കെ.എഫ്.സി റിലയൻസ് കൊമേഴ്സ്യൽ എന്ന ധനകാര്യ സ്ഥാപനത്തിന്റെ ബോണ്ടിൽ 60 കോടി രൂപ നിക്ഷേപിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആക്ഷേപങ്ങൾക്ക്മറുപടിയുമായി ഡോ. തോമസ് ഐസക്. 2019-ൽ എൽ&എഫ്എസ് അടക്കമുള്ള ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളെ പിടിച്ചുകുലുക്കിയ പ്രതിസന്ധിയിൽ റിലയൻസ് സ്ഥാപനവും തകർന്നു. അങ്ങനെ 60 കോടി രൂപ ഇൻവെസ്റ്റ്മെന്റ് നിഷ്ക്രിയാസ്തിയായി. ഇതിന്റെ പിന്നിൽ വലിയ അഴിമതി നടന്നൂവെന്നാണ് വി ഡി സതീശന്റെ ആക്ഷേപം.
പ്രതിപക്ഷനേതാവിന്റെ അഴിമതി ആരോപണം അപഹാസ്യമാണ്. താല്പര്യമുള്ള ധനകാര്യസ്ഥാപനങ്ങളിൽ കെ.എഫ്.സി നടത്തിയ ഷോർട്ട് ടെണ്ടറിൽ റിലയൻസ് കമ്പനിക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്നതിനുള്ള ഉപജാപം എന്തായിരുന്നുവെന്നും വെളിപ്പെടുത്തണം എന്നും തോമസ് ഐസക് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. വി ഡി സതീശൻ ഉണ്ടയില്ലാതെ വെടിവയ്ക്കരുത് എന്നും തോമസ് ഐസക് പറഞ്ഞു. നിശ്ചയമായും ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ പ്രസക്തമാണ് എന്നും അഴിമതി ആരോപണങ്ങൾ കൂട്ടിക്കുഴച്ച് അവയെ അപഹാസ്യമാക്കരുത് എന്നും തോമസ് ഐസക് കുറിച്ചു.
ഡോ. തോമസ് ഐസക്കിന്റെ പോസ്റ്റ്
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ 2018-ൽ കെ.എഫ്.സി റിലയൻസ് കൊമേഴ്സ്യൽ എന്ന ധനകാര്യ സ്ഥാപനത്തിന്റെ ബോണ്ടിൽ 60 കോടി രൂപ നിക്ഷേപിച്ചതിനെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. 2019-ൽ എൽ&എഫ്എസ് അടക്കമുള്ള ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളെ പിടിച്ചുകുലുക്കിയ പ്രതിസന്ധിയിൽ റിലയൻസ് സ്ഥാപനവും തകർന്നു. അങ്ങനെ 60 കോടി രൂപ ഇൻവെസ്റ്റ്മെന്റ് നിഷ്ക്രിയാസ്തിയായി. ഇതിന്റെ പിന്നിൽ വലിയ അഴിമതി നടന്നൂവെന്നാണ് ആക്ഷേപം.
1) സ്റ്റേറ്റ് ഫിനാഷ്യൽ കോർപ്പറേഷനുകളുടെ 1951-ലെ എസ്.എഫ്.സി ആക്ടിലെ വകുപ്പ് 33 പ്രകാരം നിക്ഷേപം നടത്തുന്നതിന് കെ.എഫ്.സിക്ക് അധികാരമില്ലായെന്നതാണ് ആദ്യത്തെ ആക്ഷേപം. പ്രതിപക്ഷനേതാവ് വകുപ്പ് 33-നോടൊപ്പം വകുപ്പ് 34 കൂടി വായിക്കുകയാണെങ്കിൽ തീരാവുന്ന സംശയമേയുള്ളൂ. കെ.എഫ്.സിക്ക് ഇത്തരം നിക്ഷേപം നടത്താൻ അവകാശമുണ്ട്.
