ദില്ലി: 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന് ദുരന്തമാകുമെന്ന് സാമ്പത്തിക വിദഗ്ധനും നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ ഡോ. പരകാല പ്രഭാകര്‍. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതില്‍ മോദിഭരണം കഴിവുറ്റതാണെങ്കിലും സമ്പദ് വ്യവസ്ഥയെയും മറ്റ് കാര്യങ്ങളെയും കൈകാര്യം ചെയ്യുന്നതില്‍ ഏറെ പിന്നിലാണെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.
‘ദി ക്രൂക്ക്ഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ: എസ്സെയ്‌സ് ഓണ്‍ എ റിപ്പബ്ലിക്ക് ഇന്‍ ക്രൈ്‌സിസ്’ എന്ന പരകാലയുടെ പുസ്തകം മെയ് 14ന് ബെംഗളൂരുവില്‍ പുറത്തിറക്കിയിരുന്നു. മോദി ഭരണകൂടം സമ്പത്ത് വ്യവസ്ഥ, രാഷ്ട്രീയം, മറ്റു കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള കുറിപ്പുകള്‍ അടങ്ങുന്നതാണ് പുസ്തകം. ഇതുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു പരകാല മോദിക്കതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.
2014ലെ തെരഞ്ഞെടുപ്പില്‍ ‘വികസന’ത്തിന്റെ തട്ടകത്തില്‍ വിജയിച്ച ബി.ജെ.പി ഹിന്ദുത്വയെ ഉയര്‍ത്തികൊണ്ട് വരികയായിരുന്നെന്ന് ഡോ. പ്രഭാകര്‍ പറഞ്ഞു. 2024-ല്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ ദുരന്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഹിന്ദുത്വയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് ആളുകളെ അണിനിരത്താനുള്ള കഴിവില്‍ നിന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും ജനപ്രീതി ഉയര്‍ന്ന് വന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ 2014ല്‍ അധികാരത്തിലേറിയപ്പോള്‍ മോദി പറഞ്ഞത് പോരാട്ടം ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലല്ലെന്നും മറിച്ച് തൊഴിലില്ലാഴ്മക്കും ദാരിദ്രത്തിനുമെതിരെ മുസ്‌ലിങ്ങളും ഹിന്ദുക്കളും ഒരുമിച്ചാണ് പോരാട്ടമെന്നുമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2014ല്‍ സദ്ഭരണവും അഴിമതിരഹിത സര്‍ക്കാരും വികസനവും ഉയര്‍ത്തിയായിരുന്നു അവര്‍ വോട്ട് ചോദിച്ചിരുന്നത്. എന്നാല്‍ അവരുടെ യഥാര്‍ത്ഥ ഉദ്ദേശം രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുകയായിരുന്നുവെന്ന് പരകാല വിമര്‍ശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here