ഇലക്ടറല്‍ ബോണ്ടില്‍ 1360 കോടി കൊടുത്ത ലോട്ടറി വ്യവസായിയുടെ ശത്രുപക്ഷത്ത് നില്‍ക്കുന്നതില്‍ എനിക്കഭിമാനമുണ്ട്: ഡോ. തോമസ് ഐസക്

ഇലക്ടറല്‍ ബോണ്ടില്‍ 1360 കോടി കൊടുത്ത ലോട്ടറി വ്യവസായിയുടെ ശത്രുപക്ഷത്ത് നില്‍ക്കുന്നതില്‍ എനിക്കഭിമാനമുണ്ടെന്ന് ഡോ. ടി എം തോമസ് ഐസക്. ബഹുമാന്യനും ആദരണീയനും സര്‍വോപരി ആരാധ്യനുമായ ഒരു ലോട്ടറി വ്യവസായി ഇലക്ടറല്‍ ബോണ്ടിലേയ്ക്ക് 1360 കോടി സംഭാവന ചെയ്തുവെന്നായിരുന്നു തോമസ് ഐസക്കിന്റെ പരിഹാസം

കള്ളപ്പണക്കേസില്‍ ഇഡിയുടെ നടപടി നേരിടുന്ന കമ്പനിയാണെങ്കിലും ആ കമ്പനിക്കോ അതിന്റെ ഉടമയ്‌ക്കോ അവമതിപ്പുണ്ടാക്കുന്ന ഒരു വാക്കുപോലും നാം ഉപയോഗിക്കാന്‍ പാടില്ലെന്നും തോമസ് ഐസക് പരിഹസിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ബഹുമാന്യനും ആദരണീയനും സർവോപരി ആരാധ്യനുമായ ഒരു ലോട്ടറി വ്യവസായി ഇലക്ടറൽ ബോണ്ടിലേയ്ക്ക് 1360 കോടി സംഭാവന ചെയ്തത്രേ! കള്ളപ്പണക്കേസിൽ ഇഡിയുടെ നടപടി നേരിടുന്ന കമ്പനിയാണെങ്കിലും ആ കമ്പനിക്കോ അതിന്റെ ഉടമയ്ക്കോ അവമതിപ്പുണ്ടാക്കുന്ന ഒരു വാക്കുപോലും നാം ഉപയോഗിക്കാൻ പാടില്ല. അഥവാ ഉപയോഗിച്ചാൽ ‘പ്രത്യാഘാതകം’ (സാധാരണ നിലയിൽ പ്രത്യാഘാതം എന്നു മതി. പക്ഷേ, ഈ കേസിൽ അതുപോര) ഗുരുതരമായിരിക്കും.

ഈ ബഹുമാന്യനെ ഒരു പത്രസമ്മേളനത്തിൽ “ലോട്ടറി മാഫിയ” എന്ന് സംബോധന ചെയ്തു എന്ന് ആരോപിച്ച് എനിക്കെതിരെ സിക്കിമിലെ മജിസ്ട്രേറ്റു കോടതിയിൽ സിവിലും ക്രിമിനലുമായി കേസുണ്ട്. ഇപ്പോൾ വിചാരണ തുടങ്ങാൻ പോവുകയാണ്. പത്രസമ്മേളനം റിപ്പോർട്ടു ചെയ്ത മാധ്യമങ്ങൾക്കെതിരെയും കേസുണ്ടായിരുന്നു. അവർ മാപ്പു പറഞ്ഞ് തടി കഴിച്ചിലാക്കി. പക്ഷേ, ഞാൻ മാപ്പു പറയാൻ തയ്യാറല്ല. കേസ് നടത്താൻ തന്നെയാണ് തീരുമാനം. അത് അതിന്റെ വഴിക്കു പോകട്ടെ.

എവിടുന്ന് ഈ ബഹുമാന്യന് ഇത്രയും പണം? പണവരവിന്റെ രീതിയെക്കുറിച്ച് ചെറിയൊരു ഉദാഹരണം ചൂണ്ടിക്കാട്ടാം. സി ആൻഡ് എജിയുടെ 2017-ലെ പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ടിൽ സിക്കിമിൽ നടത്തിയ ലോട്ടറിക്കച്ചവടത്തിന്റെ രത്നച്ചുരുക്കം വിവരിച്ചിട്ടുണ്ട്. അക്കാലയളവിൽ ഏതാണ്ട് 45000 കോടിയുടെ ലോട്ടറിക്കച്ചവടമാണ് നടന്നത്. സംസ്ഥാന സർക്കാരിന് നൽകിയത് വെറും 629 കോടി. ആകെ കച്ചവടത്തിന്റെ 1.4 ശതമാനം സർക്കാരിന്. 98.6 ശതമാനം മാർക്കറ്റിംഗ് ഏജന്റിന്.

