ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഡോ:കെ.ടി.ജലീല്‍

ഡോ. കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

എല്ലാ ആഘോഷങ്ങള്‍ക്കും നന്‍മയുടെയും മാനവികതയുടെയും ഒരു തലമുണ്ട്. ഓണമായാലും വിഷുവായാലും ദസറയായാലും ക്രിസ്മസ് ആയാലും ഈസ്റ്ററായാലും ചെറിയ പെരുന്നാളായാലും വലിയ പെരുന്നാളായാലും എല്ലാം. മോസസും യേശുവും അബ്രഹാമും ഭഗവാന്‍ ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീബുദ്ധനും മുഹമ്മദ് നബിയുമെല്ലാം വ്യത്യസ്ത കാലഘട്ടങ്ങളില്‍ അവതീര്‍ണ്ണരായ ദൈവദൂതന്‍മാരാണ്. ഒരുനാടും സമൂഹവും മുന്നറിയിപ്പുകാരില്ലാതെ കടന്നു പോയിട്ടില്ലെന്ന് വേദങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

വേദഗ്രന്ഥങ്ങളുടെ ഉള്ളടക്കവും അവതരണ രീതിയും ശൈലിയും പരിശോധിച്ചാല്‍ ഒരുപാട് സാമ്യതകള്‍ കാണാനാകും. അതിലൊന്നാണ് വ്രതവും ആഘോഷങ്ങളും. എല്ലാ മതധാരകളിലും ഇത് രണ്ടും വിവിധ രൂപങ്ങളില്‍ നിലനില്‍ക്കുന്നത് കാണാം. എല്ലാ മതദര്‍ശനങ്ങളുടെയും പ്രഭവകേന്ദ്രം ഒന്നാണെന്നതിന് ഇതില്‍പരം എന്തു സാക്ഷ്യപത്രമാണ് വേണ്ടത്?

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ വ്രതം അവസാനിക്കുന്നതിന്റെ ഉല്‍സവമാണ് ഈദുല്‍ ഫിത്വര്‍. ഒരു മാസത്തെ വ്രതത്തിലൂടെ മനുഷ്യന്‍ നേടിയെടുത്ത ആരോഗ്യ പുഷ്ടിക്കും പ്രതിരോധശേഷിക്കും ദൈവത്തോടുള്ള നന്ദി പറച്ചിലാണ് ഈദുല്‍ ഫിത്വര്‍ അഥവാ നോമ്പ് മുറിക്കുന്ന ആഘോഷം. മലയാളികള്‍ ഇതിനെ ചെറിയ പെരുന്നാള്‍ എന്നും വിളിക്കുന്നു. ‘ബലി’പെരുന്നാളിനെ ‘വലിയ’പെരുന്നാള്‍ എന്ന് മലയാളീകരിച്ച് വിളിക്കും പോലെ.

ചെറിയ പെരുന്നാള്‍ ദിനത്തില്‍ എല്ലാവരും സമൃദ്ധമായി ഭക്ഷണം കഴിക്കണമെന്നാണ് മുഹമ്മദ് നബി പഠിപ്പിച്ചത്. അതിനു വേണ്ടിയാണ് പ്രസവിച്ച കുഞ്ഞ് മുതല്‍ വയോവൃദ്ധര്‍ വരെയുളള എല്ലാവരും അവരവര്‍ക്ക് സുഭിക്ഷമായി കഴിക്കാനുള്ളത് മാറ്റിവെച്ച് ബാക്കി വരുന്നതില്‍ നിന്ന് ആളൊന്നിന് ഉദ്ദേശം 3 കിലോഗ്രാം ഭക്ഷ്യധാന്യം നിര്‍ബന്ധമായും പാവപ്പെട്ടവര്‍ക്ക് ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ദാനം ചെയ്യണമെന്ന് നിഷ്‌കര്‍ഷിച്ചത്. ഈ നിര്‍ബന്ധ ദാനം ശരീരത്തിന്റെ സകാത്ത് എന്നും വിശേഷിപ്പിക്കപ്പെടുന്നു.

