാന്ധിയെയാണ് എന്നു പറഞ്ഞായിരുന്നു അദ്ദേഹം കത്തിക്കയറിയത്. മൗവിനെ ഉദ്ധരിക്കുന്നവർ അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം കൂടി ഓർമ്മിക്കണമെന്ന് യെച്ചൂരി പറഞ്ഞു. ആകാശത്തിന്റെ പകുതി താങ്ങി നിർത്തുന്നത് സ്ത്രീകളാണ് എന്ന മാവോയുടെ വിഖ്യാത ഉദ്ധരണി ഉയർത്തി വനിതാസംവരണത്തോടു നീതി ചെയ്യാത്ത ഭരണമുന്നണിയെ അദ്ദേഹം നിശ്ശബ്ദമാക്കി.

ഒന്നാം യുപിഎ സർക്കാർ നടപ്പാക്കിയ അഞ്ചു നയങ്ങൾ ലോക ജനാധിപത്യ ചരിത്രത്തിൽത്തന്നെ സുപ്രധാനമായ ചുവടുവയ്പാണ്.

1. വിവരാവകാശനിയമം, 2. ദേശീയ തൊഴിൽദാനം, 3. വിദ്യാഭ്യാസാവകാശം, 4. ഭക്ഷ്യസുരക്ഷാപദ്ധതി, 5. ഗോത്രവർഗ്ഗങ്ങളുടെ ഭൂമിക്കുള്ള അവകാശം. ഇടതുപക്ഷത്തിന്റെ പരിപാടികളാണ് ഇതിലൂടെ ഒന്നാം മൻമോഹൻ സിങ് സർക്കാർ നടപ്പാക്കിയത്. ഇതിന്റെ ചാലകശക്തികളിൽ ഒന്ന് യെച്ചൂരിയായിരുന്നു. വിവിധ മന്ത്രിമാർ പാർലമെന്റിൽ ഈ പദ്ധതികൾ അറിയിച്ചിട്ടുണ്ട്. പക്ഷേ, അവയുടെ ദർശനം പാർലമെന്റിനു നല്കിയത് യെച്ചൂരിയാണ്. ദേശീയ തൊഴിൽദാന പദ്ധതിയെ യെച്ചൂരി വിശദീകരിച്ചത് പട്ടിണിനിവാരണ പദ്ധതിയായാണ്. രാജ്യം പ്രതിസന്ധികളുടെ കൊടുമുടികളെ അഭിമുഖീകരിക്കുമ്പോൾ പാവപ്പെട്ട ജനങ്ങൾക്ക് അതിജീവനത്തിനുള്ള മാർഗം നല്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതാണ് ജനാധിപത്യത്തിന്റെ അന്തഃസത്ത. ഇതും പ്രവചനസ്വഭാവമുള്ള പരാമർശമായിരുന്നു. പിന്നീട് കോവിഡ് മഹാമാരി വന്ന് ലക്ഷക്കണക്കിനു ജനങ്ങൾ തൊഴിൽരഹിതരായപ്പോൾ പട്ടിണിയിലൂടെ കൂട്ടമരണങ്ങൾ സംഭവിക്കാതിരുന്നതിനു കാരണം ഈ പദ്ധതിയായിരുന്നു.

