‘നവകേരള സദസ് നടത്തേണ്ടി വന്നത് ഇന്നത്തെ മാധ്യമ നയം കൂടി കണക്കിലെടുത്ത്’; ഡോ. തോമസ് ഐസക് എ‍ഴുതുന്നു

നവകേരള സദസ്സുകൾ പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും സർക്കാർ ചെയ്യുന്ന കാര്യങ്ങൾ വിശദീകരിക്കുന്നതിനും വേണ്ടിയാണ്. ഇങ്ങനെയുള്ളൊരു പ്രചാരണ പരിപാടി സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടത്തേണ്ടിവന്നത് ഇന്നത്തെ കേരളത്തിലെ മാധ്യമ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ്.

പത്രം ആയാലും ടെലിവിഷൻ ആയാലും അവയുടെ മുതലാളിമാരെ ബിജെപിയും കോൺഗ്രസും വിലയ്ക്കെടുത്തിരിക്കുകയാണ്. ഇവരെല്ലാവരും ചേർന്ന് എൽഡിഎഫ് സർക്കാരിനെതിരെ ഒരു പ്രൊപ്പഗണ്ട യുദ്ധത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങളോടു നേരിട്ടു സംവദിക്കുന്നതിനു മന്ത്രിസഭതന്നെ ഒരുമിച്ച് ഈ കേരളയാത്ര നടത്തുന്നത്.

നവകേരളം എന്നു പറയുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്? പഴയ കേരളത്തിൽ ഉണ്ടായിരുന്നതെല്ലാം മോശമാണെന്നോ തിരുത്തേണ്ടവയാണെന്നോ എന്ന് ഇതിന് അർത്ഥമില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുവരുത്താൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. ഈ നേട്ടത്തിൽ അഭിമാനംകൊള്ളുകയും അതിനെ കൂടുതൽ മുന്നോട്ടുകൊണ്ടുപോവുകയും വേണം.

എന്നാൽ മുൻപത്തെ അപേക്ഷിച്ച് ചില പുതിയ മുൻഗണനകളും ഉണ്ടായിട്ടുണ്ട്. കാരണം നമ്മുടെ സമ്പദ്ഘടനയിൽ കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയിൽ അത്രമേൽ അടിസ്ഥാനപരമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ പുതിയ വെല്ലുവിളികളും ഉയർന്നിട്ടുണ്ട്. അവയെ അഭിമുഖീകരിച്ചേ തീരൂ.

പ്രതിശീർഷ വരുമാനം: സംസ്ഥാന രൂപീകരണസമയത്ത് കേരളത്തിന്റെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയെ അപേക്ഷിച്ച് 25–30 ശതമാനം താഴ്ന്നതായിരുന്നു. 1961ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 259 രൂപ ആയിരുന്നപ്പോൾ ദേശീയ പ്രതിശീർഷ വരുമാനം 306 രൂപയായിരുന്നു.

എന്നാൽ ഇന്ന് കേരളത്തിന്റെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ 60 ശതമാനം ഉയർന്നതാണ്. 1922ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 2.33 ലക്ഷം രൂപ ആയിരുന്നപ്പോൾ ദേശീയ ശരാശരി – 1.72 ലക്ഷം രൂപ ആയിരുന്നു.

ഉപഭോഗം: സംസ്ഥാന രൂപീകരണസമയത്ത് കേരളത്തിന്റെ പ്രതിശീർഷ ഉപഭോഗം രാജ്യത്തെ ഏറ്റവും താഴ്ന്ന ഒന്നായിരുന്നു. ഭക്ഷണം തന്നെ ഏറ്റവും ചെലവുകുറഞ്ഞ കപ്പയും മത്തിയും മറ്റും ചേർന്നതായിരുന്നു. എന്നാൽ ഇന്ന് ഉപഭോഗത്തിന്റെ കാര്യത്തിൽ കേരളം ഒന്നാമതാണ്. ഭക്ഷണക്രമമാകെ മാറി. ഉപഭോക്തൃ ഉല്പന്നങ്ങളുടെ ഉപയോഗത്തിൽ കേരളമാണ് ഏറ്റവും മുന്നിൽ.

സമ്പാദ്യം: സാധാരണഗതിയിൽ ഉപഭോഗം ഉയരുമ്പോൾ സമ്പാദ്യം കുറയണം. എന്നാൽ കേരളത്തിന്റെ സ്ഥിതി അങ്ങനെയല്ല. കേരളത്തിലെ വളരെ ഉയർന്ന പ്രതിശീർഷ വരുമാനംമൂലം ഉപഭോഗത്തോടൊപ്പം സമ്പാദ്യവും ഉയർന്നു. ഗ്രാമീണ കുടുംബങ്ങളുടെ സ്വത്ത് സർവ്വേ പ്രകാരം പഞ്ചാബ് കഴിഞ്ഞാൽ ഒരു കുടുംബത്തിന് ഏറ്റവും കൂടുതൽ സ്വത്തുള്ളത് കേരളത്തിലാണ്. ബാങ്കുകളിലെ ഡെപ്പോസിറ്റുകളും ഏറ്റവും വേഗതയിൽ വളർന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.

വ്യാപാര മിച്ചം: ഉയർന്ന സമ്പാദ്യം ഉപയോഗിച്ച് നാം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്ന ഉപഭോഗത്തിന് ആവശ്യമായ ചരക്കുകൾ വാങ്ങുകയാണ് ചെയ്യുന്നത്. നമ്മൾ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നതിനേക്കാൾ വളരെ കൂടുതൽ ചരക്കുകൾ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നു. ഇപ്പോൾ കേരളത്തിന്റെ വ്യാപാര കമ്മി നമ്മുടെ സംസ്ഥാനത്തിന്റെ ജിഡിപിയുടെ 20 ശതമാനം വരും.

1970കളുടെ മദ്ധ്യത്തിൽ അത് 10 ശതമാനം ആയിരുന്നു. 1950കളിൽ ഒരുപക്ഷേ നമ്മൾ വ്യാപാര മിച്ചത്തിൽ ആയിരുന്നൂവെന്നു പറയാം. വ്യാപാര മിച്ച സംസ്ഥാനമെന്ന നിലയിൽ നിന്നു നമ്മൾ വ്യാപാര കമ്മി സംസ്ഥാനമായി മാറി.