മുസ്ലിങ്ങള്‍ അവരുടെ വരുമാനത്തില്‍ നിന്ന് ചെലവ് കഴിച്ച് വരുന്ന സമ്പാദ്യത്തിന്റെ 2.5 ശതമാനം ഓരോ വര്‍ഷവും സകാത്ത് അഥവാ നിര്‍ബന്ധ ദാനം നല്‍കാന്‍ ബാദ്ധ്യസ്ഥരാണ്. പൗരനെന്ന നിലയില്‍ രാജ്യത്തിന് നല്‍കുന്ന നികുതിക്ക് പുറമെയാണിത്.

സമ്പത്തിന്റെ സകാത്തും (നിര്‍ബന്ധ ദാനം) ശരീരത്തിന്റെ സക്കാത്തും (ഫിത്വര്‍ സകാത്ത്) രണ്ടും രണ്ടാണ്. അന്നത്തെ അന്നത്തിന് വകയുള്ള എല്ലാവരും ഫിത്വര്‍ സകാത്ത് അഥവാ ശരീരത്തിന്റെ സകാത്ത് നല്‍കാന്‍ കടപ്പെട്ടവരാണ്. എന്നാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ക്കും സ്വന്തം വരുമാനമുള്ളവര്‍ക്കുമാണ് സമ്പത്തിന്റെ സകാത്ത് നിശ്ചയിച്ചിട്ടുള്ളത്. ഇത് നല്‍കാന്‍ ആളുകള്‍ സാധാരണ തെരഞ്ഞെടുക്കാറ് റംസാന്‍ മാസമാണ്.

ഒരു സ്ത്രീ സാധാരണ ഉപയോഗിക്കുന്ന ആഭരണങ്ങള്‍ ഒഴിച്ച് വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണത്തിനും വെള്ളിക്കും സകാത്ത് കൊടുക്കാന്‍ വിശ്വാസികള്‍ അനുശാസിക്കപ്പെട്ടിരിക്കുന്നു. സകാത്തിന് പുറമെ ‘സ്വദഖ’ അഥവാ ഐച്ഛിക ദാനവും ഓരോരുത്തരുടെയും കഴിവനുസരിച്ച് നല്‍കലും അതീവ പുണ്യമുള്ള കാര്യമാണെന്നാണ് ഇസ്ലാമിന്റെ വിവക്ഷ.

ജനങ്ങള്‍ക്കിടയില്‍ മൈത്രിയും സൗഹാര്‍ദ്ദവും സഹിഷ്ണുതയും ആഗ്രഹിക്കുന്ന പ്രയാസമനുഭവിക്കുന്ന മുഴുവന്‍ മനുഷ്യരും സകാത്തിന് അര്‍ഹരാണ്.

പാവപ്പെട്ടവര്‍ക്ക് സമ്പന്നന്റെ സ്വത്തില്‍ ദൈവം നിശ്ചയിച്ച അവകാശമാണ് ‘സകാത്ത്’. അല്ലാതെ മുതലാളി തൊഴിലാളിക്ക് നല്‍കുന്ന സൗജന്യമോ ഔദാര്യമോ അല്ല. തൊഴിലാളിയുടെ വിയര്‍പ്പിന്റെ കണം ശരീരത്തില്‍ നിന്ന് വലിയുന്നതിന് മുമ്പ് അവന്റെ വേതനം നല്‍കണമെന്നാണ് മുഹമ്മദ് നബി ഉല്‍ഘോഷിച്ചത്. പാടത്ത് പണിയെടുത്താല്‍ വരമ്പത്ത് കൂലി എന്നര്‍ത്ഥം.

എല്ലാവര്‍ക്കും ഹൃദ്യമായ ചെറിയ പെരുന്നാള്‍ ആശംസകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News