തിരുത്തലിന് മടിയുള്ള സംഘടനയല്ല എസ്എഫ്ഐ, ഇപ്പോൾ നടക്കുന്ന മാധ്യമവേട്ട ഇല്ലാതാക്കുന്നതിനു വേണ്ടിയാണ്: ഡോ.തോമസ് ഐസക്

എസ്എഫ്ഐക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്കതിരെ പ്രതികരണവുമായി ഡോ. തോമസ് ഐസക്.കാമ്പസുകളിൽ അക്രമം നടത്തിയല്ല എസ്എഫ്ഐ വളർന്നത് എന്നും അക്രമത്തെ ചെറുത്തും പ്രതിരോധിച്ചുമാണ് എന്നും തോമസ് ഐസക് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. പൊലീസിന്റെ അകമഴിഞ്ഞ പിന്തുണയോടെ കാമ്പസിനകത്തും പുറത്തും അഴിഞ്ഞാടിയ ഗുണ്ടകളെയും അവരുടെ ഭരണസ്വാധീനത്തെയും അതിജീവിച്ചു വളർന്ന പ്രസ്ഥാനമാണത്. ഉയർത്തിപ്പിടിക്കുന്ന ആശയത്തിനുവേണ്ടി ഉയിരു കൊടുക്കാൻ മടിക്കാത്ത സഖാക്കളുടെ പോരാട്ടവീര്യമാണ് കാമ്പസുകളെ എസ്എഫ്ഐയുടെ കൊടിക്കീഴിലാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് ബംഗാളില്‍ കണ്ടെത്തി; വന്‍ അപകടം ഒഴിവായി

പഠിക്കുന്ന കാലത്തു തനിക്കെതിരെ ഉണ്ടായ വധശ്രമത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു.കൗമാരപ്രായത്തിൽ അനശ്വര രക്തസാക്ഷികളായി അമരത്വം നേടിയ പ്രിയസഖാക്കളുടെ ഓർമ്മകളുടെ വെളിച്ചമാണ് നിർഭയരായി വളരാനും സംഘടനാപ്രവർത്തനം നടത്താനും ഓരോ എസ്എഫ്ഐ സഖാവിനും പ്രചോദനമാകുന്നത്.എന്നാണ് അദ്ദേഹം കുറിച്ചത്.