ഒരു പാർലമെന്റേറിയന്റെ അപാരമായ മെയ് വഴക്കം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ എഴുന്നു നിന്നിരുന്നു. രാജ്യസഭയുടെ ചരിത്രത്തിൽ അഞ്ചു പ്രാവശ്യം മാത്രമേ നന്ദിപ്രമേയത്തിന് പ്രതിപക്ഷം കൊടുത്ത ഭേദഗതികൾ അംഗീകരിക്കപ്പെട്ടിട്ടുള്ളൂ. അതിൽ രണ്ടു തവണയും ഭേദഗതികൾക്കു നേതൃത്വം നല്കിയത് യെച്ചൂരിയാണ്. ഇതിൽ 2015 മാർച്ച് മൂന്നിന് അംഗീകരിച്ച ഭേദഗതി എടുത്തു പറയണം. ഉന്നതതലത്തിലെ അഴിമതിക്കു തടയിടാനും കള്ളപ്പണം വിദേശത്തു നിന്നു തിരികെ നാട്ടിലെത്തിക്കാനുമുള്ള യത്നത്തിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു എന്നത് നയപ്രഖ്യാപന പ്രസംഗത്തിൽ വിട്ടുകളഞ്ഞു എന്നതായിരുന്നു ഭേദഗതി. പി രാജീവും ടി കെ രംഗരാജനും ഈ ഭേദഗതിയിൽ ഭാഗഭാക്കായി. ബിജെപി സർക്കാരിനെ ഇത് അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലെത്തിച്ചു. പ്രതിപക്ഷം ആ ഭേദഗതിയുമായി മുന്നോട്ടു പോകുമ്പോൾ, പാർലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ഇടപെട്ടു. അദ്ദേഹം യെച്ചൂരിയോട് കൈ കൂപ്പി അഭ്യർത്ഥിച്ച് പേരെടുത്തു വിളിച്ച് സഭാതലത്തിൽ പറഞ്ഞു: “അങ്ങ് ഒരു മുതിർന്ന നേതാവാണ്, അങ്ങ് ഈ നീക്കത്തിൽ നിന്നു പിൻതിരിയണം.”

യെച്ചൂരി അതിനു നല്കിയ മറുപടി വിഖ്യാതമാണ്. “ഒരു മണിക്കൂർ സഭയിൽ ഏകപക്ഷീയമായ കണ്ഠക്ഷോഭം നടത്തി പ്രതിപക്ഷത്തിനു പറയാനുള്ളതു കേൾക്കാതെ, ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ ഒരു പ്രധാനമന്ത്രി ഇറങ്ങിപ്പോകുന്നതാണ് നമ്മൾ കണ്ടത്. ഇത്തരം സമീപനങ്ങളോടു പൊരുത്തപ്പെടാൻ കഴിയില്ലെന്ന സന്ദേശമാണ് പ്രതിപക്ഷം നല്കുന്നത്.”

ജനാധിപത്യ ഇന്ത്യയ്ക്കു പലപ്പോഴും പ്രതീക്ഷ പകർന്ന നേതാവാണ് യെച്ചൂരി. എന്നും മതേതര കാഴ്ച്ചപ്പാട് ഉയർത്തിപ്പിടിച്ച് ബിജെപി ക്കെതിരേയുള്ള മതനിരപേക്ഷനിരയുടെ കുന്തമുനയായി അദ്ദേഹം മാറി. അക്കാദമിക് സമൂഹത്തിനു മുതൽ ജനസാമാന്യങ്ങൾക്കു വരെ രാജ്യസഭയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പ്രചോദനമായി. മുഖ്യപ്രതിപക്ഷമായിരുന്ന കോൺഗ്രസ് മിക്കപ്പോഴും പകച്ചു നിന്നപ്പോൾ പ്രതിപക്ഷസ്വരമായത് യെച്ചൂരിയാണ്.

ഭാഷയും തത്വശാസ്ത്രവും നർമ്മവും

കുറിക്കു കൊള്ളുന്ന നർമ്മം അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ അവിസ്മരണീയമാക്കും. വിശദമായ സ്ഥിതിവിവരക്കണക്കുകളുടെ കാതലുള്ള ഈട്ടിത്തടിയിൽപ്പണിത ശില്പങ്ങളാണ് ആ പ്രഭാഷണങ്ങൾ. സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ ആഴത്തിലുള്ള അറിവ് അദ്ദേഹത്തിന്റെ പ്രതിപാദനങ്ങളുടെ സവിശേഷതയാണ്. ഭാഷയാണ് മറ്റൊരു കരുത്ത്. ഇംഗ്ലീഷും ഹിന്ദിയും ബംഗാളിയും തെലുഗുവും ഉറുദുവും അദ്ദേഹത്തിന് അനായാസം വഴങ്ങി. ഉറുദു ഷായരികൾ അദ്ദേഹത്തിൽ നിന്ന് അനർഗളം ഒഴുകുമായിരുന്നു. അവയുദ്ധരിച്ച് തന്റെ വാദങ്ങൾക്കു മനോഹരമായി അടിവരയിടുന്നതിൽ സമർത്ഥനായിരുന്നു യെച്ചൂരി.

