കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രതിയുടെ മാനസിക നില പരിശോധിച്ചതിൻ്റെ റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപിന്റെ ഹര്‍ജി.
കോട്ടയം കടുത്തുരുത്തി മുട്ടുചിറ സ്വദേശിനി ഡോ.വന്ദനദാസിനെ 2023 മെയ് 10ന് പുലർച്ചെ 4.30ന് ചികിത്സയ്ക്ക് എത്തിയ കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി സന്ദീപ് (42) കുത്തിക്കൊല്ലുകയായിരുന്നു. സമാനതകളില്ലാത്ത കൊലപാതകം, ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത കുറ്റ കൃത്യം എന്ന നിലയിൽ കണ്ടായിരുന്നു തുടർന്നുള്ള സർക്കാർ നടപടികൾ. കേസിന്റെ അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചിരുന്നു.
Read Also: ഡോ. വന്ദനാദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി
സംഭവം നടന്ന് 83-ാം ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എംഎം ജോസ് 1,050 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രത്തിൽ 136 സാക്ഷികളുണ്ട്. 110 തൊണ്ടിമുതല്‍ ഹാജരാക്കി. 200 രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചു. വന്ദനയുടെ കുടുംബത്തിന് സർക്കാർ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. ഡോ. വന്ദനയുടെ രക്ഷാകർത്താക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് അഡ്വ. പ്രതാപ് ജി പടിക്കലിനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here