മോദിയുടെ ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ഐറ്റം മുസ്‌ലീങ്ങളുടെ ജനസംഖ്യാ ജിഹാദാണ്: ഡോ. തോമസ് ഐസക്

മോദിയുടെ ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ഐറ്റം മുസ്‌ലിങ്ങളുടെ ജനസംഖ്യാ ജിഹാദാണെന്ന് ഡോ. തോമസ് ഐസക്. 1950-ൽ ഹിന്ദുക്കൾ ഇന്ത്യയുടെ ജനസംഖ്യയിൽ 84.68 ശതമാനം ആയിരുന്നത് 2015 ആയപ്പോഴേക്കും 78.06 ശതമാനമായി കുറഞ്ഞുവെന്നു തോമസ് ഐസക് പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.ജനസംഖ്യ തോതുകളിൽ ഉണ്ടാകുന്ന മാറ്റത്തെ ശതമാന കണക്കുകളിൽ പെരുപ്പിച്ച് മനുഷ്യരെ വിരട്ടുന്ന ഏർപ്പാടാണ് മോദി ചെയ്യുന്നത് എന്നും തോമസ് ഐസക് പറഞ്ഞു .

also read: അഞ്ച് വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ബ്രിജ് ഭൂഷൺ സിംഗിനെതിരെ കുറ്റം ചുമത്തി ദില്ലി കോടതി

ഇങ്ങനെ മുസ്ലിംങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയും ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്താൽ ഇന്ത്യാ രാജ്യം ഏതാനും പതിറ്റാണ്ടുകൾ കഴിയുമ്പോൾ ഇസ്ലാമിക രാജ്യമായിത്തീരും എന്നതാണു പ്രചാരണം. ഇതാണ് ജനസംഖ്യാ ജിഹാദ് എന്നും തോമസ് ഐസക് കുറിച്ചു .
ഈ ദുഷ്പ്രചരണം ആർഎസ്എസിന്റെ ദീർഘകാല പദ്ധതിയാണ് എന്നും ഐസക് വ്യക്തമാക്കി.

ജനസംഖ്യാ ജിഹാദിന് ഒരടിസ്ഥാനവുമില്ല. ജനസംഖ്യാ വളർച്ചയിൽ ഏറ്റവും നിർണ്ണായക ഘടകം പ്രജനന നിരക്കാണ്. ഗർഭധാരണശേഷിയുള്ള പ്രായത്തിലെ സ്ത്രീകൾക്ക് എത്ര കുട്ടികൾ വീതം ശരാശരി ഉണ്ടാകും എന്നതാണ് പ്രജനന നിരക്ക്. പ്രജനന നിരക്കിനെ നിർണ്ണയിക്കുന്ന ഘടകങ്ങൾ മതവിശ്വാസമല്ല അല്ല എന്നും . വിദ്യാഭ്യാസവും ആരോഗ്യനിലയുമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ എന്നാണ് എല്ലാ പ്രാമാണിക സാമൂഹ്യശാസ്ത്രജ്ഞരുടെയും നിഗമനം. ഇതാണ് കേരളത്തിന്റെ അനുഭവം എന്നും കേരളത്തിലെ മുസ്ലിംങ്ങളുടെ പ്രജനന നിരക്ക് ബീഹാറിലെ ഹിന്ദുക്കളേക്കാൾ താഴെയാണ് എന്നും ഐസക് പറഞ്ഞു.

കേരളത്തിൽ തന്നെ കുടുംബാസൂത്രണത്തെ ഏറ്റവും ശക്തമായി എതിർക്കുന്ന കത്തോലിക്ക വിഭാഗങ്ങളിലാണ് ഏറ്റവും താഴ്ന്ന പ്രജനന നിരക്ക്.ഇതൊക്കെയാണ് ശാസ്ത്രം എന്നും ബാക്കിയെല്ലാം ഹിന്ദുത്വവാദികളുടെ ധ്രുവീകരണത്തിനു വേണ്ടിയുള്ള അടവുകൾ മാത്രം ആണെന്നും തോമസ് ഐസക് വ്യക്തമാക്കി.

also read: ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെയുള്ള പീഡനാരോപണം; രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതുമെന്ന് രാജ്ഭവന്‍ ജീവനക്കാരി