എതിരാളികൾക്കുപോലും സമ്മതനായിരുന്നു അദ്ദേഹം. ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അൻസാരി ഒരിക്കൽ യെച്ചൂരിയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. താൻ ഉപരാഷ്ട്രപതിയായി രാജ്യസഭയുടെ സഭാനാഥനായെത്തിയപ്പോൾ യെച്ചൂരി പറഞ്ഞ ഒരു വാക്യമാണത്രെ അദ്ദേഹത്തിനു ദിശാബോധം പകർന്നത്. “വിയോജിപ്പിന്റെ ശബ്ദങ്ങളെ ഒരിക്കലും തളർത്താനോ അടിച്ചമർത്താനോ പാടില്ല. പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്ത വിയോജിപ്പിലാണ് കുടികൊള്ളുന്നത്.” ജനാധിപത്യത്തിന്റെ മർമ്മമായിരുന്നു യെച്ചൂരി മുന്നോട്ടു വച്ചതെന്നും രാജ്യസഭയുടെ നാഥനായിത്തുടർന്ന കാലം മുഴുവൻ തന്റെ മനസ്സിൽ ആ വാക്യമുണ്ടായിരുന്നെന്നും അൻസാരി പറഞ്ഞു.

യെച്ചൂരി രാജ്യസഭാംഗത്വം വിട്ടൊഴിയുമ്പോൾ രാജ്യസഭ അദ്ദേഹത്തിനു നല്കിയ വികാരനിർഭരമായ യാത്രയയപ്പ് സഭയുടെ സുവർണ ഏടുകളിൽ ഒന്നാണ്. ‘ഇന്ത്യയുടെനിധി’ എന്നാണ് പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് യെച്ചൂരിയെ വിശേഷിപ്പിച്ചത്. അന്ന് യെച്ചൂരി നടത്തിയ മറുപടി പ്രസംഗം ഇന്ത്യയെക്കുറിച്ചുള്ള സ്പന്ദനമായിരുന്നു – “ഞാൻ മദിരാശി ജനറൽ ആശുപത്രിയിൽ ജനിച്ചു; ഒരു തെലുഗു ബ്രാഹ്മണ ദമ്പതികളുടെ മകനായി. 1954 ൽ മദിരാശി ഹൈക്കോടതിയുടെ ആന്ധ്രാ ബഞ്ച് ഗുണ്ടൂരിലേയ്ക്കു പോയപ്പോൾ ജഡ്ജിയായ എന്റെ മുത്തച്ഛന് അങ്ങോട്ടു പോകേണ്ടി വന്നു. അപ്പോൾ ഞങ്ങളെല്ലാം കൂടെപ്പോയി. അങ്ങനെ 1952ൽ ജനിച്ച ഞാൻ 54 ൽ ഹൈദരാബാദിലെത്തി. നിസാമിന്റെ പഴയ ഭരണമേഖലയായ അവിടെ ഇസ്ലാമിക സാംസ്കാരികാന്തരീക്ഷത്തിലായിരുന്നു എന്റെ സ്കൂൾ വിദ്യാഭ്യാസം. ആ സംസ്കാരവുമായാണ് ഞാൻ ഇവിടെ വന്നത്. അങ്ങനെ ഞാൻ ദില്ലിയിലെത്തി ഇവിടെ പഠിച്ചു. ഞാൻ വിവാഹം കഴിച്ച വ്യക്തിയുടെ പിതാവ് ഇസ്ലാമിക പാരമ്പര്യമുള്ള സൂഫിയാണ്. അമ്മ മൈസൂരിയൻ രജപുത്ര വനിതയും. ഒരു ദക്ഷിണേന്ത്യൻ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച യുവാവ് ഇങ്ങനെയൊരു വനിതയെ വിവാഹം കഴിച്ചു. എന്റെ മകൻ എങ്ങനെഅറിയപ്പെടണം? അയാൾ ആരാണ്? ബ്രാഹ്മണൻ? മുസ്ലീം? ഹിന്ദു? എന്താണയാൾ? ഇന്ത്യക്കാരൻ എന്നല്ലാതെ എന്റെ മകനെ ഒന്നും വിളിക്കാനാവില്ല” – അതായിരുന്നു യെച്ചൂരി.

( ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ദേശാഭിമാനിയില്‍ എഴുതിയ ലേഖനം )

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News