കേരള ബാങ്കിന് നമ്മുടെ സംസ്ഥാനത്തിന്റെ ബാങ്ക് ആകാൻ എന്തുവേണം? വ്യക്തമാക്കി ഡോ. തോമസ് ഐസക്

കേരള ബാങ്കിന് നമ്മുടെ സംസ്ഥാനത്തിന്റെ ബാങ്ക് ആകാൻ എന്തുവേണം എന്ന ഐഡിയ പങ്കുവെച്ച് ഡോ. തോമസ് ഐസക്. കേരള ബാങ്കിന്റെ ഉയർന്ന ഉദ്യോഗസ്ഥരുടെയും ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും സ്ട്രാറ്റജി ശില്പശാലയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ ചുരുക്കവും ഫേസ്ബുക് പോസ്റ്റിൽ പങ്കുവെച്ചു കൂടാതെ 2007-ൽ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹം ജമ്മു&കാശ്മീർ ബാങ്കിന്റെ ഒരു ക്ഷണം ലഭിച്ച് പോയപ്പോൾ മനസിലാക്കിയ കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി. കാശ്മീരിൽ ഏതാണ്ട് സർക്കാരിനുള്ള സ്ഥാനംപോലെയാണ് ജെ&കെ ബാങ്കിനുമുള്ളത് എന്നും നാടിന്റെ വികസനത്തിൽ അത്ര വലിയ പങ്കാണ് ആ ബാങ്കിനുള്ളത് എന്നും തോമസ് ഐസക് പറഞ്ഞു. കൂടാതെ ഇതുപോലൊരു ബാങ്ക് കേരള സർക്കാരിനും വേണമെന്നായിരുന്നു ബാങ്ക് ചെയർമാന്റെ ഉപദേശത്തെ കുറിച്ചും അദ്ദേഹം പങ്കുവെച്ചു.

ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്

2007-ൽ മന്ത്രിയായിരുന്ന എനിക്ക് ജമ്മു&കാശ്മീർ ബാങ്കിന്റെ ഒരു ക്ഷണം ലഭിച്ചു. ശ്രീനഗറിൽ നടക്കുന്ന ബാങ്കിന്റെ പുതിയ ലോഗൊ പ്രകാശനത്തിൽ വിശിഷ്ടാതിഥിയാകണം. ഞാൻ മടിച്ചപ്പോൾ ബാങ്ക് ചെയർമാൻ ഹസീബ് ഡ്രാബു നേരിട്ടു വിളിച്ചു: “ക്ഷണം പ്രത്യേക ഉദ്ദേശത്തോടെയാണ്. വരിക തന്നെ വേണം. വീട്ടിൽ തന്നെ താമസിക്കാം.” ഡ്രാബു പിഎച്ച്ഡിക്ക് എന്റെ സഹപാഠി ആയിരുന്നു. പിന്നീട് 2016-ൽ കാശ്മീരിന്റെ ധനമന്ത്രിയുമായി.

ചടങ്ങ് പ്രൗഡ ഗംഭീരമായിരുന്നു. മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും പൗരപ്രമുഖരുമെല്ലാം പങ്കെടുത്തിരുന്നു. അപ്പോഴാണ് എനിക്ക് മനസിലായത് കാശ്മീരിൽ ഏതാണ്ട് സർക്കാരിനുള്ള സ്ഥാനംപോലെയാണ് ജെ&കെ ബാങ്കിനുമുള്ളത്. നാടിന്റെ വികസനത്തിൽ അത്ര വലിയ പങ്കാണ് ബാങ്കിനുള്ളത്. വിദേശത്ത് പഠിക്കാൻ പോകുന്ന യുവതി-യുവാക്കൾ ഒന്നോ-രണ്ടോ വർഷം ബാങ്കിൽ ജോലി ചെയ്യുന്നത് ഒരു അഭിമാനമായിട്ട് കരുതുന്നവരാണ്. ഇത് ബോധ്യപ്പെടുത്തുകയായിരുന്നു ഡ്രാബുവിന്റെ ഉദ്ദേശം. ഇതുപോലൊരു ബാങ്ക് കേരള സർക്കാരിനും വേണമെന്നായിരുന്നു ഡ്രാബുവിന്റെ ഉപദേശം.

ഇന്ന് നമുക്ക് അത്തരമൊരു ബാങ്ക് ഉണ്ട്- കേരള ബാങ്ക്. റിസർവ്വ് ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുമ്പോൾ തന്നെ സഹകരണ ബാങ്കുകളുടെ അപ്പക്സ് ബാങ്ക്. കാശ്മീരിന് ജെ&കെ ബാങ്ക് പോലെ കേരള ബാങ്കിന് നമ്മുടെ സംസ്ഥാനത്തിന്റെ ബാങ്ക് ആകാൻ എന്തുവേണം?