ഡോ. തോമസ് ഐസകിന്റെ ഫേസ്ബുക് പോസ്റ്റ്

മോദിയുടെ ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ഐറ്റം മുസ്ലിംങ്ങളുടെ ജനസംഖ്യാ ജിഹാദാണ്.
1950-ൽ ഹിന്ദുക്കൾ ഇന്ത്യയുടെ ജനസംഖ്യയിൽ 84.68 ശതമാനം ആയിരുന്നത് 2015 ആയപ്പോഴേക്കും 78.06 ശതമാനമായി കുറഞ്ഞു. അതായത് 6.62 ശതമാന പോയിന്റ് കുറഞ്ഞു. അതേസമയം ഇതേകാലയളവിൽ മുസ്ലിംങ്ങൾ ഇന്ത്യയുടെ ജനസംഖ്യയിൽ 9.84 ശതമാനം ആയിരുന്നത് 14.09 ശതമാനമായി ഉയർന്നു. 4.25 ശതമാന പോയിന്റ് വർദ്ധന.
ഇത്രയും കേട്ടാൽ ഒരുപക്ഷേ ഞെട്ടിയില്ലെങ്കിലോ? അതുകൊണ്ട് ചെറിയൊരു ട്രിക്ക്. ജനസംഖ്യയിൽ സമുദായങ്ങളുടെ തോതിലുണ്ടായ മാറ്റത്തെ ശതമാന കണക്കിലാക്കി. 6.62-നെ 84.68 കൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ചു. അപ്പോൾ ഹിന്ദുക്കളുടെ ജനസംഖ്യ 7.8 ശതമാനം കുറഞ്ഞുവെന്ന കണക്ക് കിട്ടി. ഇതു തന്നെ മുസ്ലിം ജനസംഖ്യാ വർദ്ധനവിനെ കണക്കാക്കാനായി ഉപയോഗിക്കുമ്പോഴോ? 4.25-നെ 9.84 കൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ചു. അപ്പോൾ മുസ്ലിംങ്ങളുടെ ജനസംഖ്യ 43.2 ശതമാനം വർദ്ധിച്ചതായുള്ള നിഗമനത്തിലെത്തും. തോതുകളിൽ ഉണ്ടാകുന്ന മാറ്റത്തെ ശതമാന കണക്കുകളിൽ പെരുപ്പിച്ച് മനുഷ്യരെ വിരട്ടുന്ന ഏർപ്പാടാണ് മോദി ചെയ്യുന്നത്.
തീർന്നില്ല. ഇങ്ങനെ മുസ്ലിംങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയും ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്താൽ ഇന്ത്യാ രാജ്യം ഏതാനും പതിറ്റാണ്ടുകൾ കഴിയുമ്പോൾ ഇസ്ലാമിക രാജ്യമായിത്തീരും എന്നതാണു പ്രചാരണം. ഇതാണ് ജനസംഖ്യാ ജിഹാദ്.
“മുസ്ലിം സമുദായം മാത്രം മറ്റ് സമുദായങ്ങളെ മറികടക്കുകയും ജനസംഖ്യാശാസ്ത്രം മാറ്റുകയും ചെയ്യുന്ന പ്രവണത വളരെ ഗുരുതരമായ പ്രശ്നമാണെന്ന്” തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരനും അഭിപ്രായപ്പെട്ടെങ്കിൽ വടക്കേ ഇന്ത്യയിൽ ഇത് എങ്ങനെയാണ് വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നതെന്ന് നമുക്ക് ഊഹിക്കാൻ കഴിയും.
