‘2014-ൽ അധികാരത്തിലേറിയ നാൾ മുതൽ മോദിയുടെ അജണ്ട വളരെ വ്യക്തമായിരുന്നു’; ഡോ തോമസ് ഐസക്ക്

thomas issac

പതിനാറാം ധനകാര്യ കമ്മീഷൻ ഇന്ത്യ ധന ഫെഡറലിസത്തിന് കൈക്കോടാലി ആകാതിരിക്കണമെങ്കിൽ ശക്തവും യോജിച്ചതുമായ പ്രതിഷേധം ഇനിയും ഉയരണമെന്ന് ഡോ തോമസ് ഐസക്ക്.വായ്പയെടുക്കാനുള്ള അവകാശം ജിഡിപിയുടെ 3%-ൽ നിന്നും വെട്ടിക്കുറച്ചേക്കുമോ എന്നുള്ള ഭയം തനിക്കുണ്ടെന്നും 2014-ൽ അധികാരത്തിലേറിയ നാൾ മുതൽ മോദിയുടെ അജണ്ട വളരെ വ്യക്തമായിരുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഡോ തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്; പൂർണരൂപം

പതിനാറാം ധനകാര്യ കമ്മീഷൻ വന്നൂ, പോയി. കാര്യങ്ങളൊക്കെ അവർ ഏതാണ്ട് തീരുമാനിച്ചിട്ടുണ്ടാകണം. എന്റെ ഏക പ്രതീക്ഷ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ആയിരുന്നു. അതിൽ ബിജെപി തോറ്റിരുന്നെങ്കിൽ സംസ്ഥാനാവകാശങ്ങൾ കവരുന്നതിന് ധനകാര്യ കമ്മീഷനെ ഇറക്കിക്കളിക്കാൻ മോദി ഒന്ന് അമാന്തിച്ചേനേ.

2014-ൽ അധികാരത്തിലേറിയ നാൾ മുതൽ മോദിയുടെ അജണ്ട വളരെ വ്യക്തമായിരുന്നു. 42% നികുതി സംസ്ഥാനങ്ങൾക്ക് നൽകുന്നത് വെട്ടിക്കുറയ്ക്കണം. പ്രധാനമന്ത്രി ആകുംമുമ്പ് 50%-ത്തിന്റെ വക്താവായിരുന്നു. എന്നാൽ പ്രധാനമന്ത്രി ആയശേഷം പതിനാലാം ധനകാര്യ കമ്മീഷൻ ചെയർമാൻ വൈ.വി. റെഡ്ഡിയെ വിളിച്ച് 42% എന്ന ശുപാർശ തിരുത്തിക്കാൻ ഒരു വിഫലശ്രമം നടത്തി. എന്നിട്ട് അവസാനം പാർലമെന്റിൽ ശുപാർശകൾ അംഗീകരിച്ചുകൊണ്ട് പ്രസംഗിച്ചപ്പോൾ പ്രധാനമന്ത്രി നടത്തിയ ഒരു പരാമർശം വലിയ ചിരി ഉയർത്തി. പല സംസ്ഥാനങ്ങളുടെയും ട്രഷറി ഇത്രയും പണം ഉൾക്കൊള്ളാൻ മതിയാകാതെ വരുമത്രേ. തമാശയെങ്കിലും ഉള്ളിലിരിപ്പ് വളരെ വ്യക്തമായി.

പതിനഞ്ചാം ധനകാര്യ കമ്മീഷനെ നിയോഗിച്ചപ്പോൾ 42% നികുതി വിഹിതം റിവ്യൂ ചെയ്യണമെന്ന് പരിഗണനാ വിഷയങ്ങളിൽ തന്നെ ഉൾപ്പെടുത്തി. സംസ്ഥാനങ്ങൾ രക്ഷപ്പെട്ടത് കോവിഡ് മഹാമാരി വന്നതുകൊണ്ടു മാത്രമാണ്. ഇത്തരമൊരു നടപടി സ്വീകരിക്കാൻ പറ്റിയ സന്ദർഭമായിരുന്നില്ലല്ലോ അത്.

ഇത്തവണ പരിഗണനാ വിഷയങ്ങളുടെ ഉത്തരവിൽ ഒരു പുതിയ പരാമർശവുമില്ല. ഭരണഘടനാ വകുപ്പുകൾ ഉദ്ദരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പക്ഷേ, തന്റെ മനസിലിരിപ്പ് മനസിലാക്കാൻ കുശാഗ്രബുദ്ധിമാനായ അരവിന്ദ് പനരാഗിയെ കമ്മീഷൻ ചെയർമാനാക്കി. ചെയർമാൻ പലതവണ ഇതിനകം കേന്ദ്ര സർക്കാരിന്റെ ഭീമമായ റവന്യുക്കമ്മിയെക്കുറിച്ചു പറഞ്ഞുകഴിഞ്ഞു. ഇതിനു കാരണം സംസ്ഥാനങ്ങൾക്കു വലിയ തുക നൽകുന്നതുകൊണ്ടാണെന്നു വ്യഗ്യം.

ഏതായാലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത് നികുതി വിഹിതം 50% ഉയർത്തണമെന്നാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും കേരളത്തിന്റെ നികുതി വിഹിതം വർദ്ധിപ്പിക്കാനുള്ള ശുപാർശ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അത്രയും നന്ന്.

പക്ഷേ, എന്റെ പേടി നികുതി വിഹിതം കുറയ്ക്കുമെന്നു മാത്രമല്ല, വായ്പയെടുക്കാനുള്ള അവകാശം ജിഡിപിയുടെ 3%-ൽ നിന്നും വെട്ടിക്കുറച്ചേക്കുമോ എന്നുള്ളതാണ്. ഈ പതിനാറാം ധനകാര്യ കമ്മീഷൻ ഇന്ത്യ ധന ഫെഡറലിസത്തിന് കൈക്കോടാലി ആകാതിരിക്കണമെങ്കിൽ ശക്തവും യോജിച്ചതുമായ പ്രതിഷേധം ഇനിയും ഉയരണം.

കമ്മീഷൻ അംഗങ്ങളിൽ ചിലർ മുൻപ് ജി.എസ്.ടി കൗൺസിലുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവരും പരിചയക്കാരുമായിരുന്നു. പരിചയം പുതുക്കാൻ രാഷ്ട്രീയ പാർട്ടികളുമായുള്ള കമ്മീഷൻ സിറ്റിംഗ് അവസരം നൽകി. അതിലേറെ സന്തോഷകരം സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പിലെ ജീവനക്കാരെ ഒത്തിരി നാളുകൾക്കുശേഷം വീണ്ടും കണ്ടതിലാണ്. സൗഹൃദത്തിനൊന്നും ഒരു കുറവുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News