ഒരു കളിസ്ഥലം എങ്ങനെ കുട്ടികളുടെ പെരുമാറ്റത്തെയും പ്രതീക്ഷകളെയും മാറ്റുന്നൂ; ഉദാഹരണവുമായി ഡോ. തോമസ് ഐസക്

ഒരു കളിസ്ഥലം എങ്ങനെ കുട്ടികളുടെ പെരുമാറ്റത്തെയും പ്രതീക്ഷകളെയും മാറ്റുന്നൂവെന്നതിന് ഉദാഹരണം വ്യക്തമാക്കി ഡോ. തോമസ് ഐസക്. പ്രീതികുളങ്ങര കലവൂർ ഗോപിനാഥ് മെമ്മോറിയൽ സ്പോർട്സ് അക്കാദമി കുട്ടികളുമായി മധുരം പങ്കിടാമെന്നാണ് തോമസ് ഐസക് ഇക്കാര്യം പങ്കുവെച്ച് കുറിച്ചത്.

മാരാരിക്കുളം പ്രദേശത്തെ പല സ്കൂളുകളിലായി പഠിക്കുന്നവരെ ഒന്നിപ്പിക്കുന്നത് എല്ലാ ദിവസവും കാലത്ത് പ്രീതികുളങ്ങരയിലെ പുതിയ മിനി സ്റ്റേഡിയം ഗ്രൗണ്ടാണ് എന്നുംതോമസ് ഐസക് പറഞ്ഞു. സ്പോർട്സ് കൗൺസിലിന്റെ റീജിയണൽ കോച്ചിംഗ് സെന്റർ ആരംഭിച്ച കാര്യവും സാംജി കെ.ആർ. ആണ് പരിശീലകൻ എന്നും തോമസ് ഐസക് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. മുൻപും പല നേട്ടങ്ങളും ഈ കുട്ടികൾ കരസ്ഥമാക്കിയ കാര്യവും കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്കൂളിനു മുന്നിലെ വിശാലമായ ഗ്രൗണ്ടിൽ ഒരു മിനിസ്റ്റേഡിയം അനുവദിച്ചത്.
പുതിയ ഗ്രൗണ്ടിൽ പരിശീലനത്തിന് എത്തുന്ന കുട്ടികളെ സഹായിക്കാൻ കലവൂർ ഗോപിനാഥ് മെമ്മോറിയൽ സ്പോർട്സ് അക്കാദമിയും രൂപംകൊണ്ടത് . ഇതിനകം കായികരംഗത്ത് ജില്ല-സംസ്ഥാന-ദേശീയ തലങ്ങളിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കാൻ ഇവിടുത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നും തോമസ് ഐസക് പറഞ്ഞു.

ഡോ. തോമസ് ഐസക്കിന്റെ പോസ്റ്റ്

പുതുവത്സരാശംസകൾ..

പ്രീതികുളങ്ങര കലവൂർ ഗോപിനാഥ് മെമ്മോറിയൽ സ്പോർട്സ് അക്കാദമി കുട്ടികളുമായി മധുരം പങ്കിടാം. ഒരു കളിസ്ഥലം എങ്ങനെ കുട്ടികളുടെ പെരുമാറ്റത്തെയും പ്രതീക്ഷകളെയും മാറ്റുന്നൂവെന്നതിന് ഉദാഹരണമാണ് ഇവർ. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ആലപ്പുഴ ഗസ്റ്റ്ഹൗസിൽ ഈ കളിക്കൂട്ടം എന്നെ കാണാൻ എത്തിയത്. കഴിഞ്ഞ ഒരുവർഷം കൊണ്ട് അവർ നേടിയ മെഡലുകളുമായി.

മാരാരിക്കുളം പ്രദേശത്തെ പല സ്കൂളുകളിലായി പഠിക്കുന്നവർ. അവരെ ഒന്നിപ്പിക്കുന്നത് എല്ലാ ദിവസവും കാലത്ത് പ്രീതികുളങ്ങരയിലെ പുതിയ മിനി സ്റ്റേഡിയം ഗ്രൗണ്ടാണ്. കാലത്ത് 6 മണിക്ക് പരിശീലനത്തിന് എത്തും. പിന്നെ വൈകുന്നേരം 5 മണിക്കും. സ്പോർട്സ് കൗൺസിലിന്റെ റീജിയണൽ കോച്ചിംഗ് സെന്റർ ആരംഭിച്ചിട്ടുണ്ട്. സാംജി കെ.ആർ. ആണ് പരിശീലകൻ.

പ്രീതികുളങ്ങരയിലെ ടാഗോർ സ്കൂളിലെ വിദ്യാഭ്യാസ പരീക്ഷണങ്ങളെക്കുറിച്ച് ഞാൻ ഏറെ എഴുതിയിട്ടുണ്ട്. സ്കൂളിനു മുന്നിലെ വിശാലമായ ഗ്രൗണ്ടിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒരു മിനിസ്റ്റേഡിയം അനുവദിച്ചു. സ്കൂൾ മതിലും മറ്റും പൊളിക്കേണ്ടിവന്നു. അതുകൊണ്ട് പുതിയൊരു കെട്ടിടവും സ്കൂളിനു പണിതുകൊടുത്തു.