താഴ്ന്ന നിക്ഷേപം: സമ്പാദ്യത്തിൽ നല്ലപങ്കും വ്യാപാര കമ്മി നികത്താൻ ഉപയോഗിക്കുന്നതുകൊണ്ടും ബാങ്കിംഗ് ചാനലുകൾ വഴി മറ്റു സംസ്ഥാനങ്ങളിലേക്കുംകൂടി പോകുന്നതുകൊണ്ടും നമ്മുടെ നിക്ഷേപം ഉയർന്നില്ല. പണ്ടും താഴ്ന്ന നിക്ഷേപം. ഇന്നും താഴ്ന്ന നിക്ഷേപം.

താഴ്ന്ന വളർച്ചാനിരക്ക്: നിക്ഷേപം താഴ്ന്നിട്ടും നമ്മുടെ വളർച്ചാ നിരക്ക് ഇടിഞ്ഞില്ല. കേരളത്തിന്റെ വളർച്ചാ നിരക്കിന്റെ വേഗത കൂടിയിട്ടേ യുള്ളൂ. അല്ലാത്തപക്ഷം നമ്മൾ പ്രതിശീർഷ വരുമാനത്തിൽ ഏറ്റവും താഴ്ന്ന നിലയിൽ ആയിരുന്നതിൽ നിന്ന് ഏറ്റവും ഉയർന്ന നിലയിലേക്ക് വളരില്ലായിരുന്നല്ലോ.

സാമൂഹ്യക്ഷേമ സൂചികകൾ: കേരളത്തിന്റെ മറ്റൊരു പ്രത്യേകത ഉയർന്ന വിദ്യാഭ്യാസ–ആരോഗ്യ സൂചികകളാണ്. സംസ്ഥാനം രൂപീകൃതമാകുന്ന വേളയിൽതന്നെ ഇക്കാര്യങ്ങളിൽ നാം മുന്നിലായിരുന്നു. യഥാർത്ഥത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനംവരെ സാമൂഹ്യക്ഷേമ സൂചികകളിൽ ഇന്ത്യയും കേരളവും തമ്മിലുള്ള അകലം വർദ്ധിക്കുകയാണ് ചെയ്തത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ഇന്ത്യ കേരളത്തിന്റെ നിലവാരത്തിലേക്ക് അടുക്കാൻ തുടങ്ങിയത്.

കേരള വികസന മാതൃക എങ്ങനെ?

മുകളിൽ വിവരിച്ച പ്രതിഭാസങ്ങളിൽ വിശദീകരിക്കേണ്ടുന്ന രണ്ടെണ്ണമുണ്ട്. എങ്ങനെ താഴ്ന്ന സാമ്പത്തികസ്ഥിതിയിലും കേരളത്തിന് ഉയർന്ന ജീവിതനിലവാരം കൈവരിക്കാൻ കഴിഞ്ഞു? ഈ പ്രഹേളികയെ അടിസ്ഥാനമാക്കിയാണ് കേരള വികസന മാതൃക

യെന്ന പ്രയോഗംതന്നെ ഉണ്ടായത്. എങ്ങനെയാണ് ഈ നേട്ടം കൈവരിച്ചത്? രണ്ടാമത്തേത് സാമ്പത്തിക കുതിപ്പെന്ന പ്രതിഭാസമാണ്. സമ്പാദ്യം ഉയർന്നു. പക്ഷേ നിക്ഷേപം ഉയർന്നില്ല. എന്നാൽ വളർച്ചയുടെ ഗതിവേഗം ഉയർന്നു. ഈ നേട്ടം എങ്ങനെ കൈവരിച്ചു?

ആദ്യം നമുക്ക് ജീവിതഗുണമേന്മ കൈവരിച്ചതിന്റെ പിന്നിലെ സാമൂഹ്യ സാമ്പത്തിക ഘടങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം. ഇതുസംബന്ധിച്ച രത്നച്ചുരുക്കം രണ്ടാമത്തെ പട്ടികയിൽ കൊടുത്തിട്ടുണ്ട്.

സാധാരണഗതിയിൽ സാമ്പത്തിക വളർച്ചയുടെ ഉന്നതഘട്ടത്തിലാണ് അതിന്റെ നേട്ടങ്ങൾ സാധാരണക്കാരിലേക്ക് കിനിഞ്ഞിറങ്ങുക. പാശ്ചാത്യരാജ്യങ്ങളുടെ വികസനാനുഭവം ഇതാണ്. സൈമൺ കുസ്നറ്റ്സ് എന്ന പണ്ഡിതനാണ് ഇതു ചിട്ടയായി അവതരിപ്പിച്ചത്. പ്രതിശീർഷ വരുമാനം വളരുമ്പോൾ ആദ്യ ഘട്ടങ്ങളിൽ അസമത്വം വർദ്ധിക്കുന്നത് അനിവാര്യമാണ്.

വളർച്ചയുടെ വളരെ ഉയർന്ന ഘട്ടത്തിനുശേഷമേ അസമത്വം കുറഞ്ഞു തുടങ്ങൂ. എന്നാൽ കേരളത്തിൽ നമ്മൾ സാമൂഹ്യമായി ഇടപെട്ട് വളർച്ചയുടെ പ്രഥമഘട്ടങ്ങളിൽ തന്നെ ഉണ്ടാകുന്ന സമ്പത്ത് സാധാരണക്കാർക്കിടയിലും പുനർവിതരണം ചെയ്യപ്പെടുമെന്ന് ഉറപ്പുവരുത്തി. ഈ പുനർവിതരണ വികസന തന്ത്രമാണ് പട്ടിക 2ൽ നൽകിയിട്ടുള്ളത്.