ഒരു കച്ചവടമാകുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. അതല്ലേ നാട്ടുനടപ്പ്. തങ്ങൾക്കു കിട്ടിയ വിഹിതം കുറഞ്ഞുപോയെന്ന് സിക്കിം സർക്കാർ ആരോടും പരാതിയൊന്നും പറഞ്ഞിട്ടില്ല. എന്നിട്ടും, ബഹുമാന്യന് തിരുവുള്ളക്കേടുണ്ടാക്കുന്ന ചെയ്താണ് സി ആൻഡ് എജി ചെയ്തത്. പക്ഷേ, വിശാലഹൃദയനായ ബഹുമാന്യൻ സി ആൻഡ് എജിയോട് ക്ഷമിച്ചു. അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസൊന്നും കൊടുത്തില്ല.

പണത്തിന്റെ വലിപ്പം നോക്കൂ. 45000 കോടിയാണ് ഒരു സംസ്ഥാനത്തു നിന്നു മാത്രമായി ഊറ്റിയെടുത്തത്. വേറൊരു കണക്കു കേട്ടത് പശ്ചിമബംഗാൾ സർക്കാരിന് ഇക്കഴിഞ്ഞ കൊല്ലം 6000 കോടിയാണത്രേ ജി.എസ്.ടി കൊടുത്തത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ വ്യാപിച്ചു കിടക്കുന്ന ഈ സാമ്രാജ്യത്തിന്റെ വ്യാപ്തിയും ആഴവും സ്വാധീനവും നമുക്കു സങ്കൽപ്പിക്കാവുന്നതിനേക്കാൾ എത്രയോ അപ്പുറമാണ്. തുനിഞ്ഞിറങ്ങിയാൽ ആരെയൊക്കെ ഇവർക്കു ചൊൽപ്പടിയ്ക്കു നിർത്താനാവും? ഏതൊക്കെ സ്ഥാപനങ്ങളെ മുഴുവനായി വിലയ്ക്കു വാങ്ങാനാവും? ഏതായാലും ആ പട്ടികയിൽ സിപിഎമ്മും അതിന്റെ നേതാക്കളുമില്ല.
ആദരണീയനായ ഈ ലോട്ടറി വ്യവസായിക്ക് 1360 കോടി എത്രയോ തുച്ഛമായ തുകയാണ്. ഒരുപക്ഷേ, പുറത്തു വന്നതിലും എത്രയോ മടങ്ങാവും യഥാർത്ഥത്തിൽ കൊടുത്തു കാണുക. ഇന്ത്യയുടെ ഭരണകക്ഷിയ്ക്കും മുഖ്യപ്രതിപക്ഷ കക്ഷിയ്ക്കും ഈ ആദരണീയൻ ഇലക്ടറൽ ബോണ്ടു കൊടുത്തു കാണും. സിപിഎം സുപ്രിംകോടതിയിൽ നടത്തുന്ന പോരാട്ടം എന്തെന്തു പുതിയ വിവരങ്ങളാണ് പുറത്തുചാടിക്കുന്നത്.

പ്രസ്തുത ആദരണീയനെതിരെയുള്ള ഇഡി കേസിന്റെ ഗതിയെന്താകുമെന്നും ഊഹിക്കാവുന്നതേയുള്ളൂ. എത്ര സമൺസ് ഇഡി അയയ്ക്കുമെന്നും എവിടെയൊക്കെ ആദരണീയൻ ഹാജരാകുമെന്നുമൊക്കെ നമുക്ക് കാത്തിരുന്നു കാണാം.
ഒരു കാര്യമേ പറയാനുള്ളൂ. ഈ ആദരണീയനും ഇതേ ഇഡിയും എന്നെ ശത്രുപക്ഷത്താണ് നിർത്തിയിരിക്കുന്നത്. അതാണ് എന്റെ സന്തോഷവും അഭിമാനവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News