ഏതാണ്ട് 67,000 കോടി രൂപയാണ് ഡെപ്പോസിറ്റ്. ഇതിന്റെ പകുതിയേ വായ്പയായി നൽകുന്നുള്ളൂ. ബാക്കി പകുതി ഇൻവെസ്റ്റ്മെന്റാണ്. എന്നുവച്ചാൽ, ഇന്ത്യാ സർക്കാരിന്റെ സെക്യൂരിറ്റികളിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുകയാണ്. നിയമപ്രകാരം 18.50 ശതമാനം ഇങ്ങനെ ഇൻവെസ്റ്റ് ചെയ്യേണ്ടതുള്ളൂ. പക്ഷേ, 50 ശതമാനമാണ് ഇൻവെസ്റ്റ്മെന്റ്. 6.50 ശതമാനമേ പലിശ കിട്ടുകയുള്ളൂ. എന്നാൽ പ്രൈമറി സംഘങ്ങൾക്കടക്കം 8.25 ശതമാനം പലിശ നൽകിയാണ് ഡെപ്പോസിറ്റ് സ്വീകരിച്ചിട്ടുള്ളത്. ഈ നഷ്ടക്കച്ചവടം അവസാനിപ്പിച്ചാൽ ബാങ്ക് ലാഭത്തിലാകും. നാടിനു ഗുണവുമുണ്ടാകും.

നിയമപ്രകാരം സർക്കാർ സെക്യൂരിറ്റികളിൽ ഇൻവെസ്റ്റ് ചെയ്യേണ്ടുന്ന 12000 കോടി രൂപ ഒഴികെ ബാക്കി പണം മുഴുവൻ കേരളത്തിൽ സംരംഭകർക്കു വായ്പ നൽകുക. ഇതുവഴി കേരള സമ്പദ്ഘടനയിലേക്ക് 18000 കോടി രൂപയുടെ നിക്ഷേപമുണ്ടാകും.

ഇങ്ങനെ ലോൺമേള നടത്തിയാൽ ബാങ്ക് തകരാൻ സാധ്യതയില്ലേ? നിഷ്ക്രിയാസ്തികൾ കൂടില്ലേ? ഇല്ല എന്നാണ് ഉത്തരം. പക്ഷേ, ബാങ്ക് കുറച്ചു പണിയെടുക്കണം.

50000 സംരംഭകർക്ക് വായ്പ നൽകാൻ ഒരു പദ്ധതി പ്രഖ്യാപിക്കുക. അപേക്ഷകളെല്ലാം പ്രൊഫഷണൽ സ്ക്രീനിംഗിനു വിധേയമാക്കുക. സംരംഭകർക്ക് ഏതാനും ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം നിർബന്ധമാക്കുക. അവിടെവച്ച് അവരുടെ പ്രൊജക്ട് തിരുത്തുന്നതിനും സാങ്കേതികവും വാണിജ്യപരവുമായ തീരുമാനമെടുക്കാൻ സഹായിക്കാൻ ഒരു കൺസൾട്ടന്റ് സംഘത്തെ ഏർപ്പാട് ചെയ്യുക. കൺസൾട്ടന്റ് സംഘത്തെ ഫീസ് അറ്റാദായത്തിന്റെ ചെറിയൊരു ശതമാനം ആയിരിക്കും. ആദായകരമായ പ്രൊജക്ടിനു രൂപം നൽകാനും അതിന്റെ നടത്തിപ്പിനു കൈപിടിക്കാനും വിദഗ്ധ സഹായമുണ്ടാകും. സംരംഭം വിജയിക്കും.

ആരാണ് ഈ കൺസൾട്ടന്റ് സംഘം? ഒരു സംഘമല്ല. പലവിധ വൈദഗ്ധ്യമുള്ള 10-15 പേരുടെ രണ്ട് ഡസൻ സംഘങ്ങളെങ്കിലും ഉണ്ടാകണം. ഐഐറ്റി, ഐഎഎം, ഇർമ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്ന ചെറുപ്പക്കാരുടേതായിരിക്കും ഈ സംഘങ്ങൾ. അവർക്ക് ഒന്നോ രണ്ടോ വർഷത്തെ ഇന്റേൺഷിപ്പുപോലെയാകാം. കുടുംബശ്രീക്ക് ഇപ്പോൾ തന്നെ ചെറുകിട തൊഴിൽസംരംഭങ്ങളെ സഹായിക്കാൻ ഇത്തരം സംവിധാനമുണ്ട്. ഇതിന്റെ വലുതും ഉയർന്നതുമായ സംവിധാനത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്.

