കുറ്റാന്വേഷണ രംഗത്ത് നിര്‍ണായകമായ തെളിവുകളും പതിനാറായിരത്തിലധികം പോസ്റ്റ്മോര്‍ട്ടവും നടത്തിയ സംസ്ഥാന പൊലീസ് ഫോറന്‍സിക് ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. പി ബി ഗുജ്റാള്‍ പടിയിറങ്ങി. സംസ്ഥാനത്തെ മെഡിക്കോ ലീഗല്‍ പരിശോധനകളുടെ സമഗ്ര മാര്‍ഗരേഖയായ കേരളാ മെഡിക്കോ ലീഗല്‍ കോഡ് തയ്യാറാക്കിയത് ഡോ. ഗുജ്‌റാളാണ്.
കാല്‍നൂറ്റാണ്ടിനിടെ പതിനാറായിരത്തോളം പോസ്റ്റ് മോര്‍ട്ടം പരിശോധന. അയ്യായിരത്തോളം കേസുകളില്‍ സാക്ഷിമൊഴി. ആയിരക്കണക്കിന് മെഡിക്കോ ലീഗല്‍ പരിശോധനകള്‍. പോസ്റ്റ് മോര്‍ട്ടം ടേബിളില്‍ തെളിവുകള്‍ക്ക് ജീവന്‍ പകര്‍ന്ന ഡോ. പി ബി ഗുജ്‌റാള്‍ ഔദ്യോഗികമായി പടിയിറങ്ങി. സംസ്ഥാനത്തെ പൊലീസ് ഫോറന്‍സിക് വിഭാഗത്തിലെ ചീഫ് കണ്‍സല്‍ട്ടന്റാണ് പാലക്കാട് ജില്ലാ പൊലീസ് സര്‍ജന്‍ ഡോ. പി ബി ഗുജ്‌റാള്‍.
2000 ജനുവരിയിലാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പൊലീസ് സര്‍ജനായി ചുമതലയേല്‍ക്കുന്നത്. തുടര്‍ന്നിങ്ങോട്ട് 24 വര്‍ഷം മോര്‍ച്ചറിയില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇത്രയും വര്‍ഷത്തെ ജോലിയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് ഡോക്ടര്‍ ഗുജ്റാള്‍ പറഞ്ഞു.
സാധാരണ മരണമായോ ആത്മഹത്യയായോ ഫയല്‍ ക്ലോസ് ചെയ്യുമായിരുന്ന നൂറുകണക്കിന് സംഭവങ്ങളില്‍ കൊലപാതകത്തിന്റെ തെളിവുകള്‍ കണ്ടെത്താന്‍ ഡോ ഗുജറാളിന്റെ അനുഭവ പരിചയവും സൂക്ഷ്മതയും വഴിവെച്ചു. സംസ്ഥാനത്തിനകത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി നൂറുകണക്കിന് കേസുകള്‍ വിദഗ്ധാഭിപ്രായത്തിനായി ഗുജ്‌റാളിനെത്തേടിയെത്തി.
ലൈംഗീകാതിക്രമങ്ങളിലെ അതിജീവിതരെ പരിശോധിക്കുന്നതിനുള്ള മാര്‍ഗ രേഖകളും 2022ല്‍ നടപ്പാക്കിയ അറസ്റ്റിലാകുന്നവരുടെ മെഡിക്കോ ലീഗല്‍ പരിശോധനയ്ക്കും തടവുകാരുടെ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള മാര്‍ഗരേഖയും തയ്യാറാക്കിയത് ഡോക്ടര്‍ ഗുജ്റാളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here