ട്രേഡ് യൂണിയനുകളുടെ സമ്മർദ്ദംമൂലവും സർക്കാരിന്റെ തൊഴിലാളി സംരക്ഷണ നിയമങ്ങൾമൂലവും കേരളത്തിലെ കൂലി നിരക്ക് അതിവേഗം വർദ്ധിച്ചു. ഇന്ന് കേരളത്തിലെ കർഷകത്തൊഴിലാളിക്ക് 800 രൂപ ശരാശരി ലഭിക്കുമ്പോൾ ഗുജറാത്തിലെ കൂലി 280 രൂപ മാത്രമാണ്. കൂലി വർദ്ധിക്കുകയെന്നാൽ വരുമാനത്തിന്റെ പുനർവിതരണമാണ്.

അതുപോലതന്നെ കർഷകപ്രസ്ഥാനങ്ങളുടെ പ്രക്ഷോഭങ്ങൾമൂലം ഭൂപരിഷ്കരണം നടപ്പാക്കുന്നതിനു സർക്കാർ നിർബന്ധിതമായി. അഞ്ച് ശതമാനം ജന്മിമാരുടെ കൈവശം ഉണ്ടായിരുന്ന 70 ശതമാനം ഭൂമി ഭൂപരിഷ്കരണത്തെത്തുടർന്ന് 60 ശതമാനം ജനങ്ങളുടെ ഉടമസ്ഥതയിലായി. എല്ലാവർക്കും കുടികിടപ്പെങ്കിലും ലഭ്യമായി. ഏറ്റവും പ്രധാനപ്പെട്ട സ്വത്തായ ഭൂമിയുടെ പുനർവിതരണത്തിന് ഭൂപരിഷ്കരണം വഴിതെളിച്ചു.

അവസാനമായി സർക്കാർ മുൻകൈയെടുത്ത് ആരോഗ്യവിദ്യാഭ്യാസ സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ആരംഭിച്ച സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ ഇതിനായി താഴേത്തട്ടിൽ നിന്നുള്ള സമ്മർദ്ദശക്തികളായി പ്രവർത്തിച്ചു.

സ്വാതന്ത്ര്യാനന്തരകാലത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈ കടമ ഏറ്റെടുത്തു. അങ്ങനെയാണ് കേരളത്തിലെ വിദ്യാഭ്യാസ–ആരോഗ്യനില ഉയർന്നത്.

ALSO READ: കുടുംബശ്രീയും നഗരസഭയും തമ്മിലുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മികച്ച മാതൃകയായി ഉപജീവന കേന്ദ്രം മാറുകയാണ്; എം ബി രാജേഷ്

എന്തുകൊണ്ട് സാമ്പത്തിക കുതിപ്പ്?

1960–61 മുതൽ കോവിഡിനു തൊട്ടുമുമ്പ് 2018–19 വരെയുള്ള കേരളത്തിന്റെ സാമ്പത്തികവളർച്ചയുടെ ഒരു നഖചിത്രം പട്ടിക 3ൽ നൽകിയിട്ടുണ്ട്. കേരളത്തിലെ സാമ്പത്തിക വളർച്ചയെ രണ്ട് ഘട്ടങ്ങളായി തിരിക്കാനാകും.

ആദ്യത്തേത്, 1987 വരെ, അതായത് രണ്ടാം ഇ കെ നായനാർ സർക്കാരിന്റെ ഘട്ടം വരെ. രണ്ടാമത്തേത്, 1988 മുതൽ 2018 വരെ. അതായത് പിണറായി സർക്കാരിന്റെ ഘട്ടംവരെ. രണ്ട് കാലഘട്ടവും തമ്മിൽ സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ അജഗജാന്തരമുണ്ട്.

സംസ്ഥാനത്തിന്റെ ജിഡിപിയെ ജി.എസ്.ഡി.പി എന്നാണ് വിളിക്കുക. ആദ്യത്തെ നിരയിൽ നൽകിയിട്ടുള്ളത് കേരളത്തിന്റെ ജി.എസ്.ഡി.പിയുടെ വളർച്ചാ നിരക്കാണ്. 1961നും 1987നും ഇടയ്ക്ക് കേരളത്തിന്റെ ജി.ഡി.പി 2.9 ശതമാനം വീതമാണ് പ്രതിവർഷം വളർന്നത്.

ദേശീയ ജി.ഡി.പിയുടെ വളർച്ചാ നിരക്ക് 4 ശതമാനത്തിനു മുകളിലായിരുന്നു. എന്നാൽ രണ്ടാമത്തെ ഘട്ടത്തിൽ (1988–2018) കേരളത്തിന്റെ സാമ്പത്തിക വളർച്ച 6.71

ശതമാനമായി ഉയർന്നു. ദേശീയ ശരാശരിയേക്കാൾ ഉയർന്നതായി കേരളത്തിന്റെ വളർച്ച.പ്രതിശീർഷ വരുമാനത്തിൽ ഈ കുതിപ്പ് കൂടുതൽ വ്യക്തമാകും. കേരളത്തിലെ ജനസംഖ്യാ വളർച്ചാ നിരക്കിൽ ഗണ്യമായ ഇടിവ് ഈ കാലയളവിലുണ്ടായി.

ഒന്നാം ഘട്ടത്തിൽ ഒരു ശതമാനംപോലും വേഗതയിലല്ല കേരളത്തിന്റെ പ്രതിശീർഷ വരുമാനം വളർന്നുകൊണ്ടിരുന്നത്. 6 ശതമാനം നിരക്കിലാണ് പ്രതിവർഷം പ്രതിശീർഷ വരുമാനം ഉയർന്നത്.

വ്യവസായ വളർച്ചയിലും സേവന വളർച്ചയിലും ഒന്നും രണ്ടും ഘട്ടങ്ങൾ തമ്മിലുള്ള ഇതേ വ്യത്യാസം നമുക്ക് കാണാനാകും. എന്നാൽ കാർഷിക മേഖലയിൽ ഇതു കാണാനാവില്ല.

ഒന്നാംഘട്ടത്തിൽ 1.25 ശതമാനം വേഗതയിൽ വളർന്ന കാർഷിക മേഖല രണ്ടാംഘട്ടത്തിൽ 1.3 ശതമാനം വേഗതയിലേ വളർന്നുള്ളൂ.