ഈ ദുഷ്പ്രചരണം ആർഎസ്എസിന്റെ ദീർഘകാല പദ്ധതിയാണ്. 2003-ൽ അന്നത്തെ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ എൽ.കെ. അദ്വാനിയുടെ മുഖവുരയോടുകൂടി ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹായത്തോടെ ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു. അതിലെ നിഗമനം ഇന്നത്തേതുപോലെ ജനസംഖ്യ വളർന്നാൽ 2061 ആകുമ്പോഴേക്കും ഇന്ത്യയിൽ മുസ്ലിംങ്ങളുടെ എണ്ണം ഹിന്ദുക്കളുടെ എണ്ണത്തെ മറികടക്കുമെന്നാണ്. ചെറിയ ഞെട്ടലല്ല അത് ഉളവാക്കിയത്.
ഈ പുസ്തകത്തെ പൊളിച്ചടുക്കിയത് സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ പ്രൊഫസർ ആയിരുന്ന മാരി ഭട്ട് ആയിരുന്നു. വളരെ വിശദമായ ശാസ്ത്രീയ രീതികൾ അവലംബിച്ചുകൊണ്ട് അദ്ദേഹം എത്തിച്ചേർന്ന നിഗമനം ഇതാണ്: ഹിന്ദുക്കളുടെയും മുസ്ലിംങ്ങളുടെയും ജനസംഖ്യാ നിരക്ക് കുറഞ്ഞു വരികയാണ്. 2061 ആകുമ്പോഴേക്കും ഹിന്ദുക്കളുടെയും 2101 ആകുമ്പോഴേക്കും മുസ്ലിംങ്ങളുടെയും ജനസംഖ്യാ വർദ്ധന നിലയ്ക്കും. അന്ന് രാജ്യത്തെ ജനസംഖ്യയിൽ ഹിന്ദുക്കൾ 74.7 ശതമാനവും മുസ്ലിംങ്ങൾ 18.8 ശതമാനവും ആയിരിക്കും.
ജനസംഖ്യാ ജിഹാദിന് ഒരടിസ്ഥാനവുമില്ല.
ജനസംഖ്യാ വളർച്ചയിൽ ഏറ്റവും നിർണ്ണായക ഘടകം പ്രജനന നിരക്കാണ്. അതായത് ഗർഭധാരണശേഷിയുള്ള പ്രായത്തിലെ സ്ത്രീകൾക്ക് എത്ര കുട്ടികൾ വീതം ശരാശരി ഉണ്ടാകും എന്നതാണ്. 1992-93-ൽ ഹിന്ദുക്കളുടെ പ്രജനന നിരക്ക് 3.3-ഉം മുസ്ലിംങ്ങളുടേത് 4.4-ഉം ആയിരുന്നു. എന്നാൽ 2019-21-ൽ ഹിന്ദുക്കളുടേത് 1.9 ശതമാനവും മുസ്ലിംങ്ങളുടേത് 2.36 ശതമാനവും ആയിരുന്നു. മുസ്ലിംങ്ങളുടെ നിരക്കിലെ ഇടിവ് ഹിന്ദുക്കളേക്കാൾ വേഗതയിലാണ്. അതുകൊണ്ട് അധികം താമസിയാതെ രണ്ടും ഒരേനിരക്കിൽ എത്തിച്ചേരും.
എന്താണ് പ്രജനന നിരക്കിനെ നിർണ്ണയിക്കുന്ന ഘടകങ്ങൾ? മതവിശ്വാസമല്ല. വിദ്യാഭ്യാസവും ആരോഗ്യനിലയുമാണ് ഏറ്റവും പ്രധാപ്പെട്ട ഘടകങ്ങൾ എന്നാണ് എല്ലാ പ്രാമാണിക സാമൂഹ്യശാസ്ത്രജ്ഞരുടെയും നിഗമനം. ഇതാണ് കേരളത്തിന്റെ അനുഭവം. കേരളത്തിലെ മുസ്ലിംങ്ങളുടെ പ്രജനന നിരക്ക് ബീഹാറിലെ ഹിന്ദുക്കളേക്കാൾ താഴെയാണ്. കേരളത്തിൽ തന്നെ കുടുംബാസൂത്രണത്തെ ഏറ്റവും ശക്തമായി എതിർക്കുന്ന കത്തോലിക്ക വിഭാഗങ്ങളിലാണ് ഏറ്റവും താഴ്ന്ന പ്രജനന നിരക്ക്.
ഇതൊക്കെയാണ് ശാസ്ത്രം. ബാക്കിയെല്ലാം ഹിന്ദുത്വവാദികളുടെ ധ്രുവീകരണത്തിനു വേണ്ടിയുള്ള അടവുകൾ മാത്രം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News