ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു ഡോ. മൻമോഹൻസിങ്; മുൻ പ്രധാനമന്ത്രിയെ നിയമസഭയിൽ അനുസ്മരിച്ച് സ്പീക്കർ

ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു ഡോ. മൻമോഹൻസിങെന്ന് സ്പീക്കർ എ.എൻ. ഷംസീർ. മുൻ പ്രധാനമന്ത്രിയെ അനുസ്മരിച്ച് നിയമസഭയിൽ പ്രസംഗിക്കുകയായിരുന്നു സ്പീക്കർ.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങിനെ അനുസ്മരിച്ച് സ്പീക്കർ എ.എൻ. ഷംസീർ നിയമസഭയിൽ നടത്തിയ അനുസ്മരണം പൂർണ രൂപത്തിൽ:

രാജ്യത്തിൻ്റെ പതിനാലാമത് പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഡോ.മന്‍മോഹന്‍സിങ് 2024 ഡിസംബര്‍ 26-ന് അന്തരിച്ചു. ലോകത്തിന് ഇന്ത്യ സംഭാവന ചെയ്ത മികച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. 1936 സെപ്റ്റംബര്‍ 26-ന് അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയില്‍ ഗുര്‍മുഖ് സിങിൻ്റെയും അമൃത് കൗറിൻ്റെയും മകനായി മന്‍മോഹന്‍സിങ് ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അമൃത്‍സര്‍ ഹിന്ദു കോളജിലായിരുന്നു പഠനം.പിന്നീട് പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദവും ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ നിന്ന് ഡോക്‌ടറേറ്റും നേടി.സാമ്പത്തിക വിദഗ്ധൻ,അക്കാദമിക് പണ്ഡിതന്‍,ഉന്നത ഉദ്യോഗസ്ഥന്‍,രാഷ്‌ട്രീയ നേതാവ് തുടങ്ങിയ മേഖലകളില്‍ തന്‍റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചു.

ALSO READ: പിഎഫ്‌ അക്കൗണ്ട് മാറ്റുന്നതിനായി ജീവനക്കാർക്ക്‌ ഇനി ഓൺലൈനിൽ നേരിട്ട്‌ അപേക്ഷിക്കാം

പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെയും പ്രശസ്തമായ ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെയും ഫാക്കൽറ്റിയിൽ ചെലവഴിച്ച വർഷങ്ങള്‍ ഡോ.സിങിൻ്റെ അക്കാദമിക് യോഗ്യതകള്‍ ശക്തിപ്പെടുത്തി. 1966-69 കാലയളവില്‍ United Nations Conference on Trade and Development സെക്രട്ടേറിയറ്റിലും തുടര്‍ന്ന് ഇന്ത്യയുടെ ധനകാര്യ, വിദേശകാര്യ മന്ത്രാലയത്തിലും അദ്ദേഹം ഉന്നത പദവികള്‍ വഹിച്ചു.

തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പ്ലാനിങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, ജനീവയിലെ സൗത്ത് കമ്മീഷൻ സെക്രട്ടറി ജനറല്‍, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്, UGC ചെയര്‍മാന്‍ എന്നീ നിലകളിലും പ്രശംസ പിടിച്ചു പറ്റി.

നിരവധി അന്താരാഷ്ട്ര കോൺഫറൻസുകളിലും അന്താരാഷ്ട്ര സംഘടനകളിലും ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം സൈപ്രസിൽ നടന്ന കോമൺവെൽത്ത് ഗവൺമെന്റ് മേധാവികളുടെ യോഗത്തിലേക്കും 1993-ൽ വിയന്നയിൽ നടന്ന ലോക മനുഷ്യാവകാശ സമ്മേളനത്തിലേക്കും ഇന്ത്യൻ സംഘത്തെ നയിച്ചു.