2) ഇങ്ങനെ കോർപ്പറേറ്റ് കമ്പനികളിൽ നിക്ഷേപം നടത്തുന്നതിനാണോ അതോ നാട്ടിൽ സംരംഭകർക്ക് വായ്പ നൽകാനാണോ കെ.എഫ്.സി എന്ന ചോദ്യവും ഉയരാം. സംശയം വേണ്ട. പരമാവധി സംരംഭകർക്ക് വായ്പ നൽകാനാണ് ഈ സ്ഥാപനം. ഇങ്ങനെ വായ്പ നൽകണമെങ്കിൽ അതിനുള്ള വിഭവസമാഹരണം നടത്തണം. സാധാരണഗതിയിൽ സിഡ്ബിയിൽ നിന്നു വായ്പയെടുക്കുകയാണ് പതിവ്. എന്നാൽ സിഡ്ബി എസ്.എഫ്.സികൾക്ക് വായ്പ നൽകുന്നത് നിർത്തി. അതുകൊണ്ട് നേരിട്ട് ബോണ്ട് ഇറക്കി കെ.എഫ്.സി വിഭവസമാഹരണം നടത്തണം. ഇങ്ങനെ ബോണ്ട് ഇറക്കാൻ AA റേറ്റിംഗ് വേണം. അല്ലെങ്കിൽ സർക്കാരിന്റെ ഗ്യാരണ്ടി വേണം. 2014-ൽ യുഡിഎഫ് ഭരിക്കുമ്പോൾ കെ.എഫ്.സിക്കുള്ള സർക്കാർ ഗ്യാരണ്ടി അവസാനിപ്പിച്ചു. അപ്പോൾ പിന്നെ മാർഗ്ഗം ബോണ്ടിന്റെ 20% വരുന്ന തുകയെങ്കിലും പെട്ടെന്ന് കാശാക്കാൻ കഴിയുന്ന ഏതെങ്കിലും ആസ്തികളിൽ നിക്ഷേപിക്കുകയാണ്. ഇതിനാണ് കെ.എഫ്.സി നിക്ഷേപം നടത്തിയത്. ഇങ്ങനെ റേറ്റിംഗ് ഉയർത്തിയതിന്റെ ഫലമായി 2016-2023 കാലത്ത് 2000 കോടി രൂപ ബോണ്ടുകളിലൂടെ താരതമ്യേന താഴ്ന്ന പലിശയ്ക്ക് സമാഹരിക്കാൻ കെ.എഫ്.സിക്ക് കഴിഞ്ഞു.
3) മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിക്ഷേപത്തിന് റിലയൻസ് കൊമേഷ്യലിനെ തെരഞ്ഞെടുത്തതെന്നാണ് ആക്ഷേപം. കൃത്യമായ നിക്ഷേപ നയം കെ.എഫ്.സിക്ക് ഉണ്ട്. റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനം ആയിരിക്കണം. AA റേറ്റിംഗ് ഉണ്ടാവണം. ഇങ്ങനെയുള്ള സ്ഥാപനങ്ങളിൽ നിന്ന് ഷോർട്ട് ടെണ്ടർ വിളിച്ച് ഏറ്റവും ഉയർന്ന പലിശ നൽകുന്ന സ്ഥാപനങ്ങളിൽവേണം നിക്ഷേപം നടത്താൻ. ഇതെല്ലാം പാലിക്കപ്പെട്ടിട്ടുണ്ട്.
4) റിലയൻസ് കൊമേഷ്യൽ പൊളിയാൻ പോകുന്ന കമ്പനിയാണെന്ന് ഏത് കുഞ്ഞിനും അറിയാമായിരുന്നുവെന്നാണ് പ്രതിപക്ഷനേതാവിന്റെ മറ്റൊരു ആരോപണം. കെ.എഫ്.സി നിക്ഷേപം നടത്തിയ 2018-ൽ രണ്ട് റേറ്റിംഗ് കമ്പനികളാണ് റിലയൻസ് കമ്പനിക്ക് വെറും AA റേറ്റിംഗ് അല്ല AA+ റേറ്റിംഗ് നൽകിയിരുന്നത്. 12500 കോടി രൂപയായിരുന്നു നെറ്റ് വർത്ത്. ക്യാപിറ്റൽ അഡിക്വസി റേഷ്യോ 17% ആയിരുന്നു. 2017-ലും 2018-ലും കമ്പനി 295-ഉം 121-ഉം കോടി രൂപ വീതം ലാഭമുണ്ടാക്കി. ഇത്തരമൊരു കമ്പനി പൊളിയുമെന്ന് എങ്ങനെ ഊഹിക്കാൻ കഴിയും?