ALSO READ: ഗുരുതര വീഴ്ച; നെയ്യാറ്റിന്‍കര ഡിഇഒ ഓഫീസില്‍ കൂട്ട സ്ഥലംമാറ്റം

ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്

ഇപ്പോൾ എസ്എഫ്ഐക്കെതിരെ ആക്രോശങ്ങളും ഉപദേശങ്ങളും എല്ലാമായി മാധ്യമ ആരവങ്ങളോടെ എല്ലാവരുംകൂടി അങ്ങ് ഇറങ്ങാൻ ഇപ്പോൾ എന്തുണ്ടായി? രണ്ട് സംഭവങ്ങളുണ്ടായി.
ഒന്ന്, കൊയിലാണ്ടി ഗുരുദേവ സെൽഫിനാൻസിംഗ് കോളേജിലെ പ്രിൻസിപ്പൽ എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് സ. അഭിനവിന്റെ ചെകിട് അടിച്ച് തകർത്തു. ഈ വിദ്യാർത്ഥി സംഘടനാ പ്രവർത്തകൻ ഇപ്പോഴും മെഡിക്കൽ കോളേജിലെ ചികിത്സയിലാണ്. കോളേജ് അഡ്മിഷൻ ദിവസം വിദ്യാർത്ഥി സംഘടനകൾ പുതിയതായി വരുന്ന വിദ്യാർത്ഥികൾക്കുവേണ്ട സഹായം ചെയ്തുകൊടുക്കുകയും തങ്ങളുടെ സംഘടനയിൽ ചേർക്കാൻ ശ്രമിക്കുകയും ചെയ്യുക പതിവാണ്. പലയിടത്തും ഹെൽപ്പ് ഡെസ്കുകൾ തയ്യാറാക്കി ഇരിക്കാറുമുണ്ട്. ഇവിടെ ഇതു സംബന്ധിച്ച് പ്രിൻസിപ്പലുമായി തർക്കവും തുടർന്ന് സംഘർഷവുമുണ്ടായി. അതാണ് വിദ്യാർത്ഥി മർദ്ദനത്തിൽ കലാശിച്ചത്. ഇതു സംബന്ധിച്ച് വ്യത്യസ്ത വസ്തുതാ വിവരണങ്ങളും അഭിപ്രായങ്ങളും ഉണ്ടാകാം. പക്ഷേ, എസ്എഫ്ഐക്കെതിരെ ഏകപക്ഷീയമായി ഒരു നരേറ്റീവ് ഉണ്ടാക്കുന്നതിനാണ് ശ്രമം.
രണ്ട്, കാര്യവട്ടം ക്യാമ്പസിലെ സംഘർഷവും സംഘട്ടനവും ഉണ്ടായി. ആരാണ് സൃഷ്ടിച്ചത്? നവാഗതരെ സ്വാഗതം ചെയ്യുന്നതിനു കാമ്പസ് അലങ്കരിച്ചുകൊണ്ടിരുന്ന എസ്എഫ്ഐ പ്രവർത്തകരെ പുറത്തുനിന്നും എത്തിയ കെ.എസ്.യുക്കാർ ആക്രമിച്ചു. ഹോസ്റ്റൽ റീഡിംഗ് റൂം തകർത്തു. എന്നിട്ട് കാമ്പസിലെ ഇടിമുറിയിൽ എസ്എഫ്ഐക്കാർ കൊണ്ടുപോയി മർദ്ദിച്ചൂവെന്ന് കഥ. രാത്രി പുറത്തുനിന്നുവന്ന കെ.എസ്.യുക്കാരെ വിട്ടയക്കണമെന്നു പറഞ്ഞ് പൊലീസ് സ്റ്റേഷനു മുന്നിൽ സംഘർഷം മൂർച്ഛിപ്പിച്ച് കോൺഗ്രസ് എംഎൽഎമാർ. കൊയിലാണ്ടിയിൽ കോളേജിൽ പുറത്ത്‌ നിന്നും വിദ്യാർത്ഥി പ്രവർത്തകർ എത്തുന്നത്‌ എസ്‌എഫ്‌ഐ ഭീകരത. കാര്യവട്ടത്ത് പുറത്ത് നിന്നും കെ.എസ്.യു പ്രവർത്തകർ രാത്രി എത്തിയത് ജനാധിപത്യ സംരക്ഷണം – ഇതാണ്‌ വലതുപക്ഷ ആഖ്യാനം.