റിസർവ്‌ ബാങ്ക്‌ ഗവർണർ എന്ന നിലയിൽ ദേശീയതലത്തിലും അന്താരാഷ്‌ട്ര നാണയ നിധി അംഗമെന്നനിലയിൽ അന്താരാഷ്‌ട്ര തലത്തിലും ശ്രദ്ധനേടിയ ശേഷമാണ്‌ അദ്ദേഹം രാഷ്‌ട്രീയത്തിലെത്തുന്നത്‌. 1991-ല്‍ രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ ധനകാര്യമന്ത്രി പദം തേടിയെത്തി.

രാജ്യത്ത് സാമ്പത്തിക ഉദാരവത്ക്കരണ നയങ്ങള്‍ക്ക് തുടക്കം കുറിച്ച ധനകാര്യമന്ത്രി എന്ന നിലയിലാകും മന്‍മോഹന്‍സിങിനെ കാലം അടയാളപ്പെടുത്തുക. 1991-ലെ നരസിംഹറാവു മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന അദ്ദേഹം പുത്തന്‍ സാമ്പത്തിക നയങ്ങളായ ഉദാരവത്ക്കരണം, സ്വകാര്യവത്ക്കരണം, ആഗോളവത്ക്കരണം എന്ന മൂന്ന് ആശയങ്ങളിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി.

2004-ല്‍ ഇടതുപക്ഷത്തിൻ്റെ പിന്തുണയോടെ യുപിഎ സഖ്യം അധികാരത്തിലെത്തിയപ്പോള്‍ മന്‍മോഹന്‍സിങിനെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് നിയോഗിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതി, വിവരാവകാശനിയമം തുടങ്ങി ഒട്ടേറെ ക്ഷേമ പരിപാടികൾ മൻമോഹൻ സിങ് മന്ത്രിസഭ ആവിഷ്‌കരിച്ചു. 2009-ല്‍ വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന ശക്തി കൂടിയാണ് അദ്ദേഹം.

ALSO READ: അന്താരാഷ്ട്ര പ്രശസ്തനായ സാമ്പത്തിക വിദഗ്ധനായിരുന്നു ഡോ. മൻമോഹൻസിങ്; മുൻ പ്രധാനമന്ത്രിയെ അനുസ്മരിച്ച് നിയമസഭയിൽ മുഖ്യമന്ത്രി

ഇന്ത്യാ ചൈനാ അതിർത്തി തർക്കങ്ങള്‍ കൊടുമ്പിരികൊണ്ട കാലത്ത് ഊഷ്‌മളമായ വിദേശ ബന്ധം ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ സൂക്ഷിച്ച മൻമോഹൻസിങ് അമേരിക്കയുമായി ആണവകരാറിലേര്‍പ്പെട്ടത് എറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ധനമന്ത്രിയായും പ്രധാനമന്ത്രിയായും രാഷ്‌ട്രനിർമാണത്തിന് മൻമോഹൻ സിങ് നൽകിയ സംഭാവനകൾ അദ്ദേഹത്തിൻ്റെ സാമ്പത്തിക വൈദഗ്ധ്യത്തിനുമപ്പുറമാണ്. സൗമ്യത കാത്തുസൂക്ഷിക്കുമ്പോഴും തീരുമാനങ്ങളില്‍ കാര്‍ക്കശ്യം അദ്ദേഹം പുലര്‍ത്തി.

ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള മൻമോഹൻ സിങിനെ 1987-ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. കേംബ്രിഡ്ജ്, ഓക്സ്ഫോഡ് സര്‍വകലാശാലകള്‍ അദ്ദേഹത്തിന് ഓണററി ബിരുദങ്ങള്‍ നല്‍കി ആദരിച്ചു. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. 1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. പ്രഗത്ഭനായ ഒരു ധനകാര്യ വിദഗ്ധനെയും നിശ്ചയദാർഢ്യമുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനേയുമാണ് മന്‍മോഹന്‍ സിങിൻ്റെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News