എല്ലാം പുത്തൻ സംരംഭം ആകണമെന്നില്ല. കുടുംബശ്രീ സംരംഭകരിലും മറ്റ് എസ്എംഇ സംരംഭകരിലും മികവിൽ നിൽക്കുന്ന സ്ഥാപനങ്ങളെ അടുത്ത ഘട്ടത്തിലേക്ക് വളർത്താനുള്ള വലിയൊരു കാമ്പയിൻ ബാങ്കിന് ഏറ്റെടുക്കാം.

അല്ലെങ്കിൽ ബാങ്കിന് 10000 ഹൈ പ്രീസിഷ്യൻ ഫാമിംഗ് യൂണിറ്റുകൾക്ക് (25-50 സെന്റ്) ധനസഹായം നൽകാം. ഈ ഇൻഫ്രാസ്ട്രക്ച്ചറിന് ഒരു ശതമാനത്തിന് കേന്ദ്ര സർക്കാർ ഫണ്ട് ലഭ്യമാണ്. മൂല്യവർദ്ധന സാധ്യമുള്ള ഉല്പാദനക്ഷമതാ വർദ്ധനവ് കൃത്യമായി തെളിയിച്ചിട്ടുള്ള മുളക്, മഞ്ഞൾ പോലുള്ള വിളകൾ മതിയാകും. ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ കമ്പോളവിലയേക്കാൾ 20 ശതമാനം ഉയർന്ന വിലയ്ക്കെങ്കിലും ഉല്പന്നങ്ങൾ സംഭരിക്കും. അവ സംസ്കരിച്ച് പൊടികളും വറവുകളുമെല്ലാമായി വീടുകളിൽ നേരിട്ട് വിൽക്കും. ഇതിന് എല്ലാ പഞ്ചായത്തുകളിലും സ്വിഗി മോഡൽ പ്ലാറ്റ്ഫോം സഹകരണ സംഘങ്ങൾക്ക് രൂപം നൽകണം.

ഇത്തരമൊരു പരിപാടി ചെയ്യുമോ? കേരള ബാങ്ക് കേരളത്തിന്റെ തനതു ബാങ്കാകും. ഇത് ചെയ്യുന്നതിന് റിസർവ്വ് ബാങ്കൊന്നും തടസ്സമല്ല. ശ്രദ്ധിക്കേണ്ടത് ക്യാപ്പിറ്റൽ അഡക്വസി റേഷ്യോ 9 ശതമാനത്തിൽ നിർത്തണമെന്നുള്ളതാണ്. സർക്കാർ സെക്യൂരിറ്റികളേക്കാൾ റിസ്ക് സംരംഭക വായ്പകൾക്കുണ്ട്. അതുമൂലം ഈ റേഷ്യോ ഉയരാം.

എങ്ങനെ റേഷ്യോ താഴ്ത്താം? ഇന്ന് ബാങ്കിന്റെ നിഷ്ക്രിയാസ്തികളിൽ വലിയൊരു ഭാഗം വലിയ കാലപ്പഴക്കമുള്ള ഡി3 ലെവൽ ആസ്തികളാണ്. ഇവയുടെ 70 ശതമാനം മൂല്യം ഇതിനകം ബാഡ് ഡബ്റ്റ് പ്രൊവിഷണിംഗ് നടത്തിക്കഴിഞ്ഞതാണ്. അവ എഴുതിത്തള്ളണം. ഇന്ത്യയിലെ ബാങ്കുകൾ 2 ലക്ഷം കോടി രൂപയാണ് ഇതുപോലെ എഴുതിത്തള്ളിയിട്ടുള്ളത്. കേരള ബാങ്കിനും ചെയ്യാം. ബാലൻസ്ഷീറ്റും ക്ലീനാകും.

ഇതായിരുന്നു കേരള ബാങ്കിന്റെ ഉയർന്ന ഉദ്യോഗസ്ഥരുടെയും ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും സ്ട്രാറ്റജി ശില്പശാലയിൽ ഞാൻ നടത്തിയ പ്രസംഗത്തിന്റെ ചുരുക്കം. ചെയർമാൻ ഗോപി കോട്ടമുറിക്കലാണ് ഇത്തരമൊരു യോഗത്തിനു മുൻകൈയെടുത്തത്. സിഇഒ ജോർടിക്കും സഹപ്രവർത്തകർക്കും എന്റെ നിർദ്ദേശങ്ങളോട് അടിസ്ഥാന അഭിപ്രായവ്യത്യാസമൊന്നും ഇല്ലായെന്നാണ് ചോദ്യങ്ങൾ കേട്ടപ്പോൾ തോന്നിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News