ഡോ. ജോണ്‍ ബ്രിട്ടാസ് നന്നായി പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റേറിയനെന്ന് തെളിയിച്ച വ്യക്തിയെന്ന് ശശി തരൂര്‍ എംപി. പാര്‍ലമെന്റ് ഐടി സമിതി അധ്യക്ഷനായിരുന്ന ഘട്ടത്തില്‍ അതില്‍ അംഗമായിരുന്ന ബ്രിട്ടാസിന്റെ പ്രവര്‍ത്തനം തനിക്ക് നേരിട്ടറിയാം. പ്രധാന വിഷയങ്ങള്‍ ശക്തമായി കമ്മിറ്റിയില്‍ അവതരിപ്പിക്കുന്ന ആളാണ് ബ്രിട്ടാസ് എന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
ബ്രിട്ടാസിന്റെ കൂടി ഇടപെടല്‍ കൊണ്ട് കമ്മിറ്റിയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതുകൊണ്ടാകാം സര്‍ക്കാര്‍ തന്നെ ഐടി സമിതിയില്‍ നിന്നും മാറ്റിയതെന്നും തരൂര്‍ പറഞ്ഞു.സര്‍ക്കാരിനെതിരെ ശക്തമായ ചോദ്യങ്ങള്‍ ചോദിച്ചാലെ ജനാധിപത്യം മുന്നോട്ടുപോകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ നാല്‍പ്പതാമത് കേരള കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഫൊക്കാനയുടെ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ജോണ്‍ ബ്രിട്ടാസ് എംപിക്ക് ശശി തരൂര്‍ സമ്മാനിച്ചു. പ്രൗഡഗംഭീരവേദിയെ സാക്ഷിയാക്കി നിന്ന് ജോണ്‍ ബ്രിട്ടാസ് അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച പാര്‍ലമെന്റേറിയനുള്ള ഫൊക്കാനയുടെ പ്രഥമ പുരസ്‌കാരത്തിനാണ് ജോണ്‍ ബ്രിട്ടാസ് എംപി അര്‍ഹനായത്. ജോണ്‍ ബ്രിട്ടാസിന് പുരസ്‌കാരം നല്‍കാനായതില്‍ സന്തോഷമുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു.
അതേസമയം ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ എത്തിയശേഷമാണ് താന്‍ സഭാ നടപടികളില്‍ കൂടുതല്‍ ഇടപെട്ട് തുടങ്ങിയതെന്ന് ചടങ്ങില്‍ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവ് കൂടിയായ പിവി അബ്ദുള്‍ വഹാബ് എംപി പറഞ്ഞു. കഴിഞ്ഞ രണ്ടു ടേമില്‍ രാജ്യസഭയില്‍ സംസാരിച്ചതിനെക്കാള്‍ ബ്രിട്ടാസ് എന്റെ അടുത്ത് ഇരുന്നശേഷം ഇടപെടല്‍ കൂടിയെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു. ബ്രിട്ടാസ് അടുത്തിരുന്ന് ഒരോ കാര്യങ്ങളിലും ഇടപെടാന്‍ പറഞ്ഞുകൊണ്ടിരിക്കും. അത് വലിയ പ്രചോദമാണെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.ഫൊക്കാനയുടെ ആദരവിന് ചടങ്ങില്‍ ജോണ്‍ ബ്രിട്ടാസ് എംപി നന്ദി രേഖപ്പെടുത്തി. ശശി തരൂരില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചതോടെ പുരസ്‌കാരത്തിന്റെ മികവ് വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ഥത്തില്‍ ജനാധിപത്യത്തിന്റെ അടിത്തറ ശക്തമാകുന്നത് സര്‍ക്കാര്‍ പാര്‍ലമെന്റിന് വിധേയമായി പ്രവര്‍ത്തിക്കുമ്പോഴാണ്. ഇന്ന് അത്തരം ഒരു അവസ്ഥ ഉണ്ടോയെന്ന് ചോദിച്ചാല്‍ ഭരണകക്ഷി അംഗങ്ങള്‍ പോലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല. ഫൊക്കാന അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ ഇനി ഒരു മികച്ച പാര്‍ലമെന്റേറിയന്‍ ആകാനുള്ള അവസരം ഇന്ത്യയില്‍ സാധ്യമാകുമോ എന്നത് ഒരു വലിയ ചോദ്യമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ചടങ്ങില്‍ നയതന്ത്ര വിദഗ്ധന്‍ ടി.പി ശ്രീനിവാസന്‍, പ്രവാസി വ്യവസായി, ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, കലാ ഷാഫി എന്നിവര്‍ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here