ബിജെപിയുടെ കരണം പുകച്ചിരിക്കുകയാണ് കര്‍ണാടകത്തിലെ ജനങ്ങള്‍, ഡോ. തോമസ് ഐസക്ക്

തിരഞ്ഞെടുപ്പില്‍ ഏറ്റവും വിഷലിപ്തമായ വര്‍ഗീയ പ്രചരണം നടത്തിയ ബിജെപിയുടെ കരണം പുകച്ചിരിക്കുകയാണ് കര്‍ണാടകത്തിലെ ജനങ്ങളെന്ന് ഡോ തോമസ് ഐസക്ക്. ബിജെപിയുടെ പണച്ചാക്കില്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വീഴാതിരിക്കട്ടെയെന്നാണ് എന്നാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

തിരഞ്ഞെടുപ്പില്‍ ഏറ്റവും വിഷലിപ്തമായ വര്‍ഗീയ പ്രചരണം നടത്തിയ ബിജെപിയുടെ കരണം പുകച്ചിരിക്കുകയാണ് കര്‍ണാടകത്തിലെ ജനങ്ങള്‍. ഹിജാബിനെതിരെ വിഷം തുപ്പിയും മുസ്ലിം സംവരണം ഇല്ലാതാക്കുമെന്നു പ്രഖ്യാപിച്ചും കര്‍ണാടകത്തെ നെടുകെ വിഭജിച്ച് സംസ്ഥാന ഭരണം നിലനിര്‍ത്താമെന്നായിരുന്നു വ്യാമോഹം. ഏറ്റവുമൊടുവില്‍ കേരള സ്റ്റോറിയെന്ന ഒരു തല്ലിപ്പൊളി സിനിമയിറക്കിയും ഭാഗ്യം പരീക്ഷിച്ചു നോക്കി. കേരളത്തിനെതിരെ അധിക്ഷേപപ്രസംഗവുമായി സാക്ഷാല്‍ അമിത് ഷാ തന്നെ രംഗത്തിറങ്ങി. അതൊന്നും വിലപോയില്ല.
ഇനി അറിയേണ്ടത് ഒരു കാര്യം മാത്രം. ബിജെപിയുടെ പണച്ചാക്കില്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വീഴുമോ? അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ മോദിപ്രഭാവം മങ്ങുകയാണെന്നും ഈ തിരഞ്ഞെടുപ്പു തെളിയിച്ചു. എന്ത് അക്രമം കാണിച്ചാലും എത്ര അഴിമതി കാണിച്ചാലും മോദിയെക്കൊണ്ടൊരു കെട്ടുകാഴ്ചയ്ക്കിറക്കിയാല്‍ വോട്ടു മുഴുവന്‍ തങ്ങളുടെ പെട്ടിയില്‍ വീഴുമെന്നായിരുന്നു ബിജെപിയുടെ അഹങ്കാരം. ആ പ്രതീക്ഷയും പാളീസായി. നരേന്ദ്രമോദി റോഡിലിറങ്ങി കൈവീശിയാല്‍ ജനം ക്യൂനിന്ന് വോട്ടു ചെയ്യുമെന്ന ബിജെപിയുടെ പ്രതീക്ഷ തെറ്റുന്നത് ഒരു നിത്യസംഭവമായിട്ടുണ്ട്. ഹിമാചല്‍ പ്രദേശും ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനും ബിജെപിയ്ക്കു നഷ്ടപ്പെട്ടു.
ഈയിടെ തിരഞ്ഞെടുപ്പു നടന്ന ത്രിപുര, നാഗലാന്റ്, മേഘാലയ സംസ്ഥാനങ്ങളില്‍ ആകെ 180 സീറ്റുകളുണ്ട്. ശതമാനം എടുത്താല്‍ ബിജെപിക്ക് ത്രിപുരയില്‍ 39 ശതമാനവും നാഗലാന്റില്‍ 19 ശതമാനവും മേഘാലയില്‍ 9 ശതമാനവും വോട്ടാണ് നേടാനായത്. മഹാരാഷ്ട്രയിലെയും പശ്ചിമബംഗാളിലെയും ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റു. ഇപ്പോള്‍ കര്‍ണ്ണാടകത്തിലും. ഇത് രാജ്യത്തു വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്.

വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിന് കഴിയും. ആ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പു ഫലമാണ് കര്‍ണ്ണാടകം കാണിച്ചു തരുന്നത്. വടക്കേ ഇന്ത്യയും ബിജെപിയുടെ ഉരുക്കു കോട്ടയൊന്നുമല്ല. പ്രതിപക്ഷം ഒന്നിച്ചു നിന്നാല്‍ പരാജയപ്പെടുത്താവുന്ന ജനപിന്തുണയേ ബിജെപിയ്ക്കുള്ളൂ. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ഓരോ സംസ്ഥാനത്തും അനുയോജ്യമായ നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്കു കഴിയണം. ബിജെപിയുടെ ഭരണം അവസാനിപ്പിച്ച കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News