പറഞ്ഞു പറഞ്ഞ് എസ്എഫ്ഐ ആക്രമണംമൂലമാണ് കേരളത്തിൽ നിന്നു വിദ്യാർത്ഥികൾ പുറത്തേക്ക് പലായനം ചെയ്യുന്നതെന്നു പറയാൻ വരെ ആളുണ്ടായി. എസ്എഫ്ഐക്കെതിരായി ഒരു പൊതുബോധം സൃഷ്ടിക്കുന്നതിന് വലിയൊരു ഐക്യമുന്നണി രൂപംകൊണ്ടിരിക്കുകയാണ്. അതിൽ എബിവിപിയും ജമാഅത്ത് ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും വിദ്യാർത്ഥി സംഘടനകളുണ്ട്. ഈ വർഗ്ഗീയ വിഷങ്ങളോട് ഒപ്പം ചേരുന്നതിനു കെ.എസ്.യുവിനും എംഎസ്എഫിനും ഒരു മടിയുമില്ല. മേൽപ്പറഞ്ഞ രണ്ട് സംഭവങ്ങൾ അടിസ്ഥാനമാക്കി ഇവരോടൊപ്പം ചേരാൻ എഐഎസ്എഫ് തുനിയുന്നതിന്റെ രാഷ്ട്രീയം എന്ത്?
കാമ്പസുകളിൽ അക്രമം നടത്തിയല്ല എസ്എഫ്ഐ വളർന്നത്. അക്രമത്തെ ചെറുത്തും പ്രതിരോധിച്ചുമാണ്. പോലീസിന്റെ അകമഴിഞ്ഞ പിന്തുണയോടെ കാമ്പസിനകത്തും പുറത്തും അഴിഞ്ഞാടിയ ഗുണ്ടകളെയും അവരുടെ ഭരണസ്വാധീനത്തെയും അതിജീവിച്ചു വളർന്ന പ്രസ്ഥാനമാണത്. ഉയർത്തിപ്പിടിക്കുന്ന ആശയത്തിനുവേണ്ടി ഉയിരു കൊടുക്കാൻ മടിക്കാത്ത സഖാക്കളുടെ പോരാട്ടവീര്യമാണ് കാമ്പസുകളെ എസ്എഫ്ഐയുടെ കൊടിക്കീഴിലാക്കിയത്.
കേരളത്തിലെ കാമ്പസുകളിൽ 35 എസ്എഫ്ഐ പ്രവർത്തകർ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. എന്റെ നേരെപ്പോലും പഠിക്കുന്ന കാലത്തു വധശ്രമം ഉണ്ടായിട്ടുണ്ട്. ഏതോ മഹാഭാഗ്യം കൊണ്ടാണ് ഞാൻ അന്ന് രക്ഷപ്പെട്ടത്. എന്നാൽ ഇതുവരെ ഒരു കെ.എസ്.യു പ്രവർത്തകരും പ്രതികാരമായിപ്പോലും വധിക്കപ്പെട്ടിട്ടില്ല. അവരുടെ ചോര എസ്എഫ്ഐയുടെ കൈകളിൽ ഇല്ല. കൗമാരപ്രായത്തിൽ അനശ്വര രക്തസാക്ഷികളായി അമരത്വം നേടിയ പ്രിയസഖാക്കളുടെ ഓർമ്മകളുടെ വെളിച്ചമാണ് നിർഭയരായി വളരാനും സംഘടനാപ്രവർത്തനം നടത്താനും ഓരോ എസ്എഫ്ഐ സഖാവിനും പ്രചോദനമാകുന്നത്.
ഇപ്പോഴത്തെ എസ്എഫ്ഐ വിരുദ്ധ ഹാലിളക്കം നടക്കുമ്പോൾ പ്രസിഡന്റ് അടക്കം എസ്എഫ്ഐ നേതാക്കൾ നീറ്റ്, നെറ്റ് അഴിമതിക്കെതിരെ സമരം ചെയ്ത് റിമാന്റിലാണ്. വിദ്യാഭ്യാസ രംഗത്തെ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കും കാവിവൽക്കരണത്തിനുമെതിരെയുള്ള കേരളത്തിലെ സമരങ്ങളുടെ മുന്നിൽ എസ്എഫ്ഐ ആണ്.
തിരുത്തേണ്ടതായിട്ടൊന്നും എസ്എഫ്ഐയിൽ ഇല്ലായെന്നു ഞാൻ കരുതുന്നില്ല. തെറ്റുകൾ തിരുത്തിത്തന്നെ പോകണം. അതിലും തർക്കമില്ല. ആ തിരുത്തലിന് മടിയുള്ള സംഘടനയല്ല എസ്എഫ്ഐ. പക്ഷേ, ഇപ്പോൾ നടക്കുന്ന മാധ്യമവേട്ട, അത്തരമൊരു തിരുത്തലിനു വേണ്ടിയല്ല. എസ്എഫ്ഐയെത്തന്നെ ഇല്ലാതാക്കുന്നതിനു വേണ്ടിയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News