5) നിക്ഷേപം ബോർഡിൽ നിന്നും മറച്ചുവച്ചുവെന്നാണ് മറ്റൊരു ആക്ഷേപം. ഫെഡറൽ ബാങ്കിൽ 6.5%-ന് സൂക്ഷിച്ചിരുന്ന ഡെപ്പോസിറ്റ് 8-9 ശതമാനം പലിശയ്ക്ക് ബോണ്ടിൽ നിക്ഷേപിക്കുന്നതിന് നിയമാനുസൃതമായ ഇൻവെസ്റ്റ്മെന്റ് കമ്മിറ്റിയാണ് തീരുമാനിച്ചത്. നിക്ഷേപത്തിനു ശേഷമുള്ള ആദ്യ ബോർഡ് യോഗത്തിൽ ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
6) റിലയൻസ് കമ്പനി പൊളിഞ്ഞപ്പോൾ കെ.എഫ്.സി പണം തിരിച്ചുപിടിക്കുന്നതിന് ഊർജ്ജിതമായി ഇടപെട്ടു. 8.13 കോടി രൂപ തിരിച്ചുകിട്ടി. ബാക്കി പ്രധാനപ്പെട്ട ഇടപാടുകാരെല്ലാം 24% തുക വാങ്ങിക്കൊണ്ട് സെറ്റിൽ ചെയ്തു. കെ.എഫ്.സി പൂർണ്ണ പണം ആവശ്യപ്പെട്ടു. ചർച്ചകൾ ഇപ്പോഴും നടക്കുകയാണ്. ഇപ്പോൾ 52% തിരിച്ചു നൽകാമെന്നായിട്ടുണ്ട്. ഇതിനു പുറമേ അടുത്ത അഞ്ച് വർഷം റിലയൻസ് കമ്പനി ഏറ്റെടുത്ത പുതിയ ധനകാര്യ സ്ഥാപനം അടുത്ത അഞ്ച് വർഷം വരെ റിക്കവറി ചെയ്യുന്ന ആനുപാതിക അധിക തുകയുടെ 1% കെ.എഫ്.സിക്ക് നൽകാമെന്നും ഏറ്റിട്ടുണ്ട്. എങ്കിലും ഇപ്പോഴും ഒത്തുതീർപ്പിൽ എത്തിയിട്ടില്ല.
7) പ്രതിക്ഷനേതാവ് എന്നാലും ചോദിക്കുക 60 കോടി രൂപയും ഇത്രയും കാലത്തെ പലിശയും നഷ്ടമായില്ലേ എന്നായിരിക്കും. എത്ര നഷ്ടംവരുമെന്നുള്ളത് സെറ്റിൽമെന്റിൽ എത്തുമ്പോഴേ പറയാനാകൂ. ബിസിനസ് സ്ഥാപനമാകുമ്പോൾ ഉത്തമവിശ്വാസത്തോടെ എടുക്കുന്ന ചില തീരുമാനങ്ങളിൽ നഷ്ടം വരും. പക്ഷേ, യുഡിഎഫ് കാലത്തെ അപേക്ഷിച്ച് ഒരു വ്യത്യാസമുണ്ട്. മറ്റിടപാടുകളിൽ വലിയ ലാഭം കെ.എഫ്.സിക്ക് കൈവരിക്കാൻ കഴിഞ്ഞു. 2016-ൽ എൻപിഎ 10.5% ആയിരുന്നത് ഇന്നിപ്പോൾ 2.88% ആയി കുറഞ്ഞു. മൊത്തം നൽകുന്ന വായ്പ 2000 കോടിയിൽ നിന്ന് ഇന്നിപ്പോൾ 7000 കോടിയായി വർദ്ധിച്ചിട്ടുണ്ട്. ഈ കാലയളവിൽ 60 കോടി രൂപയുടെ റിലയൻസ് നിഷ്ക്രിയ ആസ്തിക്കടക്കമുള്ള ബാഡ് ഡെബ്റ്റ് പ്രൊവിഷണിംഗ് നടത്തിക്കഴിഞ്ഞിട്ടും കെ.എഫ്.സി 2023-24-ൽ മാത്രം 74 കോടി രൂപ ലാഭമുണ്ടാക്കി. ഒരു ധനകാര്യ സ്ഥാപനത്തെ വിലയിരുത്തുമ്പോൾ ഈ രണ്ട് വശങ്ങളും നോക്കണ്ടേ?
പ്രതിപക്ഷനേതാവിന്റെ അഴിമതി ആരോപണം അപഹാസ്യമാണ്. നബാർഡ് 1100 കോടി രൂപ നിക്ഷേപിച്ചിരുന്നു. മറ്റു ബാങ്കുകളുടെയെല്ലാംകൂടി നിക്ഷേപം 7000 കോടി വരും. ഇതെല്ലാം അഴിമതി ആയിരുന്നുവോ? റേറ്റിംഗ് കമ്പനികളെ എങ്ങനെയാണ് കെ.എഫ്.സി സ്വാധീനിച്ചത് എന്നതിനു തെളിവ് പ്രതിപക്ഷനേതാവ് ഹാജരാക്കണം. താല്പര്യമുള്ള ധനകാര്യസ്ഥാപനങ്ങളിൽ കെ.എഫ്.സി നടത്തിയ ഷോർട്ട് ടെണ്ടറിൽ റിലയൻസ് കമ്പനിക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്നതിനുള്ള ഉപജാപം എന്തായിരുന്നുവെന്നും വെളിപ്പെടുത്തണം.
ഉണ്ടയില്ലാതെ വെടിവയ്ക്കരുത്. നിശ്ചയമായും ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ പ്രസക്തമാണ്. അഴിമതി ആരോപണങ്ങൾ കൂട്ടിക്കുഴച്ച് അവയെ അപഹാസ്യമാക്കരുത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here