മൂന്നാമത്തെ നിരയിൽ 1988നും 1996നും ഇടയ്ക്കുള്ള വളർച്ചാ നിരക്ക് കാണാം. കാർഷിക മേഖലയിൽ ഈ കാലഘട്ടത്തിൽ 5.35 ശതമാനം വീതമാണ് വളർച്ചയുണ്ടായത്. ഇതു ദേശീയതലത്തിൽതന്നെ വളരെ ഉയർന്ന നിരക്കാണ്.

എന്നാൽ ആസിയാൻ കരാറിനെത്തുടർന്ന് കേരളത്തിന്റെ കാർഷിക മേഖല തകർന്നു. വളർച്ചയും ഇടിഞ്ഞു. എന്നാൽ സേവനമേഖലയുടെ മികവിൽ നാം ഉയർന്ന ജിഡിപി വളർച്ചാ നിരക്ക് നിലനിർത്തി.

എന്താണ് സാമ്പത്തിക വളർച്ചയിലെ കുതിപ്പിന് ഇടയാക്കിയത്.

ഇക്കാര്യത്തിൽ പ്രവാസവും പ്രവാസി വരുമാനവും വഹിച്ചപങ്ക് അവിതർക്കിതമാണ്. പട്ടിക 4ൽ വിദേശത്തെ പ്രവാസികളുടെ എണ്ണവും അവർ അയയ്ക്കുന്ന വിദേശ പണവരുമാനം സംസ്ഥാന ജിഡിപിയുടെ എത്ര ശതമാനമാണെന്നതും നൽകിയിരിക്കുന്നു.

1970കളുടെ മദ്ധ്യത്തിലാണ് ഗൾഫിലേക്കുള്ള കുടിയേറ്റം ആരംഭിച്ചത്. 1980കളുടെ അവസാനം 5 ലക്ഷം മലയാളികളാണ് ഗൾഫിൽ പണിയെടുത്തത്. അവർ അയച്ചിരുന്ന പണം നമ്മുടെ സംസ്ഥാന ജിഡിപിയുടെ 13 ശതമാനം വരുമായിരുന്നു. 2005 ആയപ്പോഴേക്ക് വിദേശ മലയാളികളുടെ എണ്ണം 20 ലക്ഷമായി ഉയർന്നു. അവർ അയകയ്ക്കുന്ന പണം നമ്മുടെ സംസ്ഥാന ജിഡിപിയുടെ 30 ശതമാനമായി.

ഈ ഗൾഫ് പണവരുമാനംമൂലമാണ് ഉപഭോഗത്തിൽ കുതിപ്പുണ്ടായത്. നിക്ഷേപം ഉയർന്നില്ലെങ്കിലും ഉപഭോഗവുമായി ബന്ധപ്പെട്ട സേവനമേഖലകളിൽ ഗണ്യമായ വളർച്ചയ്ക്ക് ഇതു വഴിതെളിച്ചു. ഇതാണ് കേരളത്തിന്റെ സാമ്പത്തിക കുതിപ്പിന്റെ പിന്നിലെ മുഖ്യഘടകം.

പുതിയ വികസന 
വെല്ലുവിളികൾ

ഉയർന്ന സാമ്പത്തികവളർച്ചയും ജനസാമാന്യത്തിന്റെ ക്ഷേമവും ഉറപ്പായിട്ടുണ്ട്. പിന്നെ എന്തിനാണ് നവകേരളം? നമ്മുടെ വിജയം പുതിയ വെല്ലുവിളികൾക്കു രൂപം നൽകിയിരിക്കുകയാണ്. നാം നേരിടുന്ന നാല് വെല്ലുവിളികൾ പട്ടിക 5ൽ ചൂണ്ടിക്കാണിക്കുന്നു.

സേവന നിലവാരം: കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞു. അവർക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കാൻ മാതാപിതാക്കൾക്കുള്ള താല്പര്യം കൂടി. ജീവിതായുസ്സ് വർദ്ധിച്ചു. ഉയർന്ന ചികിത്സ ആവശ്യമുള്ള പുതിയ രോഗങ്ങളും വർദ്ധിച്ചു. പ്രായംചെന്നവരുടെ പരിപാലനം പുതിയൊരു വെല്ലുവിളിയാണ്. ഇവയ്ക്ക് സ്വകാര്യവൽക്കരണമല്ലാതെ ജനകീയ പരിഹാരങ്ങൾ ഇല്ലേ?

ചെറുകിട മേഖല: കൃഷിയുടെയും പരമ്പരാഗത വ്യവസായങ്ങളുടെയും ഉൽപ്പാദനം രൂക്ഷമായ മുരടിപ്പിലാണ്. തന്മൂലം ഈ മേഖലകളിൽ പണിയെടുക്കുന്ന സാധാരണക്കാരുടെ വരുമാനം ഉയർത്താൻ കഴിയുന്നില്ല. ഇവർ ഇടതുപക്ഷത്തിന്റെ അടിത്തറയാണ്. ഇൻകം സപ്പോർട്ട് സ്കീം പോലുള്ള പദ്ധതികളിലൂടെ അവരുടെ വരുമാനം തുടർച്ചയായി ഉയർത്തിക്കൊണ്ടു പോകാനുമാവില്ല. എന്താണ് പരിഹാരം?

പശ്ചാത്തലസൗകര്യം: വിദ്യാഭ്യാസ–ആരോഗ്യ മേഖലയിലെ ഊന്നൽമൂലം കേരള സർക്കാരിന്റെ മൂലധനച്ചെലവ് ദേശീയവരുമാനത്തിന്റെ ശതമാനമായി കണക്കാക്കിയാൽ മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ താഴെയാണ്. ഇത് ചിത്രം 1ൽ നിന്ന് വ്യക്തമാണ്.

ചുവന്ന രേഖ മറ്റു സംസ്ഥാനങ്ങളുടെ തോതിനെ രേഖപ്പെടുത്തുന്നു. അതേസമയം, കേരളത്തിന്റെ തോതിനെ രേഖപ്പെടുത്തുന്ന നീല രേഖ തുടർച്ചയായി അതിനെക്കാൾ വളരെ താഴെയാണ്. പശ്ചാത്തലസൗകര്യ പിന്നാക്കാവസ്ഥ വ്യവസായ വളർച്ചയ്ക്കു തടസ്സമായി വന്നിരിക്കുകയാണ്. ഇത് എങ്ങനെ മറികടക്കാം?

