ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു. മറ്റ് ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിട്ട് വന്ദേ ഭാരത് ട്രെയിനുകള്‍ കടത്തിവിടുന്ന രീതിയും പുനഃപരിശോധിക്കണമെന്ന് എംപി കത്തില്‍ ആവശ്യപ്പെട്ടു.
ഉത്തര കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ കുറവ് നിമിത്തം യാത്രക്കാര്‍ അങ്ങേയറ്റം കഷ്ടപ്പെടുകയാണ്. തുലോം പരിമിതമായ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ സൂചി കുത്താനിടമില്ലാതെ തിങ്ങി നിറഞ്ഞാണ് ഇപ്പോള്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നത്. ഗുസ്തി പിടിച്ചും തിങ്ങി നിറഞ്ഞു നില്‍ക്കുന്നവരെ ചവിട്ടിയകറ്റിയും മാത്രമേ ജനറല്‍ കംപാര്‍ട്‌മെന്റുകളിലേക്ക് പ്രവേശിക്കുവാന്‍ പോലും കഴിയൂ. പലപ്പോഴും വാതില്‍പ്പടിയില്‍ തൂങ്ങിനിന്നാണ് യാത്ര. വായു സഞ്ചാരം പോലും തടസ്സപെടുന്ന രീതിയില്‍ തിങ്ങി നിറഞ്ഞു യാത്ര ചെയ്യുന്നത് മൂലം യാത്രക്കാര്‍ ബോധരഹിതരാകുന്നത് പതിവ് കാഴ്ചയായി മാറിയിട്ടും റെയില്‍വേ അധികാരികള്‍ കണ്ട മട്ട് നടിച്ചിട്ടില്ല. ഉത്തര കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമേ ഇതിനൊരറുതി വരുത്താന്‍ കഴിയൂ എന്ന് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ആകയാല്‍ എത്രയും വേഗം ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം കൂട്ടാന്‍ വേണ്ട നിര്‍ദേശം റെയില്‍വേ അധികാരികള്‍ക്കു നല്‍കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു.
Also Read : സംസ്ഥാന സ്കൂള്‍ കായികമേള, സ്വര്‍ണവേട്ടയില്‍ മലപ്പുറവും പാലക്കാടും ഒപ്പത്തിനൊപ്പം
കൂടാതെ വന്ദേ ഭാരത് ട്രെയിനുകള്‍ കൃത്യ സമയത്തു സര്‍വീസ് നടത്തുന്നതിന് വേണ്ടി മറ്റു ട്രെയിനുകള്‍ ദീര്‍ഘനേരം പലയിടങ്ങളിലായി പിടിച്ചിടുന്നത് പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പോകേണ്ട സാധാരണ ട്രെയിനുകളിലെ സ്ഥിരം യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഇത് പരിഹരിക്കുന്നതിന് വന്ദേ ഭാരത് ട്രെയിനുകളുടെ സമയക്രമം പരിഷ്‌കരിക്കുന്നതിന് പകരം മറ്റു ട്രെയിനുകളുടെ സമയം മാറ്റാനാണ് റെയില്‍വേ ശ്രമിക്കുന്നത്. അടിയന്തരമായി ഈ വിഷയത്തിലും ഇടപെട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ സമയ ക്രമം യുക്തിസഹമായി പരിഷ്‌കരിച്ച് മറ്റു ട്രെയിനുകളുടെ നിലവിലുണ്ടായിരുന്ന സമയക്രമം മാറ്റം വരുത്താതെ നിലനിര്‍ത്തണമെന്നും എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here