ആര്‍എംഎസ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള നീക്കം പുനഃപരിശോധിക്കണം: ഡോ.ജോണ്‍ ബ്രിട്ടാസ് എം പി

സ്പീഡ് പോസ്റ്റ് പ്രോസസിങ്ങ് ഹബുകളുമായി ലയിപ്പിച്ച് ആര്‍ എം എസ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു. റെയിൽവേ സ്റ്റേഷന്‍ പരിസരത്തുള്ള നിലവിലെ ഓഫീസുകൾ മാറ്റുന്നത് തപാൽ സംവിധാനത്തിന്‍റെ സമയബന്ധിതമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനും സമഗ്രത കാത്തുസൂക്ഷിക്കുന്നതിനും തടസം സൃഷ്ടിക്കുമെന്ന് ഡോ. ബ്രിട്ടാസ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

ആർഎംഎസ് ഓഫീസുകൾ അടച്ചുപൂട്ടുന്നതും ജീവനക്കാരുടെ പുനർവിന്യാസവും രാജ്യത്തുടനീളമുള്ള തപാൽ സേവനങ്ങളുടെ കാര്യക്ഷമതയെ സാരമായി ബാധിക്കുമെന്നുറപ്പാണ്. ലയനത്തോടെ രാജ്യത്തുടനീളമുള്ള 93 നഗരങ്ങളിൽ ഇനി ആർ എം എസ് ഓഫീസോ സോർട്ടിംഗ് ഹബ്ബോ ഉണ്ടാകില്ല. കേരളത്തിൽ ആലപ്പുഴ,
കായംകുളം, ചങ്ങനാശേരി, തൊടുപുഴ, ആലുവ, ഇരിങ്ങാലക്കുട, ഷൊർണൂർ, ഒറ്റപ്പാലം, തിരൂർ, വടകര, തലശ്ശേരി, കാസർകോട് തുടങ്ങിയ പ്രധാന ആർഎംഎസ് ഓഫീസുകളാണ് ഇല്ലാതാകുക.സ്പീഡ് പോസ്റ്റ് സോർട്ടിംഗ് ഹബുകളിലാകട്ടെ, ആര്‍ എം എസിലെ ജോലിഭാരം കൂടി ഏറ്റെടുക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുമില്ല. ഇതുവഴിയുണ്ടാകുന്ന കാലതാമസം തപാല്‍ വകുപ്പിന്‍റെ വിശ്വാസ്യതതകര്‍ക്കുന്നതിനൊപ്പം വകുപ്പിന്‍റെ വിപണി വിഹിതത്തില്‍ ഗണ്യമായ ഇടവിനും കാരണമാകും. ഇത് കൂട്ട സ്ഥലംമാറ്റത്തിലേക്കും പീന്നീട് പിരിച്ചുവിടലിലേക്കും നയിക്കുമെന്ന് ജീവനക്കാര്‍ക്ക് ആശങ്കയുണ്ടെന്നും ബ്രിട്ടാസ് മന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

ALSO READ: ഹേമാ കമ്മറ്റി റിപ്പോർട്ട്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി

രാജ്യത്തുടനീളം 60,000 ത്തോളം ജീവനക്കാരെ ദോഷകരമായി ബാധിക്കുന്നതാണ് പുതിയ തീരുമാനം. കേരളത്തില്‍ രണ്ടായിരത്തോളം ജീവനക്കാരാണ് തൊഴിൽപരമായ ദുരിതത്തിനിരയാവുക. നിലവിലെ ജോലി സ്ഥലത്തുനിന്ന് 100 കിലോമീറ്ററിലേറെ യാത്ര ചെയ്ത് ജോലിക്കെത്തേണ്ട സാഹചര്യമാണുണ്ടാവുന്നത്. മാത്രവുമല്ല, ആര്‍ എം എസ് ജീവനക്കാരുടെ പുനര്‍വിന്യാസം പൂര്‍ത്തിയാകുന്നതോടെ സ്പീഡ് പോസ്റ്റ് സോർട്ടിംഗ് ഹബ്ബുകളിലെ കരാർ ജീവനക്കാരുടെ തെഴില്‍ നഷ്ടത്തിനുമിടയാക്കുമെന്നും ജോണ്‍ ബ്രിട്ടാസ് മന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ തപാല്‍ സംവിധാനത്തിന്‍റെ വിജയ കാരണങ്ങളിലൊന്ന് റെയില്‍വേ വഴിയുള്ള തപാല്‍ നീക്കമാണ്. നഗര, ഗ്രാമ വ്യത്യാസമില്ലാതെയുള്ള ആര്‍ എം എസ് സേവനം തപാൽ ഉരുപ്പടികളുടെ സമയബന്ധിതവും
കാര്യക്ഷമവുമായ വിതരണം ഉറപ്പാക്കുന്നതാണ്. നിർദ്ദിഷ്ട ലയനം ശക്തമായ ഈ സംവിധാനത്തെ തകർക്കുമെന്നുറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News