പുതിയ ഗ്രൗണ്ടിൽ പരിശീലനത്തിന് എത്തുന്ന കുട്ടികളെ സഹായിക്കാൻ കലവൂർ ഗോപിനാഥ് മെമ്മോറിയൽ സ്പോർട്സ് അക്കാദമിയും രൂപംകൊണ്ടു. 60 കുട്ടികൾ സ്ഥിരമായി വരുന്നു. ഒരു വർഷം കഴിഞ്ഞിട്ടേയുള്ളൂ. ഇതിനകം കായികരംഗത്ത് ജില്ല-സംസ്ഥാന-ദേശീയ തലങ്ങളിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കാൻ ഇവിടുത്തെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.

ജില്ലാ കായികമേളയിൽ 110 പോയിന്റോടെ കലവൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ മികച്ച ട്രോഫി കരസ്ഥമാക്കിയത് ഇവിടെ പരിശീലനം നേടുന്ന കുട്ടികളുടെ കരുത്തും ഒരു പ്രധാന ഘടകമാണ്. ഈ മേളയിൽ ഇവിടുത്തെ 3 കുട്ടികൾ വ്യക്തിഗത ചാമ്പ്യൻമാരായി. സംസ്ഥാന മേളയിൽ അക്കാദമിയിലെ കുട്ടികൾ 15 പോയിന്റുകൾ നേടി. ഭൂവനേശ്വർ ദേശീയ മീറ്റിൽ 3 പേർ വെങ്കലം നേടി. ദേശീയ സ്കൂൾ കായികമേളയിൽ ഒരാൾ സ്വർണ്ണവും നേടി. അങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് ഒരു ദേശീയ മെഡലും 37 സംസ്ഥാന മെഡലും കരസ്ഥമാക്കാൻ കഴിഞ്ഞു.

എല്ലാ മെഡലുകാരെയും പരിചയപ്പെടുത്താൻ കഴിയില്ല. ദേശീയ-സംസ്ഥാന മീറ്റുകളിലെ സ്വർണ്ണക്കാരെ മാത്രം. ബാക്കി ചിലർ കമന്റിലുണ്ട്.

അനാമിക അജേഷ് ദേശീയ ജൂനിയർ അത്-ലറ്റിക് മീറ്റ് (2024) പെന്റാതലോണിൽ വെങ്കലവും, സംസ്ഥാന ജൂനിയർ മീറ്റ് പെന്റതലോൺ സ്വർണ്ണവും, സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് 4×400 മീറ്റർ റിലേയിൽ സ്വർണ്ണവും, സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് 100 മീറ്റർ ഹാർഡിൽസിൽ വെള്ളി മെഡലും നേടി. (ചിത്രം 4)

സരയൂ ലക്ഷ്മി ദേശീയ ജൂനിയർ മീറ്റ് (2023) ഹൈ ജമ്പിൽ വെള്ളിയും, സംസ്ഥാന ജൂനിയർ മീറ്റ് (2023) ഹൈ ജമ്പിലും ട്രായതാലോണിലും സ്വർണ മെഡലും നേടി. (ചിത്രം 5)

അതുൽ ടി. എം. സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് (2024) 4×100 മീറ്റർ റിലേയിൽ സ്വർണവും, 100 മീറ്റർ ഓട്ടത്തിൽ വെങ്കലവും, ദേശീയ ജൂനിയർ മീറ്റ് പെന്റാതലനിൽ വെങ്കലവും, ദേശീയ സ്കൂൾ മേറ്റ് 4 x 100 മീറ്റർ റിലേയിൽ സ്വർണ മെഡലും നേടി (ചിത്രം 6)

അശ്വിനി അനിൽകുമാർ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് 4×400 മീറ്റർ റിലേയിൽ സ്വർണവും, സംസ്ഥാന സ്കൂൾ മീറ്റ് (2023) 1500 മീറ്റർ വെള്ളിയും, സംസ്ഥാന ജൂനിയർ മീറ്റ് (2023) 800 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡലും നേടി (ചിത്രം 7)

അതുൽ ടി. എം. സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് (2024) 4×100 മീറ്റർ റിലേയി സ്വർണ്ണവും, 100 മീറ്റർ ഓട്ടത്തിൽ വെങ്കലവും, ദേശീയ ജൂനിയർ മീറ്റ് പെന്റാതലനിൽ വെങ്കലവും, ദേശീയ സ്കൂൾ മേറ്റ് 4 x 100 മീറ്റർ റിലേയിൽ സ്വർണ്ണ മെഡലും നേടി (ചിത്രം 8 )

ഒരാളെക്കൂടി പരിചയപ്പെടുത്തിയേ തീരൂ. അത് യുപിക്കാരനായ പ്രകാശ് ഭരദ്വാജാണ്. ജില്ലാതലത്തിൽ 600 മീറ്ററിൽ വെങ്കല മെഡൽ നേടിയിട്ടുണ്ട്. കലവൂർ സ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. നന്നായി മലയാളം സംസാരിക്കും. അച്ഛനും അമ്മയോടുമൊപ്പം 3-4 വർഷം മുമ്പ് മാരാരിക്കുളത്ത് പണിക്കു വന്നതാണ്. ഇപ്പോൾ അച്ഛൻ ഹരിപ്പാടാണ് പണിക്ക് പോകുന്നത്. മകന്റെ പഠനത്തിനു വേണ്ടി മാരാരിക്കുളത്താണ് താമസം. എന്താണ് മോഹം? ഞാൻ അവനോട് ചോദിച്ചു. “പഠിത്തത്തിലും സ്പോർട്സിലും നന്നാകണം”.

also read: സ്കൂൾ കലോത്സവം; പുത്തരികണ്ടം മൈതാനം ഒരു ചരിത്ര സംഭവത്തിന് കൂടി സാക്ഷ്യം വഹിക്കുന്നു: മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News