രൂക്ഷമായ തൊഴിലില്ലായ്മ: കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയുടെ 23 മടങ്ങുവരും. തൊഴിലില്ലായ്മ അഭ്യസ്തവിദ്യർക്കിടയിലും സ്ത്രീകളിലുമാണ് ഏറ്റവും രൂക്ഷം. അഭ്യസ്തവിദ്യരുടെ തൊഴിൽ പ്രതീക്ഷകൾക്കനുസരിച്ചുള്ള തൊഴിലുകൾ കേരളത്തിൽ ഉണ്ടാകുന്നില്ല.

സ്ത്രീകളുടെ ഉയർന്ന തൊഴിലില്ലായ്മമൂലം അവരിൽ നല്ലപങ്കും തൊഴിൽസേനയ്ക്കു പുറത്തുപോകുന്നു. പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തം 70 ശതമാനം ആയിരിക്കുമ്പോൾ സ്ത്രീകളുടേത് 20 ശതമാനമാണ്.

കേരളത്തിന്റെ ബദൽ മാർഗ്ഗങ്ങൾ

മേൽപ്പറഞ്ഞ വെല്ലുവിളികൾക്ക് നിയോലിബറലിസമല്ലാതെ ഉത്തരമില്ല എന്നാണ് പിന്തിരിപ്പന്മാരുടെ വാദം. പുനർവിതരണത്തെ ആസ്പദമാക്കിയുള്ള വികസനതന്ത്രത്തിന്റെ കാലം കഴിഞ്ഞു. ഇന്നത്തെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയിൽ ഇന്നു സ്വീകരിച്ചുവരുന്ന നിയോലിബറൽ നയങ്ങൾ കലവറയില്ലാതെ നടപ്പാക്കാൻ കേരളം തയ്യാറാകണം എന്നെല്ലാമാണ് ഇത്തരക്കാർ പറയുന്നത്. ഇടതുപക്ഷത്തിന് ഇത്തരമൊരു നിലപാട് സ്വീകരിക്കാനാവില്ല. അതുകൊണ്ട് നമ്മൾ ബദൽ നയങ്ങൾ കരുപ്പിടിപ്പിക്കുകയാണ്. അവ പട്ടിക 6ൽ സംക്ഷിപ്തമായി രേഖപ്പെടുത്തിയിരിക്കുന്നു.

സേവനങ്ങൾ: അധികാരവികേന്ദ്രീകരണത്തിലൂടെ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയാണ് സേവന ഗുണനിലവാരം ഉയർത്തുന്നതിനു കേരളത്തിന്റെ ബദൽ. സംസ്ഥാന സർക്കാർ സാധ്യമായ ധനസഹായം ചെയ്യുന്നതിനോടൊപ്പം കീഴ്ത്തട്ടിൽ നിന്നു സന്നദ്ധാടിസ്ഥാനത്തിലും സംഭാവനയായും വിഭവസമാഹരണം നടത്തണം.

ഇങ്ങനെയാണ് നമ്മുടെ വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ഗ്രാമീണ ഗതാഗതം, സാന്ത്വനം, ഭിന്നശേഷി പരിചരണം തുടങ്ങിയ മേഖലകളുടെ ഗുണനിലവാരം നാം ഉയർത്തിയത്.

ചെറുകിട മേഖല: ഇവിടെയും അധികാര വികേന്ദ്രീകരണം തന്നെയാണ് സൂത്രവാക്യം. അതോടൊപ്പം ജനങ്ങളുടെ സഹകരണാടിസ്ഥാനത്തിലുള്ള പുതിയ കൂട്ടായ്മകൾക്കു രൂപം നൽകണം. ഉയർന്ന സാങ്കേതികവിദ്യകളിലേക്കും മൂല്യവർദ്ധിത ഉല്പന്നങ്ങളിലേക്കും മാറണം.

മേൽപ്പറഞ്ഞ രണ്ട് വെല്ലുവിളികൾക്കുള്ള ജനകീയമായ ഉത്തരം നമ്മൾ കണ്ടെത്തിക്കഴിഞ്ഞു – ജനകീയാസൂത്രണം.

അതിലെ ദൗർബല്യങ്ങൾ തിരുത്തി മുന്നോട്ടു പോവുകയാണ് ഇനിയും വേണ്ടത്. എന്നാൽ അവസാനത്തെ രണ്ട് വെല്ലുവിളികൾ നേരിടുന്നതിന് കൂടുതൽ കേന്ദ്രീകൃതവും നൂതനവുമായ രീതികൾ അവലംബിക്കേണ്ടതുണ്ട്. അവയെക്കുറിച്ചാണ് ഇനി ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്.

ALSO READ: ലാപ്ടോപ് വാങ്ങി കബളിപ്പിക്കപ്പെട്ട ഉപഭോക്താവിന്, ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

പശ്ചാത്തലസൗകര്യങ്ങളിലുള്ള കുതിപ്പ്

പശ്ചാത്തലസൗകര്യങ്ങളിലെ രൂക്ഷമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് നമ്മുടെ മുന്നിലുള്ള വിവിധങ്ങളായ പോംവഴികളും അവയുടെ സാധ്യതകളും പട്ടിക 7ൽ സംക്ഷിപ്തമായി നൽകിയിരിക്കുന്നു.

ബജറ്റ് നിക്ഷേപം: ചിത്രം 1ൽ കാണാവുന്നതുപോലെ കേരളത്തിന്റെ മൂലധനച്ചെലവ് അടുത്തകാലത്ത് ഉയരുന്നുണ്ട്, അഖിലേന്ത്യാ ശരാശരിയിലേക്ക് അടുക്കുന്നുണ്ട്.

പക്ഷേ ഏഴുപതിറ്റാണ്ടു കാലത്തെ നിക്ഷേപത്തിലെ വിടവ് അടയ്ക്കണമെങ്കിൽ ഈ നിലയിൽ ഒരു കാൽനൂറ്റാണ്ടെങ്കിലും വേണ്ടിവരും. അപ്പോഴേക്കും ലോകം നമ്മളെ മറികടന്ന് ഒട്ടേറെ മുന്നോട്ടുപോയിരിക്കും. അതുകൊണ്ട് ഈ മാർഗ്ഗം ആശ്രയിക്കാനാവുന്നതല്ല.

പ്രത്യേക കമ്പനികൾ: പ്രത്യേക കമ്പനികൾ രൂപീകരിച്ച് പ്രൊജക്ടുകൾ നടപ്പാക്കണമെങ്കിൽ അത്തരം പ്രൊജക്ടുകൾ വരുമാനദായകമായിരിക്കണം.

എന്നാൽ കേരളത്തിൽ നമ്മുടെ പശ്ചാത്തലസൗകര്യങ്ങളിൽ നല്ലപങ്കും വരുമാനദായകമല്ല. അതുകൊണ്ട് ഈ മാർഗ്ഗം സ്വീകാര്യമല്ല.

കോർപ്പറേറ്റ് നിക്ഷേപം: കോർപ്പറേറ്റുകൾ പശ്ചാത്തലമേഖലയിൽ മുതൽമുടക്കണമെങ്കിൽ അവർക്ക് അതിൽ നിന്നും ലാഭം കിട്ടണം. വരുമാനദായകമല്ലാത്ത പ്രൊജക്ടുകൾ ഏറ്റെടുക്കാൻ അവർ തയ്യാറാകില്ല.

ആന്വിറ്റി മാതൃക: ഈയൊരു സാഹചര്യത്തിൽ കേരളത്തിൽ നമ്മൾ സ്വീകരിച്ച ഒരു രീതി കോൺട്രാക്ടർമാർ വായ്പയെടുത്ത് പദ്ധതി നടപ്പാക്കുന്ന സമ്പ്രദായമാണ്. സർക്കാർ 15–20 വർഷത്തെ വാർഷിക ഗഡുക്കളായിട്ടേ പണം നൽകൂ.

കോൺട്രാക്ടർമാർ ഇത്രയും കാലത്തെ പലിശയുംകൂടി ചേർത്ത എസ്റ്റിമേറ്റിനാണു ടെണ്ടർ വിളിക്കുക. ഇതാണ് ആന്വിറ്റി മാതൃക. യുഡിഎഫിന്റെ വൻകിട ഫ്ലാഗ്ഷിപ്പ് പ്രൊജക്ടുകളെല്ലാം ആന്വിറ്റി മാതൃകയിലുള്ളവയായിരുന്നു.

എന്നാൽ ഈ പദ്ധതികളിൽ ഉൾച്ചേർന്ന പലിശ നിരക്ക് കണക്കുകൂട്ടിയപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണു തെളിഞ്ഞത്. 12–20 ശതമാനം വരെ പലിശയാണ് പ്രൊജക്ട് മതിപ്പുകണക്കിൽ കോൺട്രാക്ടർമാർ ഉൾക്കൊള്ളിച്ചത്.

വലിയ തോതിൽ വായ്പയെടുക്കാൻ കഴിവുള്ള കോൺട്രാക്ടർമാർ കുറവായതുകൊണ്ട് ടെണ്ടറിൽ മത്സരം ഉണ്ടാകാറില്ല. വലിയ അധികച്ചെലവ് ഈ പ്രൊജക്ടുകൾക്കു വേണ്ടിവന്നു.

കിഫ്ബി മാതൃക: ഈ പശ്ചാത്തലത്തിലാണ് കിഫ്ബി എന്ന നൂതന ധനകാര്യസ്ഥാപനത്തിനു രൂപം നൽകിയത്. കോൺട്രാക്ടർമാർ വായ്പയെടുക്കേണ്ടതില്ല. കിഫ്ബി വായ്പയെടുത്ത് പണി പൂർത്തിയാകുന്നമുറയ്ക്ക് കോൺട്രാക്ടർമാർക്കു ബില്ലിന്റെ തുക നൽകും. 7–9 ശതമാനം പലിശയ്ക്ക് കിഫ്ബിക്കു സർക്കാർ ഗ്യാരണ്ടിയിൽ വായ്പ ലഭിക്കും. കിഫ്ബിക്ക് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള തുക ഗഡുക്കളായി സർക്കാർ നൽകിയാൽ മതിയാകും.

കിഫ്ബി ആന്വിറ്റി നിക്ഷേപ മാർഗ്ഗത്തിന്റെ മറ്റൊരു വിപുലീകൃത രൂപം മാത്രമാണ്. ഇത്തരത്തിൽ 50,000ത്തിലേറെ കോടി രൂപ സമാഹരിക്കാൻ കഴിയുമെന്ന് ചുരുക്കം പേരേ വിശ്വസിച്ചുള്ളൂ. എന്നാൽ ഇന്ന് കിഫ്ബി ഒരു യാഥാർത്ഥ്യമാണ്. കോവിഡ് ഉണ്ടായില്ലായിരുന്നെങ്കിൽ ഏറ്റെടുത്ത പ്രൊജക്ടുകളിൽ നല്ലപങ്കും തീർക്കുന്നതിനും ഇതിനകം കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിനും നമുക്ക് കഴിയുമായിരുന്നു. കിഫ്ബിയാണ് കേരളത്തിന്റെ പശ്ചാത്തലസൗകര്യ ബദൽ നിക്ഷേപ മാർഗ്ഗം.

വിജ്ഞാനസമ്പദ്ഘടനയിലേക്ക്

എങ്ങനെയാണ് അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാനാവുക? അതിനൊറ്റ പോംവഴിയേയുള്ളൂ. നല്ല വരുമാനം ഉറപ്പുനൽകുന്ന ഉയർന്നതലത്തിലുള്ള തൊഴിലുകൾ കേരളത്തിൽ സൃഷ്ടിക്കപ്പെടണം. ഇതിനായുള്ള നടപടികൾക്ക് നമ്മൾ നൽകിയ ചുരുക്കപ്പേരാണ് വിജ്ഞാനസമ്പദ്ഘടന എന്നത്. ഇതിലെ പ്രധാന ഘടകങ്ങൾ പട്ടിക 8ൽ ക്രോഡീകരിച്ചിരിക്കുന്നു.

പരമ്പരാഗത മേഖലകൾ: അനുയോജ്യ സാങ്കേതികവിദ്യ, ഇടനില സാങ്കേതികവിദ്യ തുടങ്ങിയവയ്ക്കുപകരം ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിൽ കൃഷിയും പരമ്പരാഗത വ്യവസായങ്ങളും നവീകരിക്കണം. ഇതിലൂടെ മാത്രമേ ആഗോള മത്സരത്തെ നേരിടാനാകൂ. പണിയെടുക്കുന്നവരുടെ വരുമാനം ഗണ്യമായി ഉയർത്താനാകൂ.

വിജ്ഞാന വ്യവസായങ്ങൾ: വിജ്ഞാനസാന്ദ്രമോ നൈപുണി പ്രധാനമോ ആയ വ്യവസായങ്ങളാണ് കേരളത്തിന് അഭികാമ്യം. അഭ്യസ്തവിദ്യരായ തൊഴിൽസേനയ്ക്കു ഇത് അനുയോജ്യമാണ്. മലിനീകരണം കുറവായിരിക്കും. നല്ല ശമ്പളം കൊടുക്കാനാകും. പശ്ചാത്തലസൗകര്യങ്ങളുടെ വികസനവും ഈസ് ഓഫ് ഡൂയിംഗ് ബിസിനസും നിക്ഷേപത്തെ ആകർഷിക്കുന്നതിനു സഹായിക്കും.

നൂതനവിദ്യാ സ്റ്റാർട്ടപ്പുകൾ: കേരളം ഇതിനകം ഇന്ത്യയിലെ ഏറ്റവും ആകർഷകമായ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റമുള്ള സംസ്ഥാനമായി മാറിയിട്ടുണ്ട്. അഭ്യസ്തവിദ്യരായ പുതിയ തലമുറ സംരംഭകർ ഇക്കാര്യത്തിൽ നമുക്കുള്ള ചരിത്രപരമായ പിന്നോക്കാവസ്ഥ മറികടക്കാൻ സഹായിക്കും.

നൈപുണി വികസനം: അന്തർദേശീയവും ദേശീയവുമായ തൊഴിൽസാധ്യതകൾ മനസിലാക്കി അതിനനുയോജ്യമായ നൈപുണി വികസിപ്പിക്കണം. അവരിൽ പരമാവധി സ്ത്രീകൾക്ക് അവരവരുടെ വീടുകളിലോ വീടിനടുത്തോ ജോലി ചെയ്യാനുള്ള സൗകര്യമുണ്ടാക്കണം. സർക്കാർ ഇടപെടലിലൂടെ സാധാരണ ഗിഗ് ഇക്കണോമിയിലെ ചൂഷണം പരമാവധി കുറയ്ക്കുന്നതിനും സാമൂഹ്യസുരക്ഷാ സംരക്ഷണം ഉറപ്പാക്കുന്നതിനും കഴിയും; തുടർ നൈപുണി വികസനത്തിലൂടെ സ്ഥാനക്കയറ്റത്തിന് വഴിയൊരുക്കുന്നതിനും ലക്ഷ്യമിടണം.

ഉന്നതവിദ്യാഭ്യാസം: പുതിയ വിജ്ഞാനം, അതിന്റെ അടിസ്ഥാനത്തിലുള്ള ഇനവേഷൻ, അത്യാധുനിക നൈപുണി വികസനം എന്നിവ യാഥാർത്ഥ്യമാകണമെങ്കിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറിയേ തീരൂ. ഉന്നതവിദ്യാഭ്യാസം ലോകോത്തരമാകണം. ഇതിനു വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും രൂപത്തിലും മാറ്റം വരണം.

കേരളത്തിനു പുറത്തുള്ള മലയാളി അക്കാദമിഷ്യന്മാർക്കും വിദഗ്ധർക്കും ഈ രൂപാന്തരത്തിൽ നിർണ്ണായക പങ്കുവഹിക്കാനാകും. മികവിന്റെ കേന്ദ്രങ്ങൾ സർവ്വകലാശാലയ്ക്കുള്ളിൽ സ്ഥാപിക്കപ്പെടണം. കേരള വികസന മാതൃകയുടെ ഒന്നാമത്തെ ഘട്ടത്തിൽ എന്തു ധർമ്മമാണോ സ്കൂൾ വിദ്യാഭ്യാസം വഹിച്ചത് അത്തരമൊരു ധർമ്മം രണ്ടാമത്തെ ഘട്ടത്തിൽ ഉന്നതവിദ്യാഭ്യാസത്തിനു വഹിക്കാനുണ്ട്.

നവകേരള സൃഷ്ടിക്കുള്ള 
തടസ്സങ്ങൾ

മേൽപ്പറഞ്ഞ പുത്തൻ നവകേരള വികസനതന്ത്രം നടപ്പിലാക്കുന്നതിന് മൂന്നു തടസ്സങ്ങളുണ്ട്.

ഒന്നാമത്തേത്, നിയോലിബറൽ നയങ്ങളാണ്. നമ്മൾ മുന്നോട്ടുവയ്ക്കുന്നത് അവയ്ക്കുള്ള ബദലാണല്ലോ. മുൻകാലത്ത് സംസ്ഥാനത്ത് ഉണ്ടായിരുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തിന് ഇന്നു കൂച്ചുവിലങ്ങുണ്ട്.

ഫെഡറൽ സംവിധാനംതന്നെ ദുർബലമായിക്കൊണ്ടിരിക്കുന്നു. ഇറക്കുമതി ഉദാരവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ കാർഷികമേഖലയുടെ തകർച്ചയ്ക്കു പരിഹാരം കാണുക അതീവശ്രമകരമാണ്.

രണ്ടാമത്തേത്, കേന്ദ്ര സർക്കാരിന്റെ വിവേചനമാണ്. ഇന്നത്തെ കേരളത്തിന്റെ ധനപ്രതിസന്ധി കേന്ദ്രത്തിന്റെ ബോധപൂർവ്വമുള്ള സൃഷ്ടിയാണ്. ധനകാര്യ കമ്മീഷന്റെ തീർപ്പിൽ കുറഞ്ഞുവരുന്ന വിഹിതത്തിന്റെയും ജി.എസ്.ടി കോമ്പൻസേഷൻ അവസാനിക്കുന്നതിന്റെയും സാഹചര്യം മുതലാക്കി കേന്ദ്ര സർക്കാർ രണ്ട് നീക്കങ്ങൾ നടത്തി.

ഒന്ന്, കേരളത്തിനു ലഭിക്കേണ്ട ഗ്രാന്റുകളിൽ 5000ത്തിൽപ്പരം കോടി രൂപ കുടിശ്ശികയാക്കി. ഒരു പ്രത്യേക ധനസഹായവും കേരളത്തിനു നൽകില്ലായെന്ന നിലപാട് സ്വീകരിച്ചു. രണ്ട്, സംസ്ഥാനത്തിന്റെ അർഹമായ വായ്പയുടെ മൂന്നിലൊന്ന് വെട്ടിക്കുറച്ചു. അങ്ങനെയാണ് ധനപ്രതിസന്ധി സൃഷ്ടിച്ചത്.

സംസ്ഥാന സർക്കാരിന്റെ തനത് വരുമാനം കഴിഞ്ഞ രണ്ട് വർഷംകൊണ്ട് 45 ശതമാനം

വർദ്ധിച്ചില്ലായിരുന്നെങ്കിൽ ട്രഷറി എന്നേ പൂട്ടിയേനെ. വായ്പ സംബന്ധിച്ച് ശുദ്ധ തോന്ന്യാസമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

കേന്ദ്രവും സംസ്ഥാനവും ഇതുവരെ എടുത്തിട്ടുള്ള ഒരു ഓഫ് ബജറ്റ് വായ്പയും ഇതുവരെ പൊതുകടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്രം ഇപ്പോഴും അങ്ങനെ ചെയ്യുന്നില്ല. ഈ സന്ദർഭത്തിലാണ് സംസ്ഥാനത്തിനുമേൽ പുതിയൊരു ചട്ടം അടിച്ചേൽപ്പിക്കുന്നത്. അതും മുൻകാല പ്രാബല്യത്തോടെ. സ്വാഭാവികനീതിയുടെപോലും നിഷേധമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.

മൂന്നാമത്തേത്, കേരളത്തിലെ യുഡിഎഫിന്റെ വികസനവിരുദ്ധ നിലപാടാണ്. ഇടതുപക്ഷത്തിന്റെ രണ്ടാംവട്ട വിജയം അവരുടെ സമനില തെറ്റിച്ചിരിക്കുന്നു. സർക്കാരിന്റെ എല്ലാ വികസന നീക്കങ്ങളെയും എതിർക്കുകയെന്നുള്ള നിഷേധാത്മക നിലപാടിലേക്ക് അവർ എത്തിയിരിക്കുന്നു.

വന്ദേഭാരതിന്റെ അനുഭവം കെ–റെയിലിന്റെ പ്രസക്തി വെളിപ്പെടുത്തുന്നുണ്ട്. എന്നാലും യുഡിഎഫ് അവരുടെ എതിർപ്പ് തുടരുകയാണ്. അവർതന്നെ ഒപ്പുവച്ച വിഴിഞ്ഞം കരാറിനെതിരെ പദ്ധതി നിർത്തിവയ്ക്കാൻ സമരം നടത്തിയവരാണ് അവർ. ഇവ ചില ഉദാഹരണങ്ങൾ മാത്രം. കേന്ദ്ര വിവേചനത്തിനെതിരെ നിലപാടെടുക്കാൻ യുഡിഎഫ് തയ്യാറല്ല. ബിജെപിയുടെ മേൽപ്പറഞ്ഞ ചെയ്തികൾക്കു പൂർണ്ണ പിന്തുണയും ന്യായീകരണവും നൽകുകയാണ് അവർ ചെയ്യുന്നത്.

ALSO READ: കമ്പല്ല മോനേ ഇത് പാമ്പാ…കുഞ്ഞിന്റെ കൈയ്യില്‍ നിന്ന് പാമ്പിനെ വലിച്ചെറിഞ്ഞ് അച്ഛന്‍; വിഡിയോ കാണാം

നവകേരള സദസ്സ്

ഈ പശ്ചാത്തലത്തിലാണ് നവകേരള സങ്കല്പം ഉയർത്തിപ്പിടിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ എല്ലാ മണ്ഡലങ്ങളിലും നവകേരള സദസ്സുകൾ സംഘടിപ്പിച്ചിരിക്കുന്നത്. യുഡിഎഫ് ബഹിഷ്കരിച്ചിരിക്കുകയാണെങ്കിലും പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. 20 ലക്ഷം ആളുകളെങ്കിലും ഈ സദസ്സുകളിൽ പങ്കെടുക്കും.

അതുപോലെ പ്രധാനമാണ് മുന്നോടിയായി എല്ലാ മണ്ഡലങ്ങളിലും നടക്കുന്ന വികസന സെമിനാറുകളും മറ്റും. ഇതിനുപുറമെയാണ് വീട്ടുമുറ്റ സദസ്സുകൾ. ഒരുകോടി ആളുകളെങ്കിലും ഈ വീട്ടുമുറ്റ സദസ്സുകളിലെ ചർച്ചകളിൽ പങ്കാളികളാകും.

നവകേരള സങ്കല്പത്തെ വിശദീകരിക്കുക മാത്രമല്ല, അത് യാഥാർത്ഥ്യമാക്കുന്നതിന് സർക്കാർ എടുത്തുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളും വിശദീകരിക്കപ്പെടുന്നു. അതോടൊപ്പം കേന്ദ്ര സർക്കാരിന്റെ വിവേചനവും ഉപരോധവും യുഡിഎഫിന്റെ നിഷേധാത്മക നയവും തുറന്നുകാട്ടപ്പെടുന്നു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ വികസന സംവാദമാണ് നവകേരള സദസ്സുകൾ.

(ചിന്ത വാരികയില്‍ പ്രസിദ്ധീകരിച്